വീണ്ടും തോല്‍വി, ഇത്തവണ മുംബൈയോട്; ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യതകള്‍ മങ്ങുന്നു
ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു മുംബൈയുടെ ജയം. ബിപിന്‍ സിംഗ്, ആഡം ലെ ഫോണ്ട്രെ എന്നിവരാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു തോല്‍വി കൂടി. ഇത്തവണ മുംബൈ സിറ്റി എഫ്‌സിയാണ് മഞ്ഞപ്പടയെ തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു മുംബൈയുടെ ജയം. ബിപിന്‍ സിംഗ്, ആഡം ലെ ഫോണ്ട്രെ എന്നിവരാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. വിസെന്റെ ഗോമിസിന്റെ വകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഏകഗോള്‍. ടൂര്‍ണമെന്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആറാം തോല്‍വിയാണിത്.
മത്സരത്തില്‍ പല സമയങ്ങളിലും ബ്ലാസ്റ്റേഴ്‌സ് മുംബൈയേക്കാള്‍ മികച്ചുനിന്നു. ലക്ഷ്യത്തിലേക്ക് ഏറ്റവും കൂടുതല്‍ തവണ ഷോട്ടുകള്‍ പായിച്ചതും ബ്ലാസ്റ്റേഴ്‌സ് തന്നെയായിരുന്നു. എന്നാല്‍ ജയം മാത്രം അകന്നുനിന്നു. തുടക്കത്തില്‍ ലീഡ് നേടിയ ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. 27ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്.
സഹല്‍ അബ്ദു സമദിന്റെ അസിസ്റ്റാലിയിരുന്നു ഗോമസിന്റെ ഗോള്‍. സമദിന്റെ കോര്‍ണര്‍ കിക്കില്‍ തലവെച്ച ഗോമസ് ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചു. ഇതിന് തൊട്ടുമുമ്പ് മുറെയുടെ ഒരു തകര്‍പ്പന്‍ ഷോട്ട് മുംബൈ ഗോള്‍ കീപ്പര്‍ അമ്രിന്ദര്‍ അസാമാന്യ മെയ്‌വഴക്കത്തോടെ രക്ഷപ്പെടുത്തിയിരുന്നു. 29ാം മിറ്റില്‍ മറെയ്ക്ക് കിട്ടിയ അവസരം പാഴാക്കി. വലത് പാര്‍ശ്വത്തില്‍ നിന്ന് നിലം പറ്റെയുള്ള ഒരു ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ആദ്യ പകുതിയില്‍ പിന്നീട് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല.
രണ്ടാം പകുതി ആരംഭിച്ച് 20 സെക്കന്‍ഡുകള്‍ക്കകം മുംബൈ തിരിച്ചടിച്ചു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലുണ്ടായ പിഴവ് ബിപിന്‍ സിംഗ് മുതലാക്കി. 60ാം മിനിറ്റില്‍ രാഹുലിന്റെ ഹെഡ്ഡര്‍ മുംബൈ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. 65ാം മിനിറ്റില്‍ മുംബൈയുടെ വിജയമുറപ്പിച്ച ഗോളെത്തി. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധതാരം കോസ്റ്റ, ഫ്രോണ്ടെയെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഗോളായിമാറുകയായിരുന്നു. ഫ്രോണ്ട്രെ തന്നെയാണ് ഗോള്‍ നേടിയത്.
ജയത്തോടെ മുംബൈ സിറ്റി തങ്ങളുടെ ഒന്നാം സ്ഥാനം ഉറപ്പുവരുത്തി. 15 മത്സരങ്ങളില്‍ 33 പോയിന്റാണ് അവര്‍ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള എടികെ മോഹന്‍ ബഗാന് 14 മത്സരങ്ങളില്‍ 27 പോയിന്റുണ്ട്. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നോട്ടുള്ള വഴി ബുദ്ധിമുട്ടേറിയതായി. 16 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് 15 പോയിന്റ് മാത്രമാണുള്ളത്.