ദില്ലിയിൽ നിന്നും ട്രെയിനിൽ എറണാകുളത്തെത്തിയ 17 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
ഏഴ് പേരെ കോട്ടയം മെഡിക്കൽ കോളേജിലും ആറ് പേരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും നാല് പേരെ തൊടുപുഴ ജനറൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്
കൊച്ചി: ദില്ലി - തിരുവനന്തപുരം പ്രത്യേക ട്രെയിനിൽ ഇന്ന് എറണാകുളത്ത് എത്തിയ 17 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആകെ 235 യാത്രക്കാരാണ് ഈ ട്രെയിനിൽ ഉണ്ടായിരുന്നത്.
ഏഴ് പേരെ കോട്ടയം മെഡിക്കൽ കോളേജിലും ആറ് പേരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും നാല് പേരെ തൊടുപുഴ ജനറൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
ഇന്ന് വൈകുന്നേരം മസ്കറ്റിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രവാസിക്ക് കൊവിഡ് രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റി. 180 പേരടങ്ങിയ സംഘമാണ് ഇന്ന് കണ്ണൂരിൽ വിമാനമിറങ്ങിയത്. ഗർഭിണികളും കുട്ടികളും ഈ വിമാനത്തിലുണ്ടായിരുന്നു. ഈ വിമാനത്തിലെത്തിയ തൃശ്ശൂർ സ്വദേശിക്കാണ് രോഗലക്ഷണം കണ്ടത്.
സംസ്ഥാനത്ത് ഇന്ന് 42 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 21 പേരും മഹാരാഷ്ട്രയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ മലയാളികളാണ്. അതേസമയം 17 പേർ വിദേശത്ത് നിന്നെത്തിയവരാണ്. സംസ്ഥാനത്ത് ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ച ദിവസവും ഇന്നാണ്.