ഡ്രോണ്‍ ബുക്ക് ചെയ്തതിന് പിന്നാലെ അറസ്റ്റ്; പൊലീസിനെതിരെ എന്‍എസ്‍യു നേതാവ് ഹൈക്കോടതിയിലേക്ക്
ഫോൺ വിവരങ്ങൾ അടക്കം പൊലീസ് ചോർത്തിയെന്നാരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകുന്നത്
തിരുവനന്തപുരം: ഡ്രോൺ ബുക്ക് ചെയ്യാൻ വിവരങ്ങൾ തിരക്കിയ എൻഎസ്‍യു നേതാവിനെ പൊലീസ് പിടികൂടിയ സംഭവം വിവാദത്തിൽ. ഡ്രോൺ ബുക്ക് ചെയ്യാൻ വിവരങ്ങൾ തിരക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത എൻഎസ്‍യു നേതാവ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ദേശീയ സെക്രട്ടറി എറിക് സ്റ്റീഫനാണ് കോടതിയെ സമീപിക്കുന്നത്. ഫോൺ വിവരങ്ങൾ അടക്കം പൊലീസ് ചോർത്തിയെന്നാരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് എറിക് സ്റ്റീഫനെ വീട്ടിലെത്തി വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിലെ സ്വകര്യ കമ്പനിയിൽ ഡ്രോൺ ബുക്ക് ചെയ്തതിന്‍റെ പിന്നാലെയായിരുന്നു പൊലീസ് നടപടി. ഡ്രോൺ ബുക്ക് ചെയ്തത് പൊലീസ് അറിഞ്ഞത് ഫോൺ ചോർത്തിയിട്ടാണ് എന്നാണ് എറികിന്‍റെ ആരോപണം.