വൈറ്റ് കെയിനിന്റെ സഹായത്തോടെ വെയിലും മഴയും കൊണ്ട് ലോട്ടറി വിൽപ്പന; എന്നിട്ടും..., ഒന്ന് കനിയൂ അധികൃതരെ
ദീര്‍ഘ ദൂരം വൈറ്റ് കെയിനിന്റെ സഹായത്തോടെ അനില്‍കുമാര്‍ ലോട്ടറി വില്‍പനക്കായി ഇറങ്ങും. ഒരു ദിവസം ആയിരം രൂപയുടെ ലോട്ടറി വില്‍ക്കുകയാണ് ലക്ഷ്യം
പാലക്കാട്: ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് കാഴ്ചാ പരിമിതിരായ ലോട്ടറി വില്‍പനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി പരാതി. മാനദണ്ഡപ്രകാരം പ്രതിമാസം 25,000 രൂപയുടെ ടിക്കറ്റ് വിറ്റാലും പിന്നെയും കടമ്പകള്‍ ഏറെയാണ്. ദീര്‍ഘ ദൂരം വൈറ്റ് കെയിനിന്റെ സഹായത്തോടെ അനില്‍കുമാര്‍ ലോട്ടറി വില്‍പനക്കായി ഇറങ്ങും. ഒരു ദിവസം ആയിരം രൂപയുടെ ലോട്ടറി വില്‍ക്കുകയാണ് ലക്ഷ്യം. ക്ഷേമനിധി മാനദണ്ഡ പ്രകാരം പ്രതിമാസം 25000 ടിക്കറ്റ് വില്‍ക്കും.
എന്നിട്ടും ആനുകൂല്യം കിട്ടാന്‍ നൂലാമാലകള്‍ പലതാണ്. സംസ്ഥാനത്ത് ഭാഗ്യക്കുറി ക്ഷേമനിധിയില്‍ പതിനായിരത്തിലധികം അംഗങ്ങളുണ്ട്. അനില്‍കുമാറിനെ പോലെ കാഴ്ചാപരിമിതര്‍ ആയിരത്തോളം പേരാണ്. വര്‍ഷത്തിലൊരിക്കല്‍ ഇവര്‍ക്ക് കിട്ടുന്ന ബോണസാണ് ഏക ആശ്വാസം. ലോട്ടറി ഏജന്‍സികളില്‍ നിന്ന് ലഭിക്കുന്ന ഡെലിവറി ചലാന്‍ മറ്റൊരു രജിസ്ട്രറിലേക്ക് മാറ്റി എഴുതണം എന്നാണ് ചട്ടം. ഇത് കാഴ്ചാ പരിമിതര്‍ക്ക് പലപ്പോഴും പറ്റാറില്ല. എന്നാല്‍ ഇത് തികച്ചും സാങ്കേതികം മാത്രമെന്നാണ് ലോട്ടറി ക്ഷേമനിധി വകുപ്പിന്‍റെ വിശദീകരണം.