മോതിരം കൈമാറി, താലികെട്ടി, മാലയിട്ടു; ശരത്തിനും അഭിരാമിക്കും കൊവിഡ് വാർഡിൽ മാംഗല്യം
മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡ് ഇന്നൊരു വിവാഹ വേദിയായി. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൈനകരി സ്വദേശി ശരത്തിൻ്റെയും തെക്കൻ ആര്യാട് സ്വദേശിനി അഭിരാമിയുടെയും വിവാഹം ആണ് പ്രോട്ടോക്കോൾ പാലിച്ച് നടന്നത്.
ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡ് ഇന്നൊരു വിവാഹ വേദിയായി. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൈനകരി സ്വദേശി ശരത്തിൻ്റെയും തെക്കൻ ആര്യാട് സ്വദേശിനി അഭിരാമിയുടെയും വിവാഹം ആണ് പ്രോട്ടോക്കോൾ പാലിച്ച് നടന്നത്. നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താനുള്ള ഇരു കുടുംബങ്ങളുടെയും ആഗ്രഹത്തിന് ജില്ലാ ഭരണകൂടം അനുമതി നൽകിയതോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രി വിവാഹ വേദിയായിത്.
വണ്ടാനം മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡ് കുറച്ച് സമയത്തേക്ക് ഒരു കതിർമണ്ഡപമായി മാറി. കൊട്ടും കുരവയും ഒന്നുമില്ലാതെ ശരത് മോൻ അഭിരാമിയെ ജീവിത സഖിയാക്കി. ഉച്ചയ്ക്ക് 12 നും 12.15 നും ഇടയിലായിരുന്നു മുഹൂർത്തം. ചടങ്ങിനായി വധുവും അടുത്ത ബന്ധുവും മാത്രമാണ് ആശുപത്രിയിലെത്തിയത്. ഇരുവരും പിപിഇ കിറ്റ് ധരിച്ച് അകത്തേക്കെത്തി. പ്രവാസിയായ ശരത്തിന് വിവാഹ ഒരുക്കങ്ങൾക്കിടെയാണ് രോഗം സ്ഥിരീകരിച്ചത്. ശരത്തിൻ്റെ അമ്മ ജിജിയും ഇതേ വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്നു.
കൊവിഡ് വാർഡിലെ ജീവനക്കാർ ഒരുക്കിയ സ്ഥലത്ത് ശരത്തിനും അഭിരാമിക്കും അപൂർവ്വ മംഗല്യം. ചടങ്ങിന് ശരത്തിൻ്റെ അമ്മയും വധുവിൻ്റെ ബന്ധുവും മാത്രം സാക്ഷികൾ. കുറഞ്ഞ സമയത്തിനുള്ളിൽ ചടങ്ങ് പൂർത്തിയാക്കി വധുവും ബന്ധുവും പുറത്തേക്ക്. ചടങ്ങ് പൂർത്തിയാക്കി വധു സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇനി കൊവിഡിനെ അതിജീവിച്ച ഉള്ള ശരത്തിന്റെ വരവിനായി കാത്തിരിപ്പ്.