മണ്‍സൂണ്‍ ബംപര്‍: അഞ്ച് കോടി സമ്മാനം കിട്ടിയ ലോട്ടറി മോഷ്ടിച്ച് ബാങ്കില്‍ ഏല്‍പിച്ചതായി പരാതി

കോഴിക്കോട് പുതിയങ്ങാടിയില്‍ താമസിക്കുന്ന മുനിയനാണ് കണ്ണൂര്‍ സ്വദേശി അജിതനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. 

controversy over monsoon bumper lottery ticket whic won the five crore rupees

കണ്ണൂര്‍: മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മോഷണം പോയെന്ന പരാതിയുമായി കോഴിക്കോട് സ്വദേശി തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വച്ച് ടിക്കറ്റ് സൂക്ഷിച്ച പഴ്സ് മോഷണം പോയെന്നാണ് കോഴിക്കോട് പുതിയങ്ങാടി സ്വദേശി മുനിയന്‍ തളിപ്പറമ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 

തനിക്ക് സമ്മാനം ലഭിച്ച ടിക്കറ്റുമായി മറ്റൊരാള്‍ ഒന്നാം സമ്മാനം നേടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സമ്മാനം ലഭിച്ച ടിക്കറ്റ് ഇയാള്‍ കണ്ണൂര്‍ പുതിയതെരുവിലെ കാനറ ബാങ്കില്‍ ഏല്‍പിച്ചെന്നും പരാതിയില്‍ മുനിയന്‍ പറയുന്നു. പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍ ആണ് ടിക്കറ്റ് കളവ് പോയതെന്നും പരാതിയിലുണ്ട്. ലോട്ടറി ടിക്കറ്റ് വാങ്ങിയ ഉടന്‍ തന്നെ പിറകില്‍ തന്‍റെ പേര് എഴുതി വച്ചിരുന്നു എന്നാല്‍ ഈ പേര് മായ്ച്ചു കളഞ്ഞാണ് ടിക്കറ്റ് ബാങ്കില്‍ ഏല്‍പിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നു. 

സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ പറശ്ശിനിക്കടവ് സ്വദേശിയായ അജിതനാണ് മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കിയത്. ഇയാള്‍ക്കെതിരെയാണ് മുനിയന്‍റെ പരാതി. ഗുരുതര ആരോപണമായതിനാല്‍ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.  സംഭവത്തില്‍ ലോട്ടറി വിറ്റ ഏജന്‍റില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. അന്വേഷണവിവരങ്ങള്‍ അതീവരഹസ്യമായാണ് പൊലീസ് സൂക്ഷിക്കുന്നത്. 

കഴിഞ്ഞ ജൂലൈ 20-നാണ് മണ്‍സൂണ്‍ ബംപറിന്‍റെ നറുക്കെടുപ്പ് നടന്നത്. ME 174253 എന്ന കണ്ണൂരില്‍ വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. അഞ്ച് കോടി രൂപയാണ് മണ്‍സൂണ്‍ ബംപറിന്‍റെ ഒന്നാം സമ്മാനം. പൊലീസ് കേസെടുത്ത സ്ഥിതിക്ക് അജിതന് ഒന്നാം സമ്മാനം കൈമാറുന്നത് ലോട്ടറി വകുപ്പ് മരവിപ്പിച്ചേക്കും എന്നാണ് സൂചന.


 

Latest Videos
Follow Us:
Download App:
  • android
  • ios