Asianet News MalayalamAsianet News Malayalam

പാലക്കാട്ടെ ഷാഫിക്കെതിരെയുള്ള പടനീക്കം; തിരിച്ചടിക്കുമെന്ന് കണക്കുകൂട്ടൽ, അനുനയിപ്പിക്കാനൊരുങ്ങി നേതൃത്വം

ഷാഫി സ്വന്തം തീരുമാനങ്ങൾ പാർട്ടിക്കുമേൽ അടിച്ചേൽപ്പിക്കുന്നുവെന്നാണ് ഒരു വിഭാഗത്തിൻ്റെ പരാതി ഉയർന്നത്. തെര‍ഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാവാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് അനുനയ നീക്കവുമായി നേതൃത്വം രം​ഗത്തെത്തുന്നത്.

Congress leadership with efforts to solve problems within Palakkad Congress
Author
First Published Oct 21, 2024, 7:31 AM IST | Last Updated Oct 21, 2024, 7:34 AM IST

പാലക്കാട്: പാലക്കാട് കോൺഗ്രസിനകത്തെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളുമായി കോൺ​ഗ്രസ് നേതൃത്വം. ഷാഫി പറമ്പിലിനെതിരെ പൊട്ടിത്തെറിച്ച ഡിസിസി സെക്രട്ടറി ഷിഹാബുദ്ദീനുമായി സംസാരിക്കാനാണ് പ്രതിപക്ഷ നേതാവിൻ്റെ ശ്രമം. നിയോജക മണ്ഡലം കൺവെൻഷനിൽ പങ്കെടുക്കാൻ കെപിസിസി അധ്യക്ഷനും, വിഡി സതീശനും ഇന്ന് പാലക്കാട് എത്തും. കൺവെൻഷനോടെ ഒറ്റക്കെട്ടായി നീങ്ങാനാകുമെന്നാണ് നേതൃത്വം കരുതുന്നത്. ഷാഫി സ്വന്തം തീരുമാനങ്ങൾ പാർട്ടിക്കുമേൽ അടിച്ചേൽപ്പിക്കുന്നുവെന്നാണ് ഒരു വിഭാഗത്തിൻ്റെ പരാതി ഉയർന്നത്. തെര‍ഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാവാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് അനുനയ നീക്കവുമായി നേതൃത്വം രം​ഗത്തെത്തുന്നത്.

ഷാഫി മറ്റുള്ളവരെ വളരാൻ വിടുന്നില്ലെന്ന് കെപിസിസിക്ക് പരാതി നൽകിയിരിക്കുകയാണ് ഡിസിസി സെക്രട്ടറി ഷിഹാബുദ്ദീൻ. ഷാഫിക്കെതിരെ സംസാരിച്ച് പാർട്ടി വിട്ടവ‍ർ പറയുന്നത് ഗൗരവമുള്ള കാര്യങ്ങളാണെന്ന് ഡിസിസി സെക്രട്ടറി ഷിഹാബുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്താക്കിയ നേതാവ് എകെ ഷാനിബും ഷാഫിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

നേതൃത്വം ഇടപെട്ട് തിരുത്തിയില്ലെങ്കിൽ വൻ പ്രത്യാഘാതം ഉണ്ടാകും. കഴിവുള്ള ചെറുപ്പക്കാരെ നിഷ്കാസനം ചെയ്യുന്ന സമീപം ഉണ്ട്. ചെറുപ്പക്കാർ പാതിവഴിയിൽ രാഷ്ട്രീയം ഉപേക്ഷിക്കുന്ന സാഹചര്യമാണെന്നും ഷിഹാബുദ്ദീൻ പറ‍ഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചൂടേറിയ ചർച്ചയിലേക്ക് കടക്കുന്നതിനിടെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കിയ എകെ ഷാനിബും മത്സര രം​ഗത്തേക്ക് എത്തുന്നുവെന്നാണ് പുതിയ വാർത്ത. പാലക്കാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നും ഇന്ന് തീരുമാനം എടുക്കുമെന്നും  എകെ ഷാനിബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിളിച്ചവരുമായി സംസാരിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും ഷാനിബ് പറയുന്നു.  

