ശ്രേഷ്‌ഠ ജീവിതത്തിൻ്റെ ചൈതന്യം; രാഷ്ട്രീയക്കാരൻ്റെ കൗശലത്തോടെ യാക്കോബായ സഭയെ വളർത്തിയ സഭാനേതാവ്
നാലാം ക്ലാസ് വിദ്യാഭ്യാസം കൈമുതലാക്കിയ, ജീവിക്കാൻ അഞ്ചലോട്ടക്കാരനായി ജോലി ചെയ്ത ശേഷമാണ് സിഎം തോമസ് യാക്കോബായ സഭയുടെ അധ്യക്ഷ പദവിയിലേക്ക് വളർന്നത്
കൊച്ചി: ശ്രേഷ്ഠജീവിതത്തിന്റെ ചൈതന്യം ബാക്കിയാക്കിയാണ് യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ഓർമ്മയിലേക്ക് മറയുന്നത്. പ്രതിസന്ധികൾക്കിടയിൽ നിൽക്കുമ്പോഴും രാഷ്ട്രീയക്കാരന്റെ കൗശലത്തോടെയും പ്രായോഗിക ബുദ്ധിയോടെയും യാക്കോബായ സഭയെ വളർത്തിയെടുത്ത സഭാനേതാവായിരുന്നു കാതോലിക്ക ബാവ. ഇല്ലായ്മകളിൽ നിന്ന് തുടങ്ങി ആത്മീയതയുടെ അത്യുന്നത പദവിയിലെത്തിയാണ് അദ്ദേഹം കാലം ചെയ്തത്.
പ്രതിസന്ധി ഘട്ടത്തിൽ യാക്കോബായ സഭയെ ഹൃദയത്തോട് ചേർത്തുപിടിച്ച നായകനെന്ന പരിവേഷമാണ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടേത്. സഭാതർക്കത്തിന്റെ കാറ്റുംകോളും നിറഞ്ഞ കാലഘട്ടത്തിൽ സഭയെ നയിക്കാൻ ലഭിച്ച അവസരത്തെ ദൈവ നിയോഗമെന്നാണ് എന്നും ബാവ അനുസ്മരിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം ലഭിച്ചിട്ടില്ലെങ്കിലും അനുഭവ സമ്പത്തിലും സഭാ വിശ്വാസികളുടെ പിന്തുണയിലും യാക്കോബായ വിഭാഗത്തെ പതിറ്റാണ്ടുകളോളം നയിക്കാൻ തോമസ് പ്രഥമൻ ബാവയ്ക്ക് കഴിഞ്ഞു. പ്രായോഗിക രാഷ്ട്രീയത്തിന്റെ കൗശലവും സഭാ ആചാര്യന്റെ ദീർഘവീക്ഷണവും ഒരേപോലെ സമന്വയിച്ച അപൂർവ്വ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. തെരുവിലിറങ്ങി സഭയ്ക്ക് വേണ്ടി സമരം നടത്തിയതിന് 600ലധികം കേസുകൾ വന്നിട്ടും പിന്നോട്ടില്ലെന്ന് ഉറച്ച് പ്രഖ്യാപിച്ച നേതാവ് കൂടിയായിരുന്നു തോമസ് പ്രഥമൻ കാതോലിക്ക ബാവ.
എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയമ്പാടിയിൽ ചെറുവിള്ളിൽ കുടുംബത്തിലെ മത്തായിയുടേയും കുഞ്ഞാമ്മയുടേയും എട്ടുമക്കളിൽ ആറാമനായി 1929 ജൂലൈ 22 നായിരുന്നു കുഞ്ഞൂഞ്ഞ് എന്ന് വിളിപ്പേരുള്ള സിഎം തോമസിന്റെ ജനനം. ദാരിദ്ര്യവും രോഗവും കുഞ്ഞൂഞ്ഞിന്റെ പഠനം നാലാം ക്ലാസിൽ മുടക്കി. പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ അഞ്ചലോട്ടക്കാരൻ ആയി സിഎം തോമസ് കുറച്ചുകാലം ജോലിനോക്കി. അമ്മയ്ക്കൊപ്പം പ്രാർത്ഥനയ്ക്കായി എത്തിയിരുന്ന മലേക്കുരിശ് ദയറായിൽ അക്കാലത്ത് വൈദികനായിരുന്ന സിവി എബ്രഹാമുമായുള്ള സൗഹൃദമാണ് സിഎം തോമസിനെ വൈദികവൃത്തിയിലേക്ക് ആകർഷിച്ചത്.
