വിപണിയിൽ വീണ്ടും ഭാഗ്യം ഉണർന്നു; ഇന്നലെ സംസ്ഥാനത്ത് വിറ്റത് ഒരുലക്ഷത്തിലേറെ ലോട്ടറി ടിക്കറ്റുകൾ
കൊവിഡ് പ്രതിസന്ധിക്കിടെ തങ്ങൾ പ്രതീക്ഷിച്ചതിനെക്കാളും ടിക്കറ്റുകൾ വിറ്റുപോയെന്നും വരും ദിവസങ്ങളിൽ കൂടുതൽ ടിക്കറ്റുകൾ വിൽക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പബ്ലിസിറ്റി ഓഫീസർ അറിയിച്ചു.
തിരുവനന്തപുരം: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ നിർത്തലാക്കിയ സംസ്ഥാന ലോട്ടറി ടിക്കറ്റുകളുടെ വില്പന വീണ്ടും ആരംഭിച്ചുവെങ്കിലും കാര്യമായ വില്പന ഉണ്ടായില്ല. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ വില്പന ആരംഭിച്ചപ്പോൾ 1,39,940 രൂപയുടെ ടിക്കറ്റുകളാണ് വിറ്റതെന്ന് ലോട്ടറി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
സാധാര ദിവസങ്ങളിൽ 90 മുതൽ 96 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കുന്നതിൽ ഏറെക്കുറേയും വിറ്റുപോകുമായിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടെ തങ്ങൾ പ്രതീക്ഷിച്ചതിനെക്കാളും ടിക്കറ്റുകൾ വിറ്റുപോയെന്നും വരും ദിവസങ്ങളിൽ കൂടുതൽ ടിക്കറ്റുകൾ വിൽക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പബ്ലിസിറ്റി ഓഫീസർ അറിയിച്ചു.
സമ്മർ ബംബർ ഉൾപ്പെടെയുള്ള 8 ഇനം ലോട്ടറികളുടെ(പൗർണമി ആർഎൻ 435, വിൻവിൻ ഡബ്ല്യു 557, സ്ത്രീശക്തി എസ്എസ് 202, അക്ഷയ എകെ 438, കാരുണ്യ പ്ലസ് കെഎൻ 309, നിർമൽ എൻആർ 166, പൗർണമി ആർഎൻ - 436, സമ്മർ ബംപർ) വിൽപ്പനയാണ് ഇപ്പോൾ നടക്കുന്നത്. ജൂൺ 2 മുതലാണ് ഇവയുടെ നറുക്കെടുപ്പ്. ജൂൺ 1 മുതൽ 30വരെയുള്ള ടിക്കറ്റുകൾ റദ്ദാക്കിയിട്ടുണ്ട്.
പുതിയ ടിക്കറ്റുകൾ ജൂലൈ 1 മുതൽ വിപണിയിൽ ഇറക്കാനാണ് ലോട്ടറി വകുപ്പ് ആലോചിക്കുന്നത്. മാസ്ക്, സാനിറ്റൈസർ, കൈയ്യുറ എന്നിവ ധരിച്ചാണ് ഏജന്റുമാർ ലോട്ടറി വിൽക്കുന്നത്. സാമൂഹിക അകലവും പാലിക്കുന്നുണ്ട്. മൊത്ത വിതരണക്കാർ ഏജന്റുമാർക്ക് സാനിറ്റൈസർ നൽകുന്നുണ്ട്. സാനിറ്റൈസർ കടകളിലും സൂക്ഷിക്കണം.