Asianet News MalayalamAsianet News Malayalam

ഹിസ്ബുല്ലയുടെ മനുഷ്യ കവചം ആവരുതെന്ന് ലബനനിലെ ജനങ്ങളോട് ഇസ്രയേൽ; ലെബനനെ പിന്തുണച്ച് ഇറാനും ഇറാഖിലെ സായുധ സംഘവും

ലെബനനിലേക്ക് കര വഴിയുള്ള ആക്രമണത്തിന് ഇസ്രയേൽ മുതിർന്നാൽ ഹിസ്ബുല്ലയ്ക്ക് ഒപ്പം ചേർന്ന് പ്രതിരോധിക്കുമെന്ന് ഇറാഖിലെ സായുധ സംഘങ്ങൾ മുന്നറിയിപ്പ് നൽകി. കനത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇറാനും പ്രഖ്യാപിച്ചു;

Dont be Human Shields of Hezbollah Israel PM Benjamin Netanyahu to People in Lebanon
Author
First Published Sep 24, 2024, 2:47 PM IST | Last Updated Sep 24, 2024, 2:59 PM IST

ബെയ്റൂട്ട്: ഹിസ്ബുല്ലയുടെ മനുഷ്യ കവചം ആകരുതെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നും ലബനനിലെ ജനങ്ങളോട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടു. ലക്ഷ്യം നേടുന്നതുവരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചു. ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, ആംബുലൻസുകൾ എന്നിവയ്ക്ക് മേൽ ഇസ്രയേൽ ബോംബിട്ടതായി ലെബനൻ കുറ്റപ്പെടുത്തി. എന്നാൽ ലെബനീസ് ജനതക്കെതിരെയല്ല ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം എന്നാണ് ഇസ്രയേൽ വാദം. 

അതിനിടെ ലെബനനിലേക്ക് കര വഴിയുള്ള ആക്രമണത്തിന് ഇസ്രയേൽ മുതിർന്നാൽ ഹിസ്ബുല്ലയ്ക്ക് ഒപ്പം ചേർന്ന് പ്രതിരോധിക്കുമെന്ന് ഇറാഖിലെ സായുധ സംഘങ്ങൾ മുന്നറിയിപ്പ് നൽകി. ഇസ്‌ലാമിക് റെസിസ്റ്റൻസ് അടക്കമുള്ള സംഘങ്ങളാണ് പ്രഖ്യാപനം നടത്തിയത്. ഗോലാൻ കുന്നുകളിലെ ഇസ്രയേലി സൈനിക പോസ്റ്റുകൾക്കു നേരെ റോക്കറ്റ് ആക്രമണം നടത്തിയെന്നും ഇസ്‌ലാമിക് റെസിസ്റ്റൻസ് അവകാശപ്പെട്ടു. ലെബനനിലെ ഇസ്രയേൽ വ്യോമാക്രമണം കനത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഇറാനും പ്രഖ്യാപിച്ചു. ലക്ഷ്യം നേടുംവരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയതോടെ പശ്ചിമേഷ്യ പൂർണ യുദ്ധത്തിന്റെ വക്കിലെത്തി. വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നു.

1982 ലേതുപോലെ ലെബനനിലേക്ക് കര വഴി ഇസ്രയേലി സൈനിക നീക്കം ഉണ്ടായാൽ പൂർണ്ണ യുദ്ധത്തിലേക്ക് പശ്ചിമേഷ്യ വഴിമാറും. ഇത് മുൻകൂട്ടി കണ്ട അമേരിക്ക മേഖലയിൽ സൈനിക വിന്യാസം കൂട്ടുകയാണ്. ലെബനനിലെ യുഎസ് പൗരന്മാരോട് രാജ്യം വിടാൻ നിർദേശിച്ചിട്ടുണ്ട്. യുദ്ധം ഒഴിവാക്കണം എന്ന നിലപാടാണ് അമേരിക്ക പുറമേ പ്രകടിപ്പിക്കുന്നത്. 

വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നതോടെ ലെബനനിൽ ഉടനീളം പരിഭ്രാന്തിയാണ്. പതിനായിരങ്ങൾ തെക്കൻ ലെബനോനിൽ നിന്ന് ഉള്ളതെല്ലാമെടുത്ത് പലായനം ചെയ്യുകയാണ്. ദുർബലമായ ചില പ്രത്യാക്രമണങ്ങൾക്ക് ഹിസ്ബുല്ലയും ശ്രമിക്കുന്നുണ്ട്. നൂറു കണക്കിന് റോക്കറ്റുകൾ ഇസ്രായേലിലേക്ക് തൊടുത്തെങ്കിലും ബഹുഭൂരിപക്ഷവും ലക്ഷ്യത്തിൽ എത്തും മുൻപ് നശിപ്പിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.

'എന്ത് വിഡ്ഢിത്തമാണിത്? സോണിയയെ കുറിച്ചുള്ള ആരോപണം തെളിയിച്ചില്ലെങ്കിൽ നിയമ നടപടി': കങ്കണയ്ക്കെതിരെ കോണ്‍ഗ്രസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios