ഈങ്ങാപ്പുഴയിൽ ആശങ്ക നീങ്ങി; ഡോക്ടർക്ക് കൊവിഡ് ബാധിച്ചത് കേരളത്തിൽ നിന്നല്ല, ആശുപത്രിയുടെ വിലക്ക് നീങ്ങി
കര്‍ണ്ണാടകത്തില്‍ വെച്ചാണ് ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ ഇവരുമായി അടുത്തിടപഴകിയെ എട്ട് പേരുടെയും സ്രവം പരിശോധിച്ചു
കോഴിക്കോട്: ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് കർണ്ണാടകത്തിൽ വെച്ച് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ ആശങ്ക നീങ്ങി. ഇദ്ദേഹം അടുത്തിടപഴകിയ എട്ട് പേരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ, രോഗം ബാധിച്ചത് കേരളത്തിൽ നിന്നല്ലെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
കര്‍ണ്ണാടകത്തില്‍ വെച്ചാണ് ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ ഇവരുമായി അടുത്തിടപഴകിയെ എട്ട് പേരുടെയും സ്രവം പരിശോധിച്ചു. എല്ലാവരുടെയും ഫലം നെഗറ്റീവായി. ഇതോടെ കൊവിഡ് ബാധിച്ചത് കേരളത്തില്‍ നിന്നല്ലെന്ന നിഗമനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തി. ഇതിന് പിന്നാലെ ഡോക്ടർ ജോലി ചെയ്ത ആശുപത്രിക്കേര്‍പ്പെടുത്തിയിരുന്ന താത്കാലിക നിയന്ത്രണങ്ങള്‍ ആരോഗ്യവകുപ്പ് നീക്കി.
കൊവിഡ് വൈറസ് ലഭിച്ചത് കേരളത്തില്‍ നിന്നെന്ന കര്‍ണാടക സ്വദേശിയായ ഡോക്ടറുടെ നിലപാട് കഴിഞ്ഞ രണ്ടു ദിവസമായി ഈങ്ങാപ്പുഴയെ ആശങ്കയിലാക്കിയിരുന്നു. ഇതിനാണ് ഇന്നത്തെ പരിശോധന ഫലത്തോടെ വിരാമമായത്. സമ്പര്‍ക്കം പുലര്‍ത്തിയെന്ന് ഡോക്ടര്‍ അറിയിച്ച നഴ്‌സുമാർ, ശുചീകരണ തൊഴിലാളികൾ, കര്‍ണാടകയിലേക്ക് ഡോക്ടറുമായി പോയ ടാക്സി ഡ്രൈവര്‍ എന്നിവരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്.
ഇതോടെ ആശുപത്രി നാളെ മുതല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കും. ഡോക്ടര്‍ക്ക് കൊവിഡ് പകര്‍ന്നത് കര്‍ണാടകത്തിൽ നിന്നായിരിക്കാമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. ഇനി ആരുടെയും സ്രവം പരിശോധിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ഡോക്ടര്‍ പരിശോധിച്ച ഗര്‍ഭിണികള്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരിലാർക്കെങ്കിലും രോഗ ലക്ഷണം കണ്ടാൽ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് നിര്‍ദ്ദേശം നൽകി. പരിശോധനാ ഫലം നെഗറ്റീവായതോടെ ഈ എട്ട് പേരുടെയും ക്വാറന്റീൻ അവസാനിപ്പിച്ചു.