ഹമ്മറുമായി ഇരച്ചെത്തി ഡ്രിഫ്റ്റിങ് നടത്തിയത് ആദരമേറ്റുവാങ്ങിയ ആൾ; നടപടിയുമായി എംവിഡി, ലൈസൻസ് സസ്പെൻഡ് ചെയ്യും

വയനാട് ദുരന്തത്തിൽ സന്നദ്ധ പ്രവര്‍ത്തനം നടത്തിയതിന് വാഹന ഉടമയെ ആദരിച്ചിരുന്നു.

action against vehicle owner by motor vehicle department for dangerously drifting with modified Hummer in thrissur jyothi engineering college

തൃശൂര്‍:തൃശ്ശൂർ ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിങ് കോളേജിൽ മോഡിഫൈ  ചെയ്ത ഹമ്മര്‍ എന്ന വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ നടപടിയുമായി എംവിഡി. വാഹന ഉടമയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് ആര്‍ടിഒ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം അറിയിച്ചു. ആലുവ സ്വദേശി ജേക്കബ് ജോസഫ് എന്നയാളുടെ പേരിലുള്ളതാണ് മോഡിഫൈ ചെയ്ത ഹമ്മര്‍. വയനാട് ദുരന്തത്തിൽ സന്നദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഇയാളെ ആദരിച്ചിരുന്നു.

ആദരമേറ്റുവാങ്ങാനാണ് ജ്യോതി എഞ്ചിനീയറിങ് കോളേജിൽ ഇയാള്‍ എത്തിയത്. ഇയാളുടെ രണ്ട് വാഹനങ്ങള്‍ വയനാട് രക്ഷാപ്രവര്‍ത്തനത്തിന് വിട്ടു കൊടുത്തിരുന്നു. വയനാട് ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തിൽ പങ്കെടുത്തതിന് ആദരമേറ്റുവാങ്ങാനാണ് കോളേജിലെത്തിയത്. തുടര്‍ന്നാണ് കോളേജിലെ ഗ്രൗണ്ടിൽ വിദ്യാര്‍ത്ഥികളുടെ വലയത്തിനുള്ളിൽ ഹമ്മര്‍ എന്ന ആഡംബര വാഹനം കൊണ്ട് അഭ്യാസ പ്രകടനം നടത്തിയത്. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത വാഹനമാണ് മോഡിഫൈ ചെയ്ത് കോളേജിൽ കൊണ്ടുവന്നത്. ക്യാമ്പസിന് ഉള്ളിൽ ഇത്തരം പ്രവൃത്തികൾ ചെയ്യരുതെന്ന എംവിഡിയുടെ വിലക്ക് അവഗണിച്ചായിരുന്നു അഭ്യസ പ്രകടനം. 

അപകടകരമായ രീതിയിലാണ് കോളേജ് ഗ്രൗണ്ടിൽ വാഹനം ഡ്രിഫ്റ്റ് ചെയ്ത് അഭ്യാസപ്രകടനം നടത്തിയത്. വിദ്യാർത്ഥി വലയത്തിന് നടുവിൽ ആയിരുന്നു ഹമ്മർ  ഡ്രിഫ്റ്റ് ചെയ്തത്. വാഹനമോടിക്കുന്നയാളെ കൂടാതെ മുകൾവശം തുറന്ന എസ് യു വിക്കുള്ളിൽ രണ്ട് വിദ്യാർത്ഥികൾ നിൽക്കുന്നതും വീഡിയോയിൽ കാണാം. ഓട്ടോ ഷോയുടെ ഭാഗമായി നടക്കുന്ന വാഹന അഭ്യാസ പ്രകടനങ്ങളിൽ അപകടങ്ങൾ തുടർക്കഥയാവുകയും ഒരു വിദ്യാർത്ഥി കൊസ്സപ്പെടുകയും ചെയ്തതിന് പിന്നാലെ ഇത്തരം പ്രവൃത്തികൾ നടത്തരുതെന്ന് എംവിഡിയും പൊലീസും കർശന നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ ഈ നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തിയാണ്  ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിങ് കോളേജിൽ നടന്ന ഓട്ടോ ഷോയുടെ ഭാഗമായി ഹമ്മർ കൊണ്ട് ഡ്രിഫ്റ്റിംഗ് അടക്കമുള്ള അഭ്യാസപ്രകടനങ്ങൾ നടത്തിയത്. വിദ്യാർത്ഥികൾ നിറഞ്ഞ് കോളേജ് ഗ്രൗണ്ടിൽ അപകടകരമായ രീതിയിലാണ് വാഹനം ഓടിക്കുന്നതെന്ന് വീഡിയോയിൽ കാണാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടിയെടുക്കുമെന്ന് എംവിഡി അറിയിച്ചത്.

ലോറിക്ക് അർജുന്‍റെ പേരിടരുതെന്ന് അമ്മ; 'മനാഫ് നടത്തുന്നത് പിആർ വര്‍ക്ക്, മുബീൻ ആത്മാര്‍ത്ഥയോടെ കൂടെ നിന്നു'

 

Latest Videos
Follow Us:
Download App:
  • android
  • ios