ISL 2021-22 : കേരള ബ്ലാസ്‌റ്റേഴ്സ് ഇന്ന് എടികെ മോഹന്‍ ബഗാനെതിരെ; ഐഎസ്എല്ലില്‍ കരുത്തരുടെ പോര്
നിലവില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് മോഹന്‍ ബഗാന്‍. ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തും. ഇന്ന് ജയിച്ചാല്‍ ബഗാന് ഒന്നമതെത്താം. ബ്ലാസ്‌റ്റേഴ്‌സിന് ജയിച്ചാല്‍ ജംഷഡ്പൂര്‍ എഫ്‌സിയെ പിന്തള്ളി മൂന്നാമതെത്താം.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഇന്നിറങ്ങും. വമ്പന്മാരുടെ പോരില്‍ എടികെ മോഹന്‍ ബഗാനാണ് (ATK Mohun Bagan) ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. നിലവില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് മോഹന്‍ ബഗാന്‍. ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തും. ഇന്ന് ജയിച്ചാല്‍ ബഗാന് ഒന്നമതെത്താം. ബ്ലാസ്‌റ്റേഴ്‌സിന് ജയിച്ചാല്‍ ജംഷഡ്പൂര്‍ എഫ്‌സിയെ പിന്തള്ളി മൂന്നാമതെത്താം. നിലവില്‍ 15 മത്സരങ്ങളില്‍ 29 പോയിന്റാണ് ബഗാന്. ബ്ലാസ്‌റ്റേ്‌സിന് ഇത്രയും മത്സങ്ങളില്‍ 26 പോയിന്റുണ്ട്. 16 മത്സരങ്ങളില്‍ 29 പോയിന്റുള്ള ഹൈദരാബാദ് എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്.
ബ്ലാസ്റ്റേഴ്‌സിനെതിരായ ആദ്യ പാദത്തില്‍ മോഹന്‍ ബഗാനായിരുന്നു ജയം. അന്ന് രണ്ടിനെതിരെ നാല് ഗോളിന് കൊല്‍ക്കത്തകാര്‍ മഞ്ഞപ്പടെയ തകര്‍ത്തു. ഇതിനുള്ള പകരം ചോദിക്കാനുണ്ടാവും ബ്ലാസ്‌റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണെന്ന് കഴിഞ്ഞ ദിവസം കോച്ച് ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കിയിരുന്നു. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിന് മുമ്പാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് 1-0ത്ത് ജയിക്കുകയും ചെയ്തിരുന്നു.
പരിക്ക് മാറി തിരിച്ചുവന്ന കെ പി രാഹുല്‍ ഇന്നും കളിക്കാനിടയില്ല. താരത്തെ തിരക്കിട്ട് ഇറക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സസ്‌പെന്‍ഷനിലായ ലെസ്‌കോവിച്ചും ഹര്‍മന്‍ജോത് ഖബ്രയും ഇന്നത്തെ മത്സരത്തില്‍ തിരിച്ചെത്തിയേക്കും ഇതോടെ പ്രതിരോധം ശക്തിപ്പെടും. മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിങ്കാനെതിരെ കളിക്കുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ബഗാന്റെ പ്രതിരോധത്തില്‍ ജിങ്കാനുണ്ടാവും. സീസണില്‍ ആദ്യമായിട്ടാണ് ജിങ്കാന്‍ ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങുന്നത്.
അതേസമയം ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് മോഹന്‍ ബഗാന്‍. സീസണില്‍ ഏറ്റവും കുറവ് തോല്‍വിയും ബഗാനാണ്. രണ്ട് തവണ മാത്രമാണ് അവര്‍ അടിയറവ് പറഞ്ഞത്. അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും ബഗാന്‍ ജയിച്ചു.
ബംഗളൂരുവിനെ നോര്‍ത്ത് ഈസ്റ്റ് അട്ടിമറിച്ചു
ഇന്നലെ നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്‌സിയെ നോര്‍ത്ത് ഈസ്റ്റ് അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഹൈലാന്‍ഡേഴ്‌സിന്റെ ജയം. 66-ാം മിനിറ്റില്‍ സില്‍വയുടെ ഗോളില്‍ ബംഗളൂരു മുന്നിലെത്തി. ഡാനിഷ് ഫറൂഖ് ഭട്ടാണ് സഹായമെത്തിച്ചത്.
എട്ട് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന് ആയുസ്. 74-ാം മിനിറ്റില്‍ ബ്രൗണ്‍ നോര്‍ത്ത് ഈസ്റ്റിനെ ഒപ്പെത്തിച്ചു. ജോ സൊഹര്‍ലിയാനയാണ് നോര്‍ത്ത് ഈസ്റ്റിന് സമനില ഗോളിന് അസിസ്റ്റ് നല്‍കിയത്. അധികം വൈകാതെ നോര്‍ത്ത് ഈസ്റ്റ് ലീഡെടുത്തു. 80-ാം മിനിറ്റിലായിരുന്നു റാല്‍റ്റെയുടെ ഗോള്‍.
തോല്‍വിയോടെ ബംഗളൂരു ആറാം സ്ഥാനത്ത് തുടരുന്നു. 17 മത്സരങ്ങളില്‍ 23 പോയിന്റാണ് അവര്‍ക്കുള്ളത്. കഴിഞ്ഞ രണ്ട് മത്സങ്ങളിലും അവര്‍ക്ക് തോല്‍വിയായിരുന്നു ഫലം. ജയിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റ് 10-ാം സ്ഥാനത്ത് തന്നെയാണ്. 18 മത്സരങ്ങളില്‍ 13 പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. ജയിച്ചിരുന്നെങ്കില്‍ ബംഗളൂരുവിന് ആദ്യ നാലിലെത്താനുള്ള അവസരമുണ്ടായിരുന്നു.