'ഡ്രൈ ഡേയ്ക്ക്' കുടിക്കാന്‍ വച്ച മദ്യം ഒഴിച്ചുകളഞ്ഞതിന് അച്ഛന് ക്രൂരമർദ്ദനം; മകനെതിരെ വധശ്രമത്തിന് കേസ്
ബ്ലാക്കിൽ മദ്യം വാങ്ങാൻ പണം ചോദിച്ച രതീഷിന് പണം നൽകാൻ രഘു തയ്യാറായില്ല. ഇതിൽ ക്ഷുഭിതനായാണ് രഘുവിനെ മകൻ മർദ്ദിച്ചതെന്നാണ് വിവരം.
ആലപ്പുഴ: മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ അച്ഛനെ മർദ്ദിച്ച മകനെതിരെ വധശ്രമത്തിന് കേസെടുത്തു. കുറത്തികാട് പൊലീസാണ് കേസെടുത്തത്. ഉമ്പർനാട് സ്വദേശി രഘുവിനെയാണ് പണം നൽകാത്തതിന്റെ പേരിൽ മകൻ രതീഷ് (29) മർദ്ദിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
രഘുവിനെ മകന്‍ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്നാണ് രതീഷിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തത്. ഒന്നാം തീയതിയും ഗാന്ധി ജയന്തിയായതിനാല്‍ രണ്ടാം തീയതിയും ബാർ അവധി ആയതിനാൽ രതീഷ് മുന്നേ മദ്യം വാങ്ങി സ്റ്റോക് ചെയ്തിരുന്നു. പതിവായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നതിനാൽ അച്ഛനും അമ്മയും ചേർന്ന് മദ്യക്കുപ്പി മാറ്റി. ഇതിൽ പ്രകോപിതനായി അച്ഛനെ രതീഷ് മർദ്ദിച്ചെന്നാണ് പൊലീസ് പറയുന്നത്.
പകരം മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ട് നിരവധി തവണ അച്ഛനെ രതീഷ് മർദ്ദിച്ചു. നാട്ടുകാരിൽ ചിലർ, മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. രതീഷിനെതിരെ നിയമനടപടി വേണമെന്ന ആഹ്വാനം സോഷ്യൽമീഡിയ ഏറ്റെടുത്തു. ഇതോടെയാണ് കുറത്തികാട് പൊലീസ് സ്വമേധയാ കേസെടുത്തത്. മർദ്ദനമേറ്റ രഘുവിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവശേഷം ഒളിവിൽ പോയ രതീഷിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
"