Kerala Blasters : സീസണിലെ ഗോളെന്ന് ഫുട്‌ബോള്‍ ലോകം; അറിയില്ലെന്ന് സഹല്‍- വണ്ടര്‍ ഗോളിന്റെ വീഡിയോ കാണാം
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (Indian Super League) മുംബൈ സിറ്റിക്കെതിരേയായിരുന്നു സഹലിന്റെ ഗോള്‍. ഈ വണ്ടര്‍ ഗോളിലാണ് കേരളം മത്സരത്തില്‍ ആദ്യമായി മുന്നിലെത്തുന്നത്. പന്തുമായി മുന്നേറി നാല് മുംബൈ താരങ്ങളെ കബളിപ്പിച്ചാണ് താരം ഗോള്‍ നേടുന്നത്.
ഫറ്റോര്‍ഡ: കേരള ബ്ലാസ്‌റ്റേഴ്‌സ് (Kerala Blaster) താരം സഹല്‍ അബ്ദുള്‍ സമദ് (sahal abdul samad) നേടിയ ഗോളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (Indian Super League) മുംബൈ സിറ്റിക്കെതിരേയായിരുന്നു സഹലിന്റെ ഗോള്‍. ഈ വണ്ടര്‍ ഗോളിലാണ് കേരളം മത്സരത്തില്‍ ആദ്യമായി മുന്നിലെത്തുന്നത്. പന്തുമായി മുന്നേറി നാല് മുംബൈ താരങ്ങളെ കബളിപ്പിച്ചാണ് താരം ഗോള്‍ നേടുന്നത്.
സീസണില്‍ മധ്യനിര താരം നേടുന്ന അഞ്ചാമത്തെ ഗോളായിരുന്നു ഇത്. 11 മത്സരങ്ങള്‍ക്കിടെ ആദ്യത്തേതും. മത്സരത്തിന്റെ 19-ാം മിനിറ്റിലാണ് താരം സഹല്‍ ഗോള്‍ കണ്ടെത്തുന്നത്. സഹലിന്റേയും ഐഎസ്എല്‍ സീസണിലേയും മികച്ച ഗോളാണിതെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം പുകഴ്ത്തുമ്പോഴും അതിനെ കുറിച്ചൊന്നും അറിയില്ലെന്നാണ് സഹല്‍ പറയുന്നത്. മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു സഹല്‍.
അദ്ദേഹത്തിന്റെ വാക്കുകള്‍... ''കരിയറിലെ മികച്ച ഗോളാണിതെന്ന് പറഞ്ഞാല്‍ എനിക്ക് മറുപടി പറയാന്‍ അറിയില്ല. ഗോള്‍ ഒരിക്കല്‍കൂടി കണ്ടിട്ടേ എന്തെങ്കിലും പറയാന്‍ സാധിക്കൂ. മികച്ച ഗോളാണെന്നാണ് ഞാന്‍ കരുതുന്നത്. ഈ ഗോള്‍ നേട്ടം എനിക്ക് ഒരുപാട് ആത്മവിശ്വാസം നല്‍കുന്നു. വരും മത്സരങ്ങളിലും ഗോള്‍ നേടാനാവുമെന്ന് വിശ്വസിക്കുന്നു. അതിനേക്കാള്‍ ഉപരി ടീം ജയിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്.'' സഹല്‍ പറഞ്ഞു.
സഹോദരില്‍ നിന്നാണ് ഇത്തരം ടെക്‌നിക്കുകളെല്ലാം പഠിച്ചതെന്നും സഹല്‍ പറഞ്ഞു. ഗോവയ്‌ക്കെതിരായ അടുത്ത മത്സരം വളരെ നിര്‍ണായകമാണെന്നും സഹല്‍ കൂട്ടിച്ചേര്‍ത്തു. മുംബൈക്കെതിരെ 3-1ന്റെ ജയമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. സഹലിന് പുറമെ അല്‍വാരോ വാസ്‌ക്വെസാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് ഗോളും നേടിയത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി പ്രതീക്ഷകളും സജീവമായി.
ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതകള്‍
നിലവില്‍ 18 കളികളില്‍ 37 പോയിന്റുള്ള ജംഷഡ്പൂര്‍ എഫ് സി ഒന്നാം സ്ഥാനത്തും 19 കളികളില്‍ 35 പോയിന്റുള്ള ഹൈദരാബാദ് എഫ് സി രണ്ടാം സ്ഥാനത്തുമാണ്. ഇരു ടീമുകളും സെമിയില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങളിലേക്കാണ് ബ്ലാസ്റ്റേഴ്‌സും മുംബൈയും എടികെയും പൊരുതുന്നത്. ഇന്നത്തെ ജയത്തോടെ ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതകള്‍ സജീവമായപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയുടെ സാധ്യതകള്‍ മങ്ങി.
അവസാന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒമ്പതാം സ്ഥാനക്കാരായ എഫ് സി ഗോവക്കെതിരെ സമനില നേടിയാലും ബ്ലാസ്റ്റേഴ്‌സിന് സെമി സ്ഥാനം ഉറപ്പിക്കാം. അവസാന മത്സത്തില്‍ ബ്ലാസ്റ്റേഴ്‌സ് സമനില നേടുകയും മുംബൈ ഹൈദരാബാദിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഇരു ടീമിനും 34 പോയിന്റ് വീതമാവും. അപ്പോഴും ഇരുപാദങ്ങളിലും നേടിയ ജയം ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷക്കെത്തും. ബ്ലാസ്റ്റേഴ്‌സ് സെമിയിലേക്ക് മുന്നേറും.
എന്നാല്‍ അവസാന മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ഹൈദരാബാദിനെ വീഴ്ത്തിയാലും മുംബൈക്ക് സെമി ഉറപ്പില്ല. ഗോവയോട് ബ്ലാസ്റ്റേഴ്‌സ് തോറ്റാലെ മുംബൈക്ക് എന്തെങ്കിലും സാധ്യതകളുള്ളു. രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള എടികെ മോഹന്‍ ബഗാന്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വമ്പന്‍ മാര്‍ജിനില്‍ തോറ്റാല്‍ മാത്രമാണ് പിന്നീട് മുംബൈക്ക് എന്തെങ്കിലും സാധ്യത തുറക്കു. എടികെക്ക് മുംബൈയെക്കാള്‍ മികച്ച ഗോള്‍ ശരാശരിയുള്ളത് അവരുടെ രക്ഷക്കെത്തും.
എടികെക്ക് ചെന്നൈയിനും ഒന്നാം സ്ഥാനത്തുള്ള ജംഷഡ്പൂരിനുമെതിരെയാണ് ഇനി മത്സരങ്ങളുള്ളത്. മുംബൈക്ക് ഹൈദരാബാദിനെതിരെയും ബ്ലാസ്റ്റേഴ്‌സിന് ഗോവക്കെതിരെയും. സമനിലകൊണ്ടുപോലും സ്വപ്നനേട്ടത്തിലെത്താന്‍ മഞ്ഞപ്പടക്ക് കഴിയുമെന്നിരിക്കെ ആരാധകരും ആവേശത്തിലാണ്.