ഒരുപാട് പ്രവർത്തകർ തന്നെ വിളിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിന്റെ ചിത്രം പ്രൊഫൈൽ ആക്കിയ ആള് വരെയുണ്ട് ആ കൂട്ടത്തിൽ. ഇനിയും കുറെ പേർ പുറത്ത് വരും. പാർട്ടിക്കുള്ളിൽ നേതൃത്വം ഇല്ല, സതീശനും ഷാഫിയുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും എകെ ഷാനിബ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയായ എകെ ഷാനിബിനെ കോൺ​ഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു. സംഘടനാ വിരുദ്ധപ്രവർത്തനവും അച്ചടക്കലംഘനവും കാട്ടിയതിനെ തുടർന്ന് കോൺ​ഗ്രസിൻ്റെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും പുറത്താക്കിയതായി പാലക്കാട് ജില്ലാ കമ്മിറ്റി അറിയിച്ചത്. കോൺ​ഗ്രസിനെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് എകെ ഷാനിബ് ഉന്നയിച്ചത്. ഉപതെര‍ഞ്ഞെടുപ്പ് പ്രചാരണം നടന്നുകൊണ്ടിരിക്കെ സരിന് പിന്നാലെ എകെ ഷാനിബും പരസ്യമായി രം​ഗത്തുവന്നത് കോൺ​ഗ്രസിനെ വെട്ടിലാക്കിയിരുന്നു. 

തുടർ ഭരണം സിപിഎം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും പാലക്കാട് - വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും എകെ ഷാനിബ് ആരോപിച്ചിരുന്നു. ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ മുരളീധരെന്നും കരാറിൻ്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നതെന്നും ഷാനിബ് പറഞ്ഞു. ആറന്മുളയിൽ അടുത്ത തെരെഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും. അതിന് വലിയ വില കൊടുക്കേണ്ടി വരുന്നു. താൻ സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും ഷാനിബ് വ്യക്തമാക്കി. ഡ‍ോ. പി സരിൻ്റെ വിജയത്തിനായി ഇനി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പാലക്കാട് ഒരു സമുദായത്തിൽപെട്ട നേതാക്കളെ കോൺഗ്രസ് പൂർണമായും തഴയുകയാണെന്ന് ഷാനിബ് വിമ‍ർശിച്ചു. ആ സമുദായത്തിൽ നിന്ന് താൻ മാത്രം മതി നേതാവെന്നാണ് ഷാഫി പറമ്പിലിൻ്റെ നിലപാട്. എതിർ നിലപാട് പറഞ്ഞാൽ ഫാൻസ് അസോസിയേഷൻകാരെക്കൊണ്ട് അപമാനിക്കും. ഷാഫി പറമ്പിലിനു വേണ്ടി യൂത്ത് കോൺഗ്രസ് തെരെഞ്ഞടുപ്പ് രീതി തന്നെ മാറ്റി. ഉമ്മൻ ചാണ്ടി അസുഖബാധിതനായതോടെയാണ് ഷാഫി പറമ്പിൽ കൂടുതൽ തലപൊക്കിയത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഉമ്മൻചാണ്ടി ഷാഫി പറമ്പിലിനെ അറിയിച്ചു. ഷാഫി പറമ്പിൽ അത് അട്ടിമറിച്ച് വിഡി സതീശനൊപ്പം നിന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി വിഡി സതീശൻ ആർഎസ്എസിൻ്റെ കാല് പിടിക്കുകയാണെന്ന് പറഞ്ഞ ഷാനിബ് വാർത്താസമ്മേളനത്തിനിടെ വിതുമ്പി.

വ്യക്തിപരമായ നേട്ടത്തിനല്ല പാർട്ടി വിടുന്നത്. ഉമ്മൻചാണ്ടി സാറ് പോയ ശേഷം പാർട്ടിയിൽ പരാതി പറയാൻ ആളില്ലാത്ത സ്ഥിതിയാണ്. പരാതി പറയുമ്പോൾ അത് കേൾക്കാനാളില്ല. നിവൃത്തികേട് കൊണ്ടാണ് പലരും പാർട്ടിയിൽ മിണ്ടാതെ നിൽക്കുന്നത്. രാഷ്ട്രീയ വഞ്ചനയുടെ കഥയാണ് ഈ പാർട്ടിയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ പാലക്കാട്ടെ പല കോൺഗ്രസ് നേതാക്കൾക്കും എതിർപ്പുണ്ട്. ഉപതെരെഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ തോൽക്കും. കോൺഗ്രസ് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഡോ. പി സരിനെ പിന്തുണക്കും. സിപിഎമ്മിലോ മറ്റേതെങ്കിലും പാ‍ർട്ടിയിലോ ഇപ്പോൾ ചേരാൻ തീരുമാനിച്ചിട്ടില്ലെന്നും ഷാനിബ് വ്യക്തമാക്കി. 

കടൽ കടന്നും പാലക്കാടൻ ചൂട്; ഷാർജയിലെ വേദിയിൽ എംബി രാജേഷും വികെ ശ്രീകണ്ഠനും, ചടങ്ങിനെത്തി സൗമ്യ സരിനും

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios