Asianet News MalayalamAsianet News Malayalam

പാളിയോ പ്രതിരോധം? ആറ് ദിവസത്തിനിടെ 66,880 പേര്‍, പടരുന്നത് പലതരം പനികൾ, ഇന്നലെ മാത്രം 652 ഡെങ്കിപ്പനി ബാധിതര്‍

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 493 പേർക്ക് ഡെങ്കിപ്പനിയും, 158 പേർക്ക്  എച്ച് 1 എൻ1 ഉം സ്ഥിരീകരിച്ചിരുന്നു

66880 people in six days different types of fever spread 652 dengue cases yesterday alone in kerala
Author
First Published Jul 7, 2024, 8:02 AM IST | Last Updated Jul 7, 2024, 8:04 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ തരം പനികൾ പടരുന്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ മെല്ലെപ്പോക്ക്. ആറ് ദിവസത്തിനിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 652 പേർക്ക് ആണ്. ഇന്നലെ മാത്രം 159 ഡെങ്കികേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആറ് ദിവസത്തിനിടെ 66,880 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇന്നലെ 3 പേർ കൂടി പനി ബാധിച്ച് മരിച്ചിരുന്നു. 24 മണിക്കൂറിനിടെ 159 പേർക്കാണ് കേരളത്തിൽ ഡെങ്കിപ്പനി സ്ഥീകരിച്ചത്. 42 പേർക്ക് എച്ച് 1 എൻ1 ഉം സ്ഥിരീകരിച്ചു. ഈ സമയത്തിനകം ആകെ 11,050 പേരാണ് പനി ബാധിച്ച് ആശുപത്രിയിലെത്തിയത്. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പനിബാധിതരുടെ രോഗ വിവര കണക്കുകൾ ഇന്നലെയാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്. 

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 493 പേർക്ക് ഡെങ്കിപ്പനിയും, 158 പേർക്ക്  എച്ച് 1 എൻ1 ഉം സ്ഥിരീകരിച്ചിരുന്നു. എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്ന രോഗ കണക്കുകൾ ജൂലൈ 1ന് ആരോഗ്യവകുപ്പ് നിർത്തിവെച്ചിരുന്നു.  ശമ്പളം കിട്ടാത്ത എൻ എച്ച് എം ജീവനക്കാർ നിസഹകരണം പ്രഖ്യാപിച്ചതോടെയാണ് ഏകികൃത കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവച്ചത്. ഇന്നലെ എൻ എച്ച് എം ജീവനക്കാർക്കായി 45 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിന് പിന്നാലെയാണ് വെബ്സൈറ്റിൽ കണക്ക് പ്രസിദ്ധീരിച്ചത്. കണക്ക് പുറത്തുവിടാത്തിൽ ഓദ്യോഗിക വിശദീകരണമൊന്നും സർക്കാർ നൽകിയിരുന്നില്ല. 

അറിഞ്ഞിരിക്കാം...

സംസ്ഥാനത്ത് പ്രധാനമായും ഡെങ്കിപ്പനിയും എച്ച്1എൻ 1ഉം, എലിപ്പനിയും പടരുകയുന്നത്. എന്തൊക്കെയാണ് നാം ശ്രദ്ധിക്കേണ്ടത്. എന്തൊക്കെയാണ് രോഗ ലക്ഷണങ്ങള്‍.? അറിഞ്ഞിരിക്കാം.

ഡെങ്കി

കടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളിൽ വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍

എലിപ്പനി

പനിയോടൊപ്പം നടുവേദന, കാലിലെ പേശികളിൽ വേദന, കണ്ണിന് മഞ്ഞ നിറം എന്നിവ എലിപ്പനിയുടെ ലക്ഷണങ്ങൾ

എച്ച്1 എൻ1

ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയിൽ, ഛർദ്ദി, വയറിളക്കം എന്നിവയാണ് എച്ച്1 എൻ1 ന്‍റെ ലക്ഷണങ്ങള്‍

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 14 വയസുകാരന്‍ മരിച്ചു

രോഗം വന്നാൽ

ഈ രോഗങ്ങള്‍ വന്നാല്‍ നമ്മള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തെതും എന്താണ് എന്നത് കൂടി പരിശോധിക്കാം

  • സ്വയം ചികിത്സ നടത്തരുത്,
  • ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടണം.
  • മരുന്നിനൊപ്പം പൂർണ്ണ വിശ്രമത്തിൽ കഴിയുക,
  • മറ്റുള്ളവരുമായി സന്പര്‍ക്കത്തില്‍ ഏർപ്പെടാതിരിക്കുക.
  • ആശുപത്രിയടക്കമുള്ള സ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ഉപയോഗിക്കുക
  • കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിൻ ഡോക്ടറുടെ നിർദ്ദേശാനുസരണം കഴിക്കണം.
  • വിദ്യാർത്ഥികൾക്ക് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്കൂളുകളില്‍ അയക്കരുത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios