14 രോഗികൾക്കും 10 കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ്; ആശങ്ക കനത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ്

ഡോക്ടർമാർ അടക്കം ആരോഗ്യപ്രവര്‍ത്തകർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് വലിയ ആശങ്കയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടാക്കിയിട്ടുള്ളത്. 

covid 19 confirmed for patients trivandrum medical college crisis

തിരുവനന്തപുരം: . തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കടുത്ത പ്രതിസന്ധി.  14 രോഗികൾക്കും 10 കൂട്ടിരിപ്പുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  ശസ്ത്രക്രിയാ വാർഡിൽ നിന്നുണ്ടായ വ്യാപനത്തെത്തുടർന്ന് കൂടുതൽ വിഭാഗങ്ങൾ അടച്ചിടൽ ഭീഷണിയിലാണ്.  സംസ്ഥാനത്താകെ മെഡിക്കൽ കോളേജ് ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം വലിയ ആശങ്കയാണുണ്ടാക്കുന്നത്.

7 ഡോക്ടർമാരടക്കം 20 ആരോഗ്യപ്രവർത്തകർക്കായിരുന്നു ഇന്നലെവരെ കോവിഡ് സ്ഥിരീകരിച്ചത്.  ഇതിന് പുറമെയാണ് ആശങ്ക കൂൂട്ടി 14 രോഗികൾക്കും 10 കൂട്ടിരിപ്പുകാർക്കും ഇന്ന് രോഗം റിപ്പോർട്ട് ചെയ്തത്.   വൃക്കരോഗികൾ, ശസ്ത്രക്രിയ കഴിഞ്ഞവർ അടക്കം കഴിഞ്ഞ വാർഡിലാണ് രോഗബാധയുണ്ടായത് എന്നതാണ് പ്രശ്നം. ഇനിയും കൂടുതൽ പേരുടെ ഫലം വരാനുണ്ട്. 17,18,19 വാ‍ർഡുകൾ അടച്ചു. 

അതേസമയം ഔദ്യോഗിക കണക്കുകൾ നൽകാനാവില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ നിലപാട്. മറ്റ് മെഡിക്കൽ കോളേജ് ആശുപത്രികളിലും സമാന ആശങ്ക നിലനിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

പരിശോധനക്കെത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്  കോട്ടയം മെഡിക്കൽ കോളേജിലെ ഏഴാം വാർഡ് ഉൾപ്പെടുന്ന നേത്രരോഗ വിഭാഗം അടച്ചു.  ഡോക്ടർമാരും ജീവനക്കാരും നിരീക്ഷണത്തിൽ പോയി.  അസ്ഥിരോഗ വിഭാഗം ഡോക്ടർമാർ ഉൾപ്പടെ 20 പേരും നിരീക്ഷണത്തിലാണ്.     തൃശൂർ മെഡിക്കൽ കോളേജിൽ 25 ഡോക്ടർമാർ ഉൾപ്പെടെ 55 ജീവനക്കാർ നിരീക്ഷണത്തിലാണ്. 

നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൃക്കരോഗ വിഭാഗം  വാർഡ് അടച്ചു. എന്നാൽ നിലവിൽ വാർഡിലുള്ള രോഗികൾ തുടരും.  ഒ.പി യ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഡോക്ടർമാരും നഴ്സുമാരും അടക്കം 24 പേർ നിരീക്ഷണത്തിലാണ്.

കണ്ണൂ‍ർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെയും പിജി വിദ്യാർത്ഥിയെയുംരോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ജോലിചെയ്ത  50 ആരോഗ്യപ്രവർത്തകരെ നിരീക്ഷണത്തിലാക്കി. കൊവിഡ് ഇതര ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കക്കൊപ്പം, ശസ്ത്രക്രിയ കഴിഞ്ഞവരും ചികിത്സക്കെത്തുന്നവരും അടക്കമുള്ളവരിലേക്ക് വ്യാപനം തുടരുന്നത് ഗുരുതര പ്രതിസന്ധിയാണ്  സൃഷ്ടിക്കുന്നത്.

 

Latest Videos
Follow Us:
Download App:
  • android
  • ios