Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് 24 കോളേജുകളിലെ 1000ത്തോളം നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞു; വിദ്യാര്‍ത്ഥികൾക്ക് പ്രതിസന്ധി

പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ സർക്കാരും സംസ്ഥാന നഴ്സിങ് കൗൺസിലും ഇന്ത്യൻ നഴ്സിങ് കൗൺസിലും അംഗീകാരം നൽകണമെന്നാണ് വ്യവസ്ഥ

24 nursing college first semester result on hold students in crisis
Author
First Published Jul 24, 2024, 6:27 AM IST | Last Updated Jul 24, 2024, 6:27 AM IST

കൊച്ചി: സംസ്ഥാനത്തെ ബിഎസ്‌സി നഴ്സിങ് ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ ആയിരത്തിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു വച്ചതോടെ പ്രതിസന്ധി. സംസ്ഥാനത്തുള്ള 156 നഴ്സിങ് കോളേജുകളിൽ 24 കോളേജുകളിലെ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകാരം കിട്ടും മുൻപ് കോഴ്സ് തുടങ്ങിയതാണ് പ്രശ്നമായിരിക്കുന്നത്.

കഴിഞ്ഞ വർഷം തുടങ്ങിയ പത്തനംതിട്ട, വയനാട്, ഇടുക്കി തുടങ്ങി അഞ്ചിടത്തെ സർക്കാർ നഴ്സിങ് കോളേജുകളും സർക്കാർ നിയന്ത്രിത സി-മെറ്റ് കോളേജുകളും ഉൾപെടെ 17 നഴ്സിങ് കോളേജുകളിലേയും സീറ്റ് കൂട്ടി നൽകിയ ഏഴ് കോളേജുകളിലേയും ഒന്നാം സെമസ്റ്റർ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. 

പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ സർക്കാരും സംസ്ഥാന നഴ്സിങ് കൗൺസിലും ഇന്ത്യൻ നഴ്സിങ് കൗൺസിലും അംഗീകാരം നൽകണമെന്നാണ് വ്യവസ്ഥ. ഇന്ത്യൻ നഴ്സിങ് കൗൺസിൽ അനുമതി കിട്ടും മുൻപ് ആരോഗ്യ സർവകലാശാല വിദ്യാർത്ഥി പ്രവേശനത്തിന് താത്കാലിക അനുമതി നൽകി. ഇതാണ് പരീക്ഷാഫലം തടയലിൽ എത്തിനിൽക്കുന്നത്.

ഉയർന്ന മാർക്ക് വാങ്ങി നഴ്സിങ് പഠനത്തിന് ചേർന്ന വിദ്യാര്‍ത്ഥികളാണ് ഇപ്പോൾ ഭാവിപഠനത്തെ കുറിച്ചുള്ള ചോദ്യചിഹ്നത്തിന് മുന്നിൽ നിൽക്കുന്നത്. അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആരോഗ്യ സർവകലാശാല വൈസ് ചാൻസലർക്കും സംസ്ഥാന-ദേശീയ നഴ്സിങ് കൗൺസിലുകൾക്കും നിവേദനം നൽകി കാത്തിരിക്കുകയാണ് നഴ്സിങ് വിദ്യാർത്ഥികൾ.

Latest Videos
Follow Us:
Download App:
  • android
  • ios