കാസർകോട്ട് കൊവിഡ് ആശുപത്രി നിർമ്മാണത്തിനെത്തിയവർക്ക് രോഗബാധ
തെക്കിലിലെ ടാറ്റ കൊവിഡ് ആശുപത്രി നിർമ്മാണത്തിനെത്തിയവർക്കാണ് രോഗം. ഇതര സംസ്ഥാനക്കാരുൾപ്പെടെ അറുപതോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.
കാസർകോട്: കാസർകോട്ട് കൊവിഡ് ആശുപത്രി നിർമ്മാണത്തിനെത്തിയ നാല് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. തെക്കിലിലെ ടാറ്റ കൊവിഡ് ആശുപത്രി നിർമ്മാണത്തിനെത്തിയവർക്കാണ് രോഗം. ഇതര സംസ്ഥാനക്കാരുൾപ്പെടെ അറുപതോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.
അതേസമയം, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്‍റീനിൽ പോയ തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാൽ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സതീഷ് ചന്ദ്രൻ എന്നിവരുടെ കൊവിഡ് പരിശോധന ഫലം പുറത്തുവന്നു. പരിശോധന ഫലം നെഗറ്റീവാണ്.
അതിനിടെ, കാസർകോട്ട് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച മരിച്ച കാസർകോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കാസർകോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇയാള്‍ക്ക് ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. ഭാരത് ബീഡി കോൺട്രാക്ടറായ ശശിധരയുടെ സമ്പർക്ക പട്ടികയിൽ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ, കാസർകോട് കൊവിഡ് മരണം ആറായി.
Read Also: പരിയാരത്ത് ആശങ്കയേറുന്നു; മെഡിക്കൽ കോളേജില്‍ എട്ട് രോഗികൾക്ക് ഉൾപ്പടെ 11 പേർ കൊവിഡ്...