തിരുവനന്തപുരത്ത് ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം, കടകൾ ഒന്നിടവിട്ട ദിവസം തുറക്കാം
തിരുവനന്തപുരത്ത് നഗരാതിർത്തികളായ 20 റോഡുകൾ അടച്ചു. നഗരത്തിലേക്ക് ഇനി 6 എൻട്രി/ എക്സിറ്റ് റോഡുകൾ മാത്രം. അവയേതെല്ലാം? നിയന്ത്രണങ്ങൾ ഇങ്ങനെ. അറിയേണ്ടതെല്ലാം.
തിരുവനന്തപുരം: അർദ്ധരാത്രി 12 മണിയോടെ ട്രിപ്പിൾ ലോക്ക്ഡൗണിലാകുന്ന തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. വൈകിട്ടോടെ തന്നെ തിരുവനന്തപുരത്തെ പ്രധാനറോഡുകളിൽ പലതും അടച്ചുതുടങ്ങി. 21 സ്റ്റേഷൻ പരിധിയിലേക്കും കടക്കാനും പുറത്തേക്ക് പോകാനും രണ്ട് റോഡുകൾ മാത്രമേ തുറക്കൂ. പഴം, പച്ചക്കറി ഉൾപ്പടെ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിലേ തുറക്കാവൂ. തിരുവനന്തപുരത്ത് നഗരാതിർത്തികളായ 20 റോഡുകൾ അടച്ചു. നഗരത്തിലേക്ക് ഇനി 6 എൻട്രി/ എക്സിറ്റ് റോഡുകൾ മാത്രമേ ഉണ്ടാകൂ.
കഴക്കൂട്ടം വെട്ടുറോഡ്, മണ്ണന്തലയിലെ മരുതൂർ, പേരൂർക്കട - വഴയില, പൂജപ്പുര - കുണ്ടമൺകടവ്, നേമം - പള്ളിച്ചൽ, വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ ചപ്പാത്ത് എന്നിവ മാത്രമേ ഇനി നഗരാതിർത്തിയിൽ തുറക്കൂ. നഗരാതിർത്തിയിലെ ബാക്കിയെല്ലാ റോഡുകളും അടച്ചിടും.
തിരുവനന്തപുരത്തെ നിയന്ത്രണങ്ങൾ ഇങ്ങനെയാണ്:
- പഴം, പച്ചക്കറി, പാൽ, മത്സ്യ, മാംസവിൽപ്പന ശാലകൾ, ബേക്കറികൾ, കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകൾ ഒന്നിട വിട്ട ദിവസങ്ങളിൽ മാത്രം. ഇന്ന് തുറന്ന കടകൾ നാളെ തുറക്കരുത്. മറ്റന്നാളേ തുറക്കാവൂ.
- പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ
- റേഷൻ, പിഡിഎസ്, മാവേലി, സപ്ലൈകോ, മിൽമ ബൂത്തുകൾ എന്നിവ വൈകിട്ട് 5 മണി വരെ
- ഹോട്ടലുകളും റസ്റ്റോറന്‍റുകളും രാവിലെ 7 - വൈകിട്ട് 7.30 വരെ, ഹോം ഡെലിവറി മാത്രം, പാഴ്സൽ പാടില്ല
- പെട്രോൾ പമ്പ്, മെഡിക്കൽ സ്റ്റോർ, എടിഎം, ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ - സാധാരണ പോലെ
- ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 - ഉച്ച 2 മണി വരെ
- സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 - ഉച്ച 1 മണി വരെ
- ഇ-കൊമേഴ്സ് / ഡെലിവറി സ്ഥാപനങ്ങൾ രാവിലെ 7 - ഉച്ച 2 മണി വരെ മാത്രം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona