Asianet News MalayalamAsianet News Malayalam

'ഒരുനേരം ഭക്ഷണം കഴിക്കാൻ കഷ്ടപ്പെട്ട ബാല്യം, ആരുടെയും ഉള്ള് പിടയും...'; കാന്തപുരത്തെ കുറിച്ച് ടി എൻ പ്രതാപൻ

ഒരിക്കൽ ഒരുനേരം ഭക്ഷണം കഴിക്കാൻ കഷ്ടപ്പെട്ട ആ ബാല്യത്തിൽ നിന്ന് പതിനായിരക്കണക്കിന് ആളുകൾക്ക് ഭക്ഷണവും വിദ്യാഭ്യാസവും നൽകുന്ന മഹാമനീഷിയെ ആഴത്തിൽ വായിച്ചു തുടങ്ങുകയാണെന്നും ടി എൻ പ്രതാപൻ കുറിക്കുന്നു.

childhood of struggling to get food TN Prathapan about Kanthapuram A P  Aboobacker Musliyar
Author
First Published Jun 30, 2024, 7:32 PM IST

തൃശൂര്‍: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിന്‍റെ കുട്ടിക്കാലത്തെ കുറിച്ചുള്ള ഓർമ്മകളെ കുറിച്ചുള്ള പുസ്തകം വായിച്ചതിന്‍റെ അനുഭവം പങ്കുവെച്ച് കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ. കാന്തപുരം ഉസ്താദിന്റെ കുട്ടിക്കാലത്തെ കുറിച്ചുള്ള ഓർമ്മകൾ വായിക്കുമ്പോൾ ആരുടെയും ഉള്ളൊന്ന് പിടയുമെന്ന് പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചു. ഒരിക്കൽ ഒരുനേരം ഭക്ഷണം കഴിക്കാൻ കഷ്ടപ്പെട്ട ആ ബാല്യത്തിൽ നിന്ന് പതിനായിരക്കണക്കിന് ആളുകൾക്ക് ഭക്ഷണവും വിദ്യാഭ്യാസവും നൽകുന്ന മഹാമനീഷിയെ ആഴത്തിൽ വായിച്ചു തുടങ്ങുകയാണെന്നും ടി എൻ പ്രതാപൻ കുറിക്കുന്നു.

ടി എൻ പ്രതാപന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

വിശ്വാസപൂർവ്വം വായിച്ചുതുടങ്ങി. നാലാമത്തെ അധ്യായമെത്തിയപ്പോഴേക്കും ഇങ്ങനെ ഒരു കുറിപ്പെഴുതണമെന്ന് തോന്നി. ഇന്ന് ലോകമറിയുന്ന, ലോകമുസ്‌ലിം നേതാക്കളിലെ പണ്ഡിത ശ്രേഷ്ഠനായ കാന്തപുരം ഉസ്താദിന്റെ കുട്ടിക്കാലത്തെ കുറിച്ചുള്ള ഓർമ്മകൾ വായിക്കുമ്പോൾ ആരുടെയും ഉള്ളൊന്ന് പിടയും. മധ്യപൂർവ്വേഷ്യയിലെ സുൽത്താന്മാരുടെ കൊട്ടാരങ്ങളിൽ വരെ അതിഥിയായി ആനയിക്കപ്പടുന്ന, നയതന്ത്ര പരിരക്ഷകളുടെ സ്വീകരണങ്ങളാൽ ആനയിക്കപ്പെടുന്ന ഇന്ത്യയുടെ ഗ്രാന്റ് മുഫ്തി കടന്നുവന്ന കനൽപഥങ്ങളെ കുറിച്ച് വായിക്കുമ്പോഴാണ് കാന്തപുരം എന്ന ‘പ്രസ്ഥാനം’ എങ്ങനെ രൂപപ്പെട്ടു എന്ന് മനസ്സിലാക്കാനാവുന്നത്. 

ഒരിക്കൽ ഒരുനേരം ഭക്ഷണം കഴിക്കാൻ കഷ്ടപ്പെട്ട ആ ബാല്യത്തിൽ നിന്ന് പതിനായിരക്കണക്കിന് ആളുകൾക്ക് ഭക്ഷണവും വിദ്യാഭ്യാസവും നൽകുന്ന മഹാമനീഷിയെ ആഴത്തിൽ വായിച്ചു തുടങ്ങുകയാണ്. ഉസ്താദിന്റെ ഉപ്പയും ഉമ്മയും നൽകിയ ജീവിതപാഠങ്ങളെ അത്രമേൽ ഹൃദയഹാരിയായി നമുക്ക് വായിക്കാം. ഇല്ലായ്മയുടെ പകലിരവുകളിലും സാമൂഹ്യ സേവനത്തിന്റെ, സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി ഉസ്താദിന്റെ ഉപ്പ വഴികാട്ടി. ജന്മി-കുടിയാൻ വ്യവസ്ഥിതിയുടെ നാട്ടാചാരങ്ങളാൽ വറുതിയിൽ പിണഞ്ഞുപോയതായിരുന്നു ഉസ്താദിന്റെ കുടുംബം. റൊക്കം പണം കൊടുത്ത് പറമ്പ് വാങ്ങിയിട്ടും പറമ്പിലെ ആദായങ്ങൾ ആസ്വദിക്കാൻ വിലക്കുണ്ടായിരുന്നു. മുൻഉടമസ്ഥൻ പൂർണ്ണതൃപ്തിയോടെ എല്ലാം വകവെച്ചു തരുംവരെ കുടിയാന്മാരെ പോലെ തന്നെ തുടരാൻ തീരുമാനിച്ച, അനർഹമായ ഒന്നും തന്നെ താനും കുടുംബവും ഭക്ഷിക്കരുതെന്ന് ദൃഢനിശ്ചയം ഉസ്‌താദിന്റെ ഉപ്പാക്കുണ്ടായിരുന്നു. 

ഇത് വായിച്ചപ്പോൾ എന്റെ കുട്ടിക്കാലത്തെ ഒരുപാടോർമ്മകളിലേക്ക് എന്റെ ആലോചനകൾ തിക്കിത്തിരക്കി. ഒരു പട്ടിണിക്കാലത്ത് ഞാൻ ഐശുമ്മാടെ തൊടിയിൽ നിന്ന് ഒരു മൂട് കപ്പ പറിച്ചെടുത്തു. വീട്ടിലെത്തിയപ്പോൾ അമ്മ ഒരുപാട് ദേഷ്യപ്പെട്ടു. പട്ടിണികിടന്ന് മരിക്കേണ്ടി വന്നാലും ഉടമസ്ഥനോട് ചോദിക്കാതെ അപരന്റെ മുതലുകൊണ്ട് വയറുനിറക്കാൻ തയ്യാറല്ലായിരുന്നു എന്റെ അമ്മ. ഞാൻ കപ്പയുമായി തിരികെ ഐശുമ്മയുടെ വീട്ടിലെത്തി. കരഞ്ഞു തളർന്ന എന്നെയും വിളിച്ച് കപ്പയുമായി ഐശുമ്മ എന്റെ അമ്മയുടെ അടുത്തെത്തി. “കാളിക്കുട്ട്യേ, എന്റെ തൊടുവിലെ എന്തും ചോദിക്കാതെ എടുക്കാൻ അധികാരമുള്ളവരാണ് നിങ്ങൾ. കുട്ടികളെ ഊട്ടാൻ ഒന്നുമില്ലെങ്കിൽ ഒന്നുപറഞ്ഞൂടെ നിനക്ക്.” അമ്മയുടെ കണ്ണുകൾ നിറഞ്ഞു. ഐശുമ്മ എന്നെ ചേർത്തുപിടിച്ചു. എനിക്ക് അന്നാ കുട്ടിക്കാലത്ത് വിശപ്പിന്റെ കാഠിന്യം മാത്രമാണ് മനസ്സിലായത്. 

മറ്റൊരു സന്ദർഭത്തിൽ പറമ്പിലെ ചക്കരമാവിൽ നിന്ന് കൊഴിഞ്ഞു വീഴുന്ന മാമ്പഴം പോലും വിലക്കിയ മുതലാളിയുടെ വീട്ടിലെ കുട്ടികളോട് എതിരിടുന്ന ഉസ്താദിന്റെ ബാല്യം നമുക്ക് വായിക്കാം. വിശ്വാസം. പടച്ചവനിലുള്ള വിശ്വാസം. മാതാപിതാക്കൾ ജീവിച്ചു കാണിച്ച അചഞ്ചലമായ വിശ്വാസം. അതാണ് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ വാർത്തെടുത്തതെന്ന് അടിവരയിടുന്നു ഈ അധ്യായം. സ്വന്തം പറമ്പിലെ തേങ്ങകൾ പോലും ഉപയോഗിക്കാൻ പറ്റാതെ വിഷമിക്കുന്ന ഉസ്താദിന്റെ ഉമ്മയെ കാണുമ്പോൾ “നിങ്ങൾ റൊക്കം കാശ് കൊടുത്തുവാങ്ങിയ പറമ്പല്ലേ ഇത്. എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നതെന്ന് ചോദിക്കുന്ന ഉമ്മയുടെ കൂട്ടുകാരി നാരായണികുട്ടി, തമിഴ്‌നാട്ടിൽ പഠിക്കാൻ പോകുമ്പോൾ മദ്രാസ് മെയിലിൽ വെച്ച് പരിചയപ്പെട്ട, മുസ്ലിയാക്കന്മാർ പഠിക്കുന്ന ജാമിയ ലത്തീഫിയ എന്ന സ്ഥാപനത്തിൽ അവിടെയുള്ള മലയാളി വിദ്യാർത്ഥികളെ ഇടയ്ക്കിടെ സന്ദർശിക്കാറുള്ള ബാലേട്ടൻ, കിനാലൂർ എസ്റ്റേറ്റിലെ കൊമ്പോണ്ടർ ജെറാർഡ് എന്നിങ്ങനെ മനോഹരമായ കുറെ മനുഷ്യർ നമ്മുടെ മുന്നിലൂടെ ഒരുമയുടെ കഥപറഞ്ഞു നീങ്ങുന്നത് കാണാം. 

കൊച്ചുകുട്ടിയായിരിക്കുമ്പോൾ അസുഖ ബാധിതനായ ഉസ്താദിനെ മകനെ പോലെ ശുശ്രൂഷിക്കുന്ന ഗുരു ഹമീദ് മുസ്‌ലിയാർ, നാട്ടിലെ ആത്മീയ നേതാവും ചികിത്സകനുമായ അവേലത്ത് തങ്ങൾ, കുരിക്കൾ എന്നിങ്ങനെ ഒരുകാലത്തിന്റെ വേറിട്ട അനുഭവങ്ങൾ പകരുകയാണ് വിശ്വാസപൂർവ്വം. ഈ വായന തുടരുകയാണ്. പക്ഷെ, ഉസ്താദിന്റെ ആത്മകഥയുടെ ഒരു ഭാഗം മാത്രമേ ഈ പുസ്തകത്തിലുള്ളൂ. ഏറ്റവും ത്രസിപ്പിക്കുന്ന ജീവിതയാത്ര വായിക്കാൻ കാത്തിരിക്കുന്ന പതിനായിരക്കണക്കിന് മലയാളികളിൽ ഒരാളായി ഞാനും ചേരുന്നു. ഇന്നലെ കാരന്തൂരിലെ മർകസിൽ ചെന്ന് ഉസ്താദിനെ കണ്ട് ഉസ്താദിന്റെ കൈയ്യൊപ്പുള്ള പുസ്തകം വാങ്ങുമ്പോൾ ആ മുഖത്ത് കണ്ട തേജസ്സാണ് ഈ പുസ്തകം പറയുന്ന വിശ്വാസപൂർവ്വം എന്ന ടൈറ്റിലിന്റെ ഏറ്റവും സമ്മോഹനമായ അർത്ഥമെന്ന് എനിക്ക് തോന്നി. 

പഠനം പൂർത്തിയാക്കുന്ന ഒരു ബാച്ചിലെ ഒരു പറ്റം വിദ്യാർത്ഥികൾക്ക് ഏതോ മഹത്തായ ഗ്രന്ഥമോതിക്കൊടുക്കുകയായിരുന്നു ഉസ്താദ്. ഞങ്ങൾ വന്നെന്നറിഞ്ഞപ്പോൾ അതിഥികളെ സ്വീകരിക്കാൻ ചെറിയൊരു ഇടവേളയെടുത്തു ഉസ്താദ്. ഞാനും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സലീം കൈപ്പമംഗലവും, സുഹൃത്തുക്കളായ ശിഹാബും അബ്ദുള്ളയും, എന്റെ പിആർഒ എൻഎസ് അബ്ദുൽ ഹമീദും ഉസ്താദിന്റെ സവിധത്തിലേക്ക് ചെല്ലുമ്പോൾ ഉസ്താദിന്റെ ചുറ്റും കൂടി നിൽക്കുന്ന അത്യുത്സാഹികളായ യുവപണ്ഡിതരെ കണ്ടു. എത്ര മനോഹരമായ കാഴ്ചയാണെന്നോ അത്. ഇനി പുസ്തകം വായിച്ച് പെട്ടെന്ന് തന്നെ ഒന്നുകൂടി ഞാൻ മർകസിൽ പോകുന്നുണ്ട്. അതിരാവിലെ ഉസ്താദ് നടത്തുന്ന ആ വിഖ്യാത ക്ലാസ് എനിക്കൊന്ന് അനുഭവിക്കണം. ആയിരം പേരുള്ള ആ ക്ലാസ്സിൽ ഒന്നിരിക്കണം...

'എസ്എസ്എൽസി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞത് ശരിയല്ല'; സജി ചെറിയാനെ തിരുത്തി ശിവൻകുട്ടി

കേരള ഭാഗ്യക്കുറിക്കൊപ്പം വിറ്റത് 'ബോച്ചെ ടീ' കൂപ്പൺ; ഏജന്‍സി സസ്പെൻഡ് ചെയ്ത് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios