Asianet News MalayalamAsianet News Malayalam

അര്‍ജ്ജുൻ എവിടെ? ഷിരൂരിൽ ഇന്ന് ഐബോഡ് എത്തിച്ച് കര-നാവിക സേനകളുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരും

അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും

Arjun Rescue mission on ninth day
Author
First Published Jul 24, 2024, 5:51 AM IST | Last Updated Jul 24, 2024, 6:56 AM IST

തിരുവനന്തപുരം: ഷിരൂരിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവ‍ർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും. ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധന നടക്കും. മുൻ സൈനിക ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും.

അർജുനെ കണ്ടെത്തുന്നതിനായി അത്യാധുനിക സ്കാനർ ഇന്ന് ഷിരൂരിലെത്തിക്കും. കഴിഞ്ഞവർഷത്തെ സിക്കിം പ്രളയത്തില്‍ തെരച്ചില്‍ നടത്താന്‍ ഫലപ്രദമായി ഉപയോഗിച്ച റേഡിയോ ഫ്രീക്വൻസി സ്കാനർ ആണ് ഷിരൂരിലും ഉപയോഗിക്കുന്നത്. 17 മനുഷ്യശരീരങ്ങളും 36 വാഹനങ്ങളും ഇത് ഉപയോഗിച്ച് കണ്ടെത്തിയിരുന്നു. സൈനിക ആവശ്യങ്ങൾക്ക് വേണ്ടി ഉത്തർപ്രദേശിലെ ഒരു സ്വകാര്യ കമ്പനിയാണ് ഈ സംവിധാനം നിർമ്മിച്ചിരിക്കുന്നത്. 

ഡ്രോൺ സംവിധാനത്തിൽ സ്കാനർ ഘടിപ്പിച്ചാണ് പരിശോധന. 8 മീറ്ററും 90 മീറ്ററും വരെ ആഴത്തിൽ പരിശോധന നടത്താവുന്ന രണ്ട് സ്കാനറുകളുണ്ട്. ഭൂമിക്കടിയിലുള്ള വസ്തുക്കളെ കൃത്യമായി കണ്ടെത്താൻ സാധിക്കുന്നുവെന്നതാണ് നേട്ടം. മനുഷ്യ ശരീരത്തിൻ്റെ സാന്നിധ്യം വേർതിരിച്ച് അറിയാൻ പറ്റുന്ന സാങ്കേതികവിദ്യയാണിത്. രണ്ട് കിലോമീറ്റർ അധികം റേഞ്ച് ഉള്ള ഡ്രോൺ സംവിധാനമാണ്. വിജയകരമായി പരിശോധനകൾ നടത്തിയ പരിചയവും റേഡിയോ ഫ്രീക്വൻസി സ്കാനറിനുണ്ട്. 

കര, നാവിക സേനകൾ ചേര്‍ന്ന് തെരച്ചിൽ നടത്തും. നദിക്കരയിൽ നിന്ന് 40 മീറ്റർ അകലെയാണ് സോണാർ സിഗ്നൽ ലഭിച്ചത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാർ പരിശോധനയിലും ഇതേ ഭാഗത്ത്‌ സിഗ്നൽ കിട്ടിയിരുന്നു. പുഴയിൽ ആഴത്തിലുള്ള വസ്തുക്കൾ കണ്ടെത്താനുള്ള സ്വകാര്യ കമ്പനിയുടെ നൂതന സാങ്കേതിക സംവിധാനവും ഇന്നെത്തും. വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥൻ എം ഇന്ദ്രബാൽ ദൗത്യത്തിന്റെ ഭാഗമാകും. നോയിഡയിൽ നിന്ന് പ്രത്യേക കേന്ദ്ര അനുമതിയോടെയാണ് ഐബോഡ് എന്ന യന്ത്രം കൊണ്ടുവരുന്നത്. നദിയിൽ അടിയോഴുക്ക് ശക്തമായതിനാൽ ഇന്നലെ സ്‌കൂബ ഡ്രൈവർമാർക്ക് കാര്യമായി തെരച്ചിൽ നടത്താൻ ആയിരുന്നില്ല. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി അൻജാരിയയും ജസ്റ്റിസ് കെ വി അരവിന്ദും അടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുക. ഇന്നലെ കേസ് പരിഗണിച്ച പ്രത്യേക ബഞ്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് നൽകിയിരുന്നു. രക്ഷാപ്രവർത്തനത്തിന്‍റെ നിലവിലെ സാഹചര്യം അറിയിക്കണമെന്നും സംഭവം അതീവഗൗരവതരമെന്നും ഇന്നലെ കോടതി നിരീക്ഷിച്ചിരുന്നു. ഇന്ന് സംസ്ഥാനസർക്കാരിന് വേണ്ടി എജി സത്യവാങ്മൂലം നൽകും. നേരത്തേ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകരോട് കർണാടക ഹൈക്കോടതിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസിന്‍റെ ബ‍ഞ്ച് നിർദേശിക്കുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios