ISL 2021-22 : കേരള ബ്ലാസ്‌റ്റേഴ്‌സിനെ വെല്ലാനാരുണ്ട്? ശിവന്‍കുട്ടിയുടെ ചോദ്യം; വിജയമാഘോഷിച്ച് സോഷ്യല്‍ മീഡിയ
ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം ആഘോഷിക്കുകയാണ് സോഷ്യല്‍ അക്കൂട്ടത്തില്‍ വിദ്യഭ്യാസമന്ത്രി വി ശിവന്‍കൂട്ടിയുമുണ്ട്. വെല്ലാനാരുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ബ്ലാസ്‌റ്റേഴ്‌സിന് സ്‌നേഹവും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സിന്റെ (Kerala Blasters) വിജയം ആഘോഷിച്ച് സോഷ്യല്‍ മീഡിയ. ആദ്യപാദ സെമിയില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ (Jamshedpur FC) എതിരില്ലാത്ത ഒരു ഗോളിന്റെ ജയമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ ഗോളാണ് മഞ്ഞപ്പടയ്ക്ക് വിജയമൊരുക്കിയത്. ജയത്തോടെ 15ന് നടക്കുന്ന രണ്ടാംപാദ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് മാനസിക ആധിപത്യമായി.
ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം ആഘോഷിക്കുകയാണ് സോഷ്യല്‍ അക്കൂട്ടത്തില്‍ വിദ്യഭ്യാസമന്ത്രി വി ശിവന്‍കൂട്ടിയുമുണ്ട്്. വെല്ലാനാരുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ബ്ലാസ്‌റ്റേഴ്‌സിന് സ്‌നേഹവും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലും നിരവധി പേര്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ആഘോഷിച്ചു.
38-ാം മിനിറ്റിലാണ് കേരളത്തിന്റെ വിജയഗോള്‍ പിറന്നത്. മധ്യനിരയില്‍ നിന്ന് ഉയര്‍ത്തി അടിച്ച പന്ത് ബോക്‌സിലേക്ക് ഓടിക്കയറിയ സഹല്‍ ജംഷഡ്പൂരിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷിന്റെ തലക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ട് ബ്ലാസ്റ്റേഴ്‌സിനെ ഒരടി മുന്നിലെത്തിച്ചു. സീസണില്‍ സഹലിന്റെ ആറാം ഗോളാണിത്.
രണ്ടാംപാതിയില്‍ ബ്ലാസ്റ്റേഴ്‌സിനായിരുന്നു ആധിപത്യം. രണ്ടാം ഗോളിലേക്കുള്ള നിരവധി അവസരങ്ങള്‍ മഞ്ഞപ്പട സൃഷ്ടിച്ചു. അതില്‍ എടുത്തുപറയേണ്ടത് 60-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ ഫ്രീകിക്കായിരുന്ന്ു. ലൂണയുടെ കാലില്‍ നിന്ന് മറ്റൊരു വണ്ടര്‍ ഗോള്‍ പിറക്കേണ്ടതായിരുന്നു. ഗോള്‍ കീപ്പര്‍ രഹനേഷിനേയും മറികടന്ന് പോസ്റ്റിലേക്ക് താഴ്ന്നിറങ്ങിയ പന്ത് പോസ്റ്റില്‍ തട്ടിതെറിച്ചു.
അതിന് തൊട്ടുമുമ്പ് 58ാം മിനിറ്റില്‍ പെരേര ഡയസിന്റെ ഡൈവിംഗ് ഹെഡര്‍ ഗോള്‍ കീപ്പര്‍ കൈക്കലാക്കി. 69-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് വാസ്‌ക്വെസിന്റെ ഇടങ്കാലന്‍ ഷോട്ട് ജംഷഡ്പൂര്‍ പ്രതിരോധതാരത്തിന്റെ കാലില്‍ തട്ടി പുറത്തേക്ക് പോയി. 79-ാം മിനിറ്റില്‍ ജംഷഡ്പൂര്‍ താരം ഋത്വിക് കുമാറിന്റെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ ബാറിന് മുകളിലൂടെ പറന്നു.
88-ാം മിനിറ്റില്‍ ഇഷാന്‍ പണ്ഡിതയുടെ വലങ്കാലന്‍ ഷോട്ട് പോസ്റ്റിന് തോട്ടുരുമി പുറത്തേക്ക്. ജംഷഡ്പൂരിന് ലഭിച്ചതില്‍ മികച്ച അവസരങ്ങളില്‍ ഒന്നായിരുന്നു അത്. അവസാന നിമിഷങ്ങളില്‍ ജംഷഡ്പൂര്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍ നിരന്തരം ഭീഷണി ഉയര്‍ത്തിയെങ്കിലും ഒന്നും ഫലവത്തായില്ല.