വിമർശനം കൊണ്ട് തടയാനാവില്ല, വോട്ട് ചെയ്തത് ഇടതിന്, സിൽവർ ലൈനിൽ ആശങ്ക: കവി റഫീഖ് അഹമ്മദ്
കെ റെയിലിനെ വിമര്‍ശിച്ച് എഴുതിയ കവിതയില്‍ കവിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ രൂക്ഷ വിയോജിപ്പുമായി പ്രമുഖര്‍ രംഗത്ത് വന്നു
തിരുവനന്തപുരം: വിമർശനം കൊണ്ട് തന്റെ പ്രതികരണം തടയാനാകില്ലെന്ന് കവി റഫീഖ് അഹമ്മദ്. കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെ വിമർശിച്ചെഴുതിയ കവിതയെ തുടർന്ന് സൈബർ ആക്രമണം രൂക്ഷമായതോടെയാണ് കവിയുടെ പ്രതികരണം. താൻ ഇടുപക്ഷക്കാരനാണെന്നും ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഹേ കെ കവിത ജനത്തിന്റെ ആശങ്കയാണ് പങ്കുവെച്ചത്. സൈബർ ആക്രമണം നടക്കട്ടെയെന്ന് പറഞ്ഞ കവി കവിത ഉന്നയിച്ച വിഷയത്തിൽ ഗൗരവമായ ചർച്ച നടക്കേണ്ടതുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടതുപക്ഷത്തെ തന്റെ സുഹൃത്തുക്കളിൽ പലർക്കും സിൽവർ ലൈൻ പദ്ധതിയിൽ ആശങ്കയുണ്ട്. പാർട്ടി അച്ചടക്കം കൊണ്ടാണ് അവരൊന്നും പ്രതികരിക്കാത്തതെന്നും കവി പറഞ്ഞു.
സൈബർ ആക്രമണത്തിൽ പ്രതിഷേധം
കെ റെയിലിനെ വിമര്‍ശിച്ച് എഴുതിയ കവിതയില്‍ കവിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ രൂക്ഷ വിയോജിപ്പുമായി പ്രമുഖര്‍ രംഗത്ത് വന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കെ റെയിലിനെ ന്യായീകരിച്ചുള്ള സിപിഎം പരിപാടികള്‍ നടക്കുന്നതിനിടയിലാണ് കെ റെയിലിനേക്കുറിച്ചുള്ള ആശങ്ക വ്യക്തമാക്കുന്ന കവിത റഫീഖ് അഹമ്മദ് സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നത്.
ഇതിന് പിന്നാലെ സിപിഎം അനുയായികളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനവും സൈബര്‍ ആക്രമണവുമാണ് കവി നേരിടുന്നത്. ഇതിനെതിരെയാണ് എഴുത്തുകാരി സാറ ജോസഫ് അടക്കമുള്ളവര്‍ രംഗത്തെത്തിയത്. ഇതിന് പിന്നാലെ തറയുള്ള മുനയുള്ള ചോദ്യങ്ങളെ തെറിയാല്‍ തടുക്കുവാന്‍ കഴിയില്ലെന്ന് റഫീഖ് അഹമ്മദ് വീണ്ടും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സൈബര്‍ ആക്രമണം നടത്തുന്നവരോട് ഉള്ളത് കരുണ മാത്രമാണെന്നും റഫീഖ് അഹമ്മദ് വിശദമാക്കുന്നു.
റഫീഖ് അഹമ്മദിന്‍റെ കവിത
ഹേ...കേ...
എങ്ങോട്ടു പോകുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
തണ്ണീർത്തടങ്ങളെ പിന്നിട്ട്
തെങ്ങിൻ നിരകളെപ്പിന്നിട്ട്
കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്
സഹ്യനെക്കുത്തി മറിച്ചിട്ട്
പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്
പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന
മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്
ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന
നല്ല നഗരത്തെരുവുകൾ പിന്നിട്ട്,
ശ്വാസത്തിനായിപ്പിടയും ഭയാകുല -
മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,
ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം
നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്
കുട്ടികൾ നിത്യം മരിയ്ക്കും വനവാസി
യൂരുകൾ തൻ ശപ്ത നേത്രങ്ങൾ പിന്നിട്ട്
മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,
തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേ
ക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,
എങ്ങോട്ടു പായുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻ
ഹേ ..
കേ ..?
തെറികൊണ്ട് വാമൂടിക്കെട്ടാൻ ശ്രമം: സാറാ ജോസഫ്
ഇതൊരു ജനാധിപത്യരാജ്യമാണ്.അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കും തുല്യമാണ്. തെറികൊണ്ട് വാമൂടിക്കെട്ടിയാൽ സത്യം നുരഞ്ഞു പൊങ്ങാതിരിക്കില്ലെന്നാണ് റഫീഖ് അഹമ്മദിന് പിന്തുണ പ്രഖ്യാപിച്ച് സാറ ജോസഫ് വിശദമാക്കുന്നത്. നമ്മുടെ എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും പൊതുജനങ്ങളും ഓർക്കണം, അന്ന് സുഗതകുമാരി ,അയ്യപ്പപണിക്കർ, എം ടി,എംകെപ്രസാദ്മാഷ് തുടങ്ങി ഒട്ടേറെപ്പേർ രാഷ്ട്രീയപ്പാർട്ടിതാല്പര്യത്തിനപ്പുറത്ത് ശക്തമായ നിലപാടെടുത്ത് ഉറച്ചുനിന്നതുകൊണ്ടാണ് ഇന്ന് ആ വനസമ്പത്ത് ലോകത്തിന് ഉപകാരപ്രദമായിനിലനിൽക്കുന്നത്. വികസനമല്ലാ നിലനിൽപ്പാണ് പ്രധാനം. വേഗം വേണ്ടവർ പറക്കട്ടെ.സാധാരണക്കാർക്ക് നടുവൊടിയാതെ യാത്രചെയ്യാനുള്ള റോഡുകൾ ആദ്യം നിർമ്മിച്ചു തരിക.ഭൂരിപക്ഷം ജനങ്ങൾക്കുവേണ്ടിയാവണം വികസനം,ഭരണകർത്താക്കൾക്കും കോർപറേറ്റുകൾക്കുംവേണ്ടിയാവരുതെന്നും സാറ ജോസഫ് വിശദമാക്കുന്നു.