അഞ്ചലോട്ടക്കാരന്റെ ജോലി രാജിവച്ച് പൗരോഹിത്യ ശ്രേണിയുടെ ആദ്യഘട്ടമായ കോറൂയോ പട്ടം നേടി. തുടർന്ന് പിറമാടം ദയറായിൽ എത്തുമ്പോൾ തോമസിന്റെ പ്രായം 23 വയസ്സായിരുന്നു. വൈദിക പഠനത്തോടൊപ്പം വേദപുസ്തകത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹം 1958 ൽ വൈദികപട്ടം സ്വീകരിച്ചു. ഫാദർ തോമസ് ചെറുവിള്ളിൽ എന്നായിരുന്നു ആദ്യ പേരുമാറ്റം. പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി വികാരി ആയ കാലത്ത് തന്നെ വെള്ളത്തൂവലിലും കീഴ്മുറിയിലും വലമ്പൂരിലും പള്ളിവികാരിയായി സേവനമനുഷ്ഠിച്ചു. കൊൽക്കത്തയിലെ കൽക്കരി ഖനിയിൽ ജോലി നോക്കുന്നവർക്കിടയിലും കഷ്മീരിലെ ഉതംപൂരിലും ഫാദർ തോമസ് ചെറുവിള്ളിൽ മിഷൻ പ്രവർത്തനങ്ങൾക്കിറങ്ങി. വരിക്കോലി കുഷ്ഠരോഗ ആശുപത്രിയിലെ അന്തേവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങാനും പള്ളിവികാരിയായിരുന്ന അദ്ദേഹത്തിന് സാധിച്ചു. അത്യുജ്ജലമായ വാക്ചാതുരി കൊണ്ട് ആയിരങ്ങളെ ആകർഷിച്ച ഫാദർ തോമസ് ചെറുവിള്ളിൽ അറിയപ്പെട്ടിരുന്നത് സുവിശേഷക്കാരിലെ സ്വർണനാവുകാരൻ എന്നായിരുന്നു.
കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി മുതൽ പുത്തൻകുരിശിലെ പാത്രിയാർക്ക സെന്ററും അസംഖ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളും സഭയ്ക്ക് മുതൽക്കൂട്ടായത് ഫാ.തോമസ് ചെറുവിള്ളിലിന്റെ ദീർഘ വീക്ഷണവും സംഘാടനാ പാടവവും കൊണ്ടാണ്. 1970-71 കാലഘട്ടം മുതൽ തന്നെ സഭയിൽ അനൈക്യത്തിന്റെ വിത്തുകൾ മുളച്ചു തുടങ്ങിയിരുന്നു. ഓർത്തഡോക്സ് , യാക്കോബായ സഭാതർക്കം ചൂടുപിടിച്ചുവന്ന 1974 ഫെബ്രുവരി 24 ന് തോമസ് മാർ ദിവന്ന്യാസിയോസ് എന്ന പേരിൽ അങ്കമാലി ഭദ്രാസനാധിപനായി ഗീവർഗീസ് മാർ ഗ്രിഗോറിയോസിനൊപ്പം ദമാസ്കസിൽ വച്ച് അഭിഷിക്തനായി. 1974 മുതൽ 1998 വരെയുള്ള കാലഘട്ടത്തിൽ അങ്കമാലി ഭദ്രാസനാധിപനായിരുന്നു തോമസ് മാർ ദിവന്ന്യാസിയോസ്. ഇക്കാലത്തിനിടയിൽ പഴന്തോട്ടം, മാമലശേരി, കോലഞ്ചേരി, തൃക്കുന്നത്ത് സെമിനാരി പള്ളി തുടങ്ങി സഭാതർക്കങ്ങളുണ്ടായ ഇടങ്ങളിലെല്ലാം യാക്കോബായ വിശ്വാസി സമൂഹത്തിന് നീതിലഭിക്കാൻ അദ്ദേഹം നിന്നു.
പുത്തൻകുരിശിൽ 2000 ഡിസംബർ 27ന് ചേർന്ന പള്ളി പ്രതിപുരുഷയോഗമാണ് തോമസ് മാർ ദിവന്ന്യാസിയോസിനെ നിയുക്ത കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. 2002 ജൂലൈ 26ന് ബസേലിയോസ് തോമസ് പ്രഥമൻ എന്ന പേരിൽ ശ്രേഷ്ഠ കാതോലിക്ക ബാവയായി ദമാസ്ക്കസിൽ വെച്ച് അദ്ദേഹം അഭിഷിക്തനായി. ആരോഗ്യകാരണങ്ങളാൽ 2019 മെയ് 1 ന് ഭരണച്ചുമതലകളിൽ നിന്ന് ഒഴിഞ്ഞെങ്കിലും ആത്മീയ നേതൃസ്ഥാനത്ത് തുടരുകയായിരുന്നു. അചഞ്ചലമായ ദൈവസ്നേഹവും എളിമയുമാണ് ഏത് പ്രതിസന്ധിയിലും പ്രത്യാശയോടെ നീങ്ങാൻ ശ്രേഷ്ഠബാവയെ പ്രേരിപ്പിച്ചത്. വ്യക്തിപരമായ നന്മകൾ സമൂഹത്തിന് വഴികാട്ടിയാകണമെന്ന് എന്നും പറഞ്ഞിരുന്ന ബാവയുടെ ജീവിതം കാണിച്ചുതരുന്നതും അതുതന്നെയാണ്.