കൊവിഡ് നിയന്ത്രണം; മുമ്പേ നടന്ന് അട്ടപ്പാടി ആദിവാസി ഊരുകള്‍
നിയന്ത്രണങ്ങള്‍ കര്‍ശനമായി പിന്തുടരുന്നതിലാനാണ് ആദിവാസി മേഖലയില്‍ ഇതുവരെ ഒരു പോസിറ്റീവ് കേസും റിപ്പോര്‍ട്ട് ചെയ്യാതിരുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
പാലക്കാട്: കൊവിഡ് മഹാമാരി പടര്‍ന്നുപിടിച്ച് ആറുമാസം പിന്നിടുമ്പോള്‍ വിജയകരമായ ചെറുത്തുനില്‍പ്പിന്റെ മാതൃക കാണിച്ചുതരികയാണ് അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍. പുറമേ നിന്നുളളവര്‍ക്ക് പ്രവേശനം പോലും നിഷേധിച്ചാണ് കൊവിഡിനെതിരായ പോരാട്ടം അട്ടപ്പാടിയില്‍ തുടരുന്നത്. ഇതുവരെ ഒരു കേസും ആദിവാസി മേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ചെറുതും വലുതുമായി 192 ഊരുകള്‍. കൂട്ടായ ജീവിതമെന്ന ശൈലി പിന്തുടരുന്ന ഗോത്രവിഭാഗം. അകലമെന്നത് ജീവിതത്തിലോ സ്വഭാവത്തിലോ ഇല്ലാത്ത ജനവിഭാഗം. കൊവിഡിനെതിരെയുളള പോരാട്ടം തുടങ്ങുമ്പോള്‍ ഊരുകളില്‍ അതെങ്ങിനെയെന്നതായിരുന്നു പ്രധാന ആശങ്ക. എന്നാല്‍ സാമൂഹ്യ അകലം പാലിച്ചും ഒത്തുചേരലും തനത് ആഘോഷങ്ങളും ഒഴിവാക്കിയും അട്ടപ്പാടിയിലെ ഊരുകള്‍ മുമ്പേ നടന്നു. ഊരുകളിലേക്ക് അന്യര്‍ക്ക് പ്രവേശനമില്ല. വഴികള്‍ കെട്ടിയടച്ചു. ആരെങ്കിലും ഊരുകളിലേക്ക് കടന്നാല്‍ ഉടന്‍ പൊലീസിന് വിവരം നല്‍കും. സമൂഹ അടുക്കളകളില്ലെങ്കിലും ഭക്ഷ്യധാന്യം ഓരോ വീടുകളിലും ഉറപ്പാക്കിയിട്ടുണ്ട്
നിയന്ത്രണങ്ങള്‍ കര്‍ശനമായി പിന്തുടരുന്നതിലാനാണ് ആദിവാസി മേഖലയില്‍ ഇതുവരെ ഒരു പോസിറ്റീവ് കേസും റിപ്പോര്‍ട്ട് ചെയ്യാതിരുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. അതിര്‍ത്തി പ്രദേശങ്ങളോട് ചേര്‍ന്നുള്ള ഊരുകളിലെ പ്രായമായവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തുന്നുണ്ട്.
അതേസമയം, പാലക്കാട് രോഗവ്യാപനത്തിന്റെ തോത് ഉയരുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന വിലയിരുത്തിന്റെ അടിസ്ഥാനത്തില്‍ അട്ടപ്പാടിയിലേക്കുളള യാത്രകള്‍ക്ക് ജില്ല ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.