Asianet News MalayalamAsianet News Malayalam

അന്നാ സെബാസ്റ്റ്യന്റെ മരണം; ഇ വൈ ഓഫീസിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ച് തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ

അന്നയുടെ മരണത്തിൽ ഏണസ്റ്റ് ആൻ്റ് യങ് കമ്പനിയുടെ ഭാഗത്ത് വീഴ്ച്ച ഉണ്ടായാൽ കർശന നടപടിയെന്നാണ് കേന്ദ്ര തൊഴിൽ മന്ത്രി ഇന്നലെ പ്രതികരിച്ചത്.

Anna Sebastian Perayil death union labour ministry officials visited and collected information in EY office
Author
First Published Sep 24, 2024, 2:50 PM IST | Last Updated Sep 24, 2024, 2:50 PM IST

ദില്ലി: അന്നാ സെബ്യാസ്റ്റൻ്റെ മരണത്തിൽ അന്വേഷണം നടത്തുന്ന തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പൂനെയിലെ ഇ വൈ ഓഫീസിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചു. അടുത്ത ആഴ്ച്ച മഹാരാഷ്ട്ര സർക്കാർ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും. അതേസമയം, സംഭവത്തില്‍ തൻ്റെ പ്രസ്താവന വളച്ചൊടിച്ച് പ്രതിപക്ഷമാണ് അന്നയെ അപമാനിക്കുന്നതെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ ആരോപിച്ചു

അന്നയുടെ മരണത്തിൽ ഏണസ്റ്റ് ആൻ്റ് യങ് കമ്പനിയുടെ ഭാഗത്ത് വീഴ്ച്ച ഉണ്ടായാൽ കർശന നടപടിയെന്നാണ് കേന്ദ്ര തൊഴിൽ മന്ത്രി ഇന്നലെ പ്രതികരിച്ചത്. മന്ത്രാലയം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നാല് ഉദ്യോഗസ്ഥർ പൂനെയിലെ കമ്പനി ഓഫീസിൽ എത്തിയത്. മഹാരാഷ്ട്ര തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. എന്നാൽ ജീവനക്കാരുടെ മൊഴി എടുത്തോ എന്നതിൽ വ്യക്തതയില്ല. പൂനെയിൽ പ്രവർത്തിക്കാനുള്ള കമ്പനിയുടെ ലൈസൻസിനെക്കുറിച്ചുള്ള വിവരങ്ങൾ ജീവനക്കാർക്കായുള്ള ക്ഷേമ പദ്ധതികളുടെ വിശദാംശം അന്നയുടെ കമ്പനിയിലെ രേഖകൾ എന്നിവ ശേഖരിച്ചെന്നാണ് വിവരം. ഏഴ് ദിവസത്തിനകം മറുപടി നൽകാനാണ് മഹരാഷ്ട്ര തൊഴിൽ വകുപ്പ് നൽകിയ നിർദ്ദേശം. എന്നാൽ പരിശോധനയെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

നേരത്തെ അന്നാ സെബാസ്റ്റ്യന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പതിനാല് ദിവസത്തിനകം മറുപടി നൽകാൻ കേന്ദ്രത്തിന് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ധ്യാന മുറികൾ വേണം, തൊഴിൽ സമ്മർദ്ദം നേരിടാൻ കുടുംബങ്ങളും സ്ഥാപനങ്ങളും യുവാക്കളെ പരിശീലിപ്പിക്കണം തുടങ്ങിയ കേന്ദ്ര ധനമന്ത്രിയുടെ നിർദ്ദേശങ്ങൾ നേരത്തെ വൻ വിവാദമായിരുന്നു. ആരുടെയും പേരെടുത്ത് പറഞ്ഞ് അപമാനിച്ചിട്ടില്ലെന്നും പ്രതിപക്ഷം അനാവശ്യ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് ഇന്നലെ ധനമന്ത്രി നല്‍കിയ വിശദീകരണം.  

Latest Videos
Follow Us:
Download App:
  • android
  • ios