രോഗികളുടെ എണ്ണം കൂടിയാലും കേരളം പിടിച്ചുനില്‍ക്കും; എണ്ണം നിയന്ത്രിക്കാമെന്ന് വിദഗ്ധർ
ആദ്യഘട്ടത്തിൽ രോഗം ബാധിച്ചവരിൽ 99 ശതമാനവും രോഗമുക്തി നേടിയതാണ് കേരളത്തിന്റെ നേട്ടം. രോഗബാധിതരുടെ പ്രായമാണ് ഇതിൽ ഏറ്റവും അനുകൂലഘടകമായത്.
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കൂടിയാലും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം നിയന്ത്രിക്കാനായാൽ കേരളത്തിന് പിടിച്ചുനിൽക്കാനാകുമെന്ന് ആരോഗ്യവിദഗ്ധർ. ആശുപത്രികൾക്ക് താങ്ങാനാകാത്ത വിധം രോഗികൾ എത്തുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
എത്രപേർക്ക് രോഗം ഉണ്ടാകുന്നു എന്നതിനേക്കാൾ ആർക്ക് രോഗം ഉണ്ടാകുന്നു എന്നതാണ് പ്രധാനമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ആദ്യഘട്ടത്തിൽ രോഗം ബാധിച്ചവരിൽ 99 ശതമാനവും രോഗമുക്തി നേടിയതാണ് കേരളത്തിന്റെ നേട്ടം. രോഗബാധിതരുടെ പ്രായമാണ് ഇതിൽ ഏറ്റവും അനുകൂലഘടകമായത്. ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ചവരിൽ 70 ശതമാനമായിരുന്നു പ്രവാസികൾ. ഇവരിൽ 98 ശതമാനവും 60 വയസിന് താഴെയുളളവരാണ്. ഇവരിൽ രണ്ട് ശതമാനം ആളുകള്‍ മാത്രമേ ഗുരുതരാവസ്ഥയിലായുളളൂ.
സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ 30 ശതമാനം പേരിൽ പകുതിയോളവും പ്രായാധിക്യമുളളവരായിരുന്നു. ഇവരാണ് ഗുരുതരാവസ്ഥയിലായതും. ഒന്നര ലക്ഷത്തോളം പേരെ ചികിത്സിക്കാൻ സംസ്ഥാനത്തെ ആശുപത്രികൾ സജ്ജമാണ്. വെന്റിലേറ്റർ സൗകര്യമുളള അയ്യായിരത്തോളം ഐസിയു കിടക്കകളുമുണ്ട്. രോഗികൾ കൂടിയാലും ആശുപത്രികളിലേക്ക് എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതാണ് പ്രധാനം.