കൂറുമാറ്റത്തിന് 100 കോടി കോഴ: പിന്നിൽ ആൻറണി രാജുവിന്റെ ഗൂഢാലോചനയെന്ന് എൻസിപി, തോമസ് കെ തോമസിന് ക്ലീൻ ചിറ്റ്
ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം റിപ്പോർട്ടിൻറെ പകർപ്പുമായി എകെ ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കണമെന്ന് ചാക്കോ മുഖ്യമന്ത്രിയെ കണ്ടാവശ്യപ്പെടും.
തിരുവനന്തപുരം : കൂറുമാറ്റത്തിന് 100 കോടി കോഴയെന്ന ആരോപണം തള്ളി എൻസിപി അന്വേഷണ കമ്മീഷൻ. തോമസ് കെ തോമസിനെ വെള്ളപൂശുന്ന റിപ്പോർട്ട് സംസ്ഥാന പ്രസിഡണ്ട് പി.സി ചാക്കോക്ക് കൈമാറി. ആരോപണത്തിന് പിന്നിൽ ആൻറണി രാജുവിന്റെ ഗൂഡാലോചനയാണെന്നാണ് തോമസ് കെ തോമസ് കമ്മീഷന് നൽകിയ മൊഴി. ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം റിപ്പോർട്ടിൻറെ പകർപ്പുമായി എകെ ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കണമെന്ന് ചാക്കോ മുഖ്യമന്ത്രിയെ കണ്ടാവശ്യപ്പെടും.
തോമസ് കെ തോമസ് ആഗ്രഹിച്ച റിപ്പോർട്ടാണ് പാർട്ടി അന്വേഷണ കമ്മീഷൻ നൽകിയത്. എൻഡിഎ കക്ഷിയായ അജിത് പവാർ വിഭാഗത്തിലേക്ക് കൂറുമാറാൻ ആൻറണി രാജുവിനും കോവൂർ കുഞ്ഞുമോനും 100 കോടി തോമസ് കെ തോമസ് വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം. ആൻറണി രാജു ഇക്കാര്യം മുഖ്യമന്ത്രിയോട് ശരിവെച്ചതോടെയാണ് തോമസിൻറെ മന്ത്രിസ്ഥാനം പോയത്. വിവാദം കത്തിപ്പടർന്നപ്പോഴാണ് അന്വേഷണത്തിന് നാലംഗ കമ്മീഷനെ എൻസിപി വെച്ചത്. കോഴക്ക് തെളിവില്ലെന്നാണ് കണ്ടെത്തൽ. പണം ഓഫർ ചെയ്തില്ലെന്ന തോമസിൻറയും വാഗ്ദാനം ലഭിച്ചില്ലെന്ന കോവൂർ കുഞ്ഞുമോൻറെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പാർട്ടി റിപ്പോർട്ട്.
പക്ഷെ ആൻറണി രാജു എൻസിപി കമ്മീഷനോ സഹകരിച്ചിരുന്നില്ല. ആരോപണത്തിന് പിന്നിൽ ആൻറണി രാജുവിൻറെ ഗൂഡാലോചനയെന്നാണ് തോമസ് കമ്മീഷന് നൽകിയ മൊഴി. കുട്ടനാട് സീറ്റിൻറെ പേരിൽ തന്നോടും സഹോദരൻ തോമസ് ചാണ്ടിയോടും ജനാധിപത്യ കേരള കോൺഗ്രസിന് വിരോധമുണ്ടെന്നാണ് മൊഴി. പാർട്ടി റിപ്പോർട്ട് ആയുധമാക്കി ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കാനാണ് എൻസിപിയുടെ അടുത്ത നീക്കം.
പിഎം സുരേഷ് ബാബു. കെആർ രാജൻ, ലതികാ സുഭാഷ്, ജോബ് കാട്ടൂർ എന്നിവരായിരുന്നു കമ്മീഷൻ. പക്ഷെ പാർട്ടി കമ്മീഷൻ റിപ്പോർട്ടിനെ പരിഹസിക്കുകആണ് ശശീന്ദ്രൻ പക്ഷം. ചാക്കോയോടും തോമസിനോടും അടുപ്പമുള്ളവർ മറിച്ചൊരു റിപ്പോർട്ട് നൽകുമോ എന്നാണ് ചോദ്യം. ഗൂഡാലോചന വാദം ഉയർത്തുന്ന തോമസോ എൻസിപി പ്രസിഡണ്ടോ ഇത് വരെ പൊലീസ് അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടില്ല. എൻസിപി റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്. കോഴ ഓഫർ ഉണ്ടെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ് ആൻറണിരാജു.