ബസ് മിനിമം ചാർജ്ജ് 10 രൂപ, കിലോമീറ്ററിന് 90 പൈസ; ചാർജ്ജ് വർധനയുടെ ഫയൽ ഇന്ന് മുഖ്യമന്ത്രിക്ക് നൽകും
കെ എസ് ആർ ടി സിയുടെ ആവശ്യവും കൂടി പരിഗണിച്ചാണ് സംസ്ഥാന സർക്കാർ ബസ് ചാർജ്ജ് വർധിപ്പിക്കാൻ നീക്കം തുടങ്ങിയത്
തിരുവനന്തപുരം: ബസ് ചാർജ്ജ് വർധനയുമായി ബന്ധപ്പെട്ട ഫയൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കും. 25 ശതമാനം ചാർജ്ജ് വർധനയ്ക്കാണ് നീക്കം. കൊവിഡ് കാലത്തേക്ക് മാത്രമായി മിനിമം ചാർജ്ജ് 10 രൂപയാക്കാനും കിലോമീറ്ററിന് 90 പൈസ വീതം ഈടാക്കാനുമാണ് ശ്രമം.
കെ എസ് ആർ ടി സിയുടെ ആവശ്യവും കൂടി പരിഗണിച്ചാണ് സംസ്ഥാന സർക്കാർ ബസ് ചാർജ്ജ് വർധിപ്പിക്കാൻ നീക്കം തുടങ്ങിയത്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നിരക്ക് വർധന. ഇപ്പോഴത്തെ വർധന കൊവിഡ് കാലത്തേക്ക് മാത്രമാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ ആവർത്തിച്ചു.
മിക്ക ബസ്സുകളിലും ട്രിപ്പുകളും ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറച്ചിരിക്കുകയാണ്. ലോക്ക്ഡൗണിനെ തുടർന്ന് യാത്രക്കാരില്ലാതായതോടെ നഷ്ടത്തിൽ ഓടിയിരുന്ന ബസ്സുകൾക്ക് ഇന്ധനവില വർധനവും ഇരട്ടിപ്രഹരമായിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ തീരുമാനം.