5 മണിക്കൂർ ചോദ്യം ചെയ്യൽ പൂർത്തിയായി; ലഹരി ഉപയോ​ഗിച്ചിട്ടില്ല, ഓംപ്രകാശിനെ അറിയില്ലെന്നും ശ്രീനാഥ് ഭാസി

കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ഓംപ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി.

5 hours of interrogation completed Sreenath Bhasi said that he did not use drugs and did not know Omprakash

കൊച്ചി: കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ഓംപ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ 5 മണിക്കൂർ‌ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തു. ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്നും ഓംപ്രകാശിനെ അറിയില്ലെന്നുമാണ് ശ്രീനാഥ് ഭാസി പൊലീസിനോട് പറഞ്ഞത്. മുറിയിലെത്തിയത് ബിനു ജോസഫിനൊപ്പമെന്നും ശ്രീനാഥ് അറിയിച്ചു. ബിനു ജോസഫ് സുഹൃത്താണെന്നും  ബിനുവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും ഭാസി പൊലീസിന് നൽകിയ മൊഴിയിലുണ്ട്. ഇന്ന് രാവിലെ 11.45 ഓടെയാണ് ശ്രീനാഥ് മരട് പൊലീസ് സ്റ്റേഷനിലെത്തിയത്. 

നടി പ്രയാഗ മാര്‍ട്ടിനും നടന്‍ ശ്രീനാഥ് ഭാസിയും കൊച്ചിയിലെ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ ഓം പ്രകാശുണ്ടായിരുന്ന മുറിയിലെത്തിയെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇവരെ കൂടാതെ ഇരുപത് പേര്‍ വേറെയുമുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. മുറിയില്‍ ലഹരിപാര്‍ട്ടി നടന്നെന്ന് ഉറപ്പിച്ചിരിക്കുകയാണ് അന്വേഷണസംഘം. തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നല്‍കിയത്. റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള 20 പേരിൽ മറ്റ് ചിലരെയും അന്വേഷണസംഘം ബന്ധപ്പെട്ടിട്ടുണ്ട്. ഓംപ്രകാശ് താമസിച്ചിരുന്ന മുറിയിൽ ലഹരിയുടെ അംശം കണ്ടെത്തി എന്നാണ് വിവരം. കേസിന്റെ പുരോഗതിയിൽ ഈ റിപ്പോർട്ട് ഗുണം ചെയ്യും.

കൊച്ചിയിൽ ബോൾഗാട്ടിയിൽ അലൻ വാക്കറുടെ ഡി ജെ ഷോയിൽ പങ്കെടുക്കാൻ എന്ന പേരിൽ സെവൻ സ്റ്റാർ ഹോട്ടലിൽ മുറി എടുത്താണ് ലഹരി ഉപയോഗമെന്നാണ് പൊലീസ് പറയുന്നത്. ബോബി ചലപതി എന്നയാളുടെ പേരിൽ ബുക്ക്‌ ചെയ്ത മുറിയിൽ സംഘടിച്ച ആളുകള്‍ ലഹരി ഉപയോഗിച്ചു. എല്ലാത്തിനും ചുക്കാൻ പിടി‌ച്ചതും പാർട്ടിയുടെ ഭാഗമായതും ഗുണ്ടാ തലവൻ ഓം പ്രകാശാണെന്നും എളമക്കരക്കാരനായ ബിനു ജോസഫ് വഴിയാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും മുറിയിൽ എത്തിയതെന്നും പൊലീസ് പറയുന്നു. ഓം പ്രകാശിന് ഇവരെ നേരിട്ട് പരിചയമില്ലെന്നും പൊലീസ് വ്യക്തമാക്കി. ബിനുവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios