Covid 19 : ഡിസംബർ 8 ന് ശേഷം ഇതാദ്യം, ഒരു മാസത്തിൽ സംഭവിച്ചത്; കേസും ടിപിആറും കുതിക്കുന്നു, മൂന്നാം തരംഗം?
ഡിസംബർ എട്ടാം തിയതിയാണ് കേരളത്തിൽ ഇതിന് മുമ്പ് പ്രതിദിന കേസുകൾ അയ്യായിരം കടന്നത്. പിന്നീട് ഇത് ആയിരത്തി അഞ്ഞൂറിനടുത്തേക്ക് താഴ്ന്നിരുന്നു. എന്നാൽ കഴിഞ്ഞ പത്ത് ദിവസത്തിൽ കേസുകൾ കുത്തനെ കൂടുകയായിരുന്നു. ഡിസംബർ 27 ന് കേസുകളുടെ എണ്ണം 1636 മാത്രമായിരുന്നു
തിരുവനന്തപുരം: ഒമിക്രോൺ ഉയർത്തുന്ന കൊവിഡ് (Covid 19) മൂന്നാം തരംഗ ഭീഷണി കേരളത്തിൽ ശക്തമാകുന്നുവെന്നാണ് ഓരോ ദിവസത്തേയും കണക്കുകൾ വ്യക്തമാക്കുന്നത്. ഒരു മാസത്തിന് ശേഷം സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം അയ്യായിരം കടന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഒപ്പം തന്നെ ടെസ്റ്റ് പോസിറ്റിവിറ്റിയും കുതിച്ചുയരുകയാണ്. ഇന്ന് സംസ്ഥാനത്ത് 5296 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ടി പി ആർ എട്ടിന് മുകളിലായി. ടി പി ആർ പത്തിന് മുകളിലായാൽ മൂന്നാം തരംഗം സ്ഥിരീകരിക്കാമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടികാട്ടുന്നത്.
ഡിസംബർ എട്ടാം തിയതിയാണ് കേരളത്തിൽ ഇതിന് മുമ്പ് പ്രതിദിന കേസുകൾ അയ്യായിരം കടന്നത്. പിന്നീട് ഇത് ആയിരത്തി അഞ്ഞൂറിനടുത്തേക്ക് താഴ്ന്നിരുന്നു. എന്നാൽ കഴിഞ്ഞ പത്ത് ദിവസത്തിൽ കേസുകൾ കുത്തനെ കൂടുകയായിരുന്നു. ഡിസംബർ 27 ന് കേസുകളുടെ എണ്ണം 1636 മാത്രമായിരുന്നു. വലിയ ആശ്വാസത്തിലേക്ക് എന്ന് സംസ്ഥാനം നിനച്ചിരിക്കെയാണ് കേസുകളുടെ എണ്ണം കുതിച്ചുയർന്നത്. ജനുവരി 3 ന് രണ്ടായിരത്തി അഞ്ഞൂറ് കടന്ന കേസുകൾ കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തി അഞ്ഞൂറിന് മുകളിലായിരുന്നു. ഒമിക്രോൺ ഉയർത്തുന്ന മൂന്നാം തരംഗ ഭീഷണിയിലേക്കാണ് കേരളവും കടക്കുന്നതെന്നാണ് കണക്കുകളിലെ വർധനവ് സൂചിപ്പിക്കുന്നത്. കേരളത്തിലെ മൊത്തം ഒമിക്രോൺ കേസുകളുടെ എണ്ണം മുന്നൂറ് കടന്നുവെന്നതും ആശങ്ക വർധിപ്പിക്കുന്നതാണ്.
സംസ്ഥാനത്ത് 25 പേര്‍ക്കാണ് ഇന്ന് ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 3 പേര്‍ക്ക് വീതവുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ 23 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചു. മലപ്പുറം ജില്ലയിയിലുള്ള 42 വയസുകാരിക്കും തൃശൂര്‍ ജില്ലയിലുള്ള 10 വയസുകാരിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മലപ്പുറത്ത് 14 പേര്‍ യുഎഇയില്‍ നിന്നും 4 പേര്‍ ഖത്തറില്‍ നിന്നും, ആലപ്പുഴയില്‍ 2 പേര്‍ യുഎഇയില്‍ നിന്നും ഒരാള്‍ സൗദി അറേബ്യയില്‍ നിന്നും, തൃശൂരില്‍ ഒരാള്‍ ഖത്തറില്‍ നിന്നും ഒരാള്‍ യുഎസ്എയില്‍ നിന്നും വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 305 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 209 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. 32 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
അതേസമയം മൂന്നാം തരംഗ ഭീഷണിയിലേക്ക് സംസ്ഥാനം കടന്നതോടെ നിയന്ത്രണങ്ങളും കടുപ്പിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ടാണ്. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരമാണ് നടപടിയെന്നും അവർ അറിയിച്ചു. 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീനും തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.
നേരത്തെ ലോ റിസ്‌ക് രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനാല്‍ അവര്‍ക്കും ഹോം ക്വാറന്റൈന്‍ വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നു. എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്നിങ്ങനെ തിരിച്ചാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തും. നെഗറ്റീവായാല്‍ 7 ദിവസം ഹോം ക്വാറന്റീനും എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം. നെഗറ്റീവായാല്‍ വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണം. കൊവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നതാണ്. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നതാണ്. സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കുകയും ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഡിസ്ചാര്‍ജ് ചെയ്യാനുമാണ് തീരുമാനം.