ISL 2022 : 'കൊച്ചിയിലെ നിറഞ്ഞ ഗ്യാലറിയില്‍ എടികെയെ കിട്ടണം'; വുകോമനോവിച്ചിന്റെ പ്രതികരണം
ഉദ്ഘാടനമത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടിയെന്ന് ഉറപ്പിച്ചിരിക്കെ ആയിരുന്നു എടികെ മോഹന്‍ ബഗാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ (Kerala Blasters) സന്തോഷമുഖത്തേക്ക് പന്തടിച്ചിട്ടത്.
ഫറ്റോര്‍ഡ: ഈ സീസണിലെ ഏറ്റവും വാശിയേറിയ പോരാട്ടം എടികെ മോഹന്‍ ബഗാനെതിരെ (ATK Mohun Bagan) ആയിരുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് (Ivan Vukomanovic). അടുത്ത സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കൊച്ചിയില്‍ എടികെ മോഹന്‍ ബഗാനെ നേരിടണമെന്നും വുകോമനോവിച്ച് പറഞ്ഞു.
ഉദ്ഘാടനമത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടിയെന്ന് ഉറപ്പിച്ചിരിക്കെ ആയിരുന്നു എടികെ മോഹന്‍ ബഗാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ (Kerala Blasters) സന്തോഷമുഖത്തേക്ക് പന്തടിച്ചിട്ടത്.എങ്കിലും സീസണിലെ ഏറ്റവും മികച്ച പോരാട്ടം ഇതുതന്നെയെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച്.
അടുത്ത സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കൊച്ചിയിലെ തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് മുന്നില്‍ എടികെയെ നേരിടണം. അഡ്രിയന്‍ ലൂണയുടെ വണ്ടര്‍ഗോളുകളില്‍ അത്ഭുതമില്ലെന്നും. സീസണില്‍ എറ്റവും നിരാശപ്പെടുത്തിയത് റഫറിമാരെന്നും വുകോമനോവിച്ച് വ്യക്തമാക്കി.
ബുധനാഴ്ച പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഹൈദരാബാദുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഒറ്റഗോളിന് ഹൈദരാബാദിനെ തോല്‍പിച്ചിരുന്നു.
മാപ്പ് പറഞ്ഞ് സന്ദേശ് ജിങ്കാന്‍
കേരള ബ്ലാസ്റ്റേഴ്‌സിന് എതിരായ മത്സരത്തിനിടെ വിവാദപരാമര്‍ശം നടത്തിയതിന് മാപ്പ് പറഞ്ഞ് സന്ദേശ് ജിങ്കാന്‍. ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും ജിങ്കാന്‍ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ ആവേശപ്പോരാട്ടം രണ്ടുഗോള്‍ വീതം നേടി സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയായിരുന്നു ജിങ്കാന്റെ വിവാദ സെക്‌സീറ്റ് പരാമര്‍ശം. ഇതോടെ സ്ത്രീത്വത്തേയും ബ്ലാസ്റ്റേഴ്‌സിനെയും ജിങ്കാന്‍ അപമാനിച്ചുവെന്ന വിമര്‍ശനം അതിശക്തമായി. പിടിച്ചുനില്‍ക്കാവാതെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡെലീറ്റ് ചെയ്ത ജിങ്കാന്‍ ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞു.
തന്റെ വാക്കുകളുടെ പേരില്‍ ഭാര്യയുള്‍പ്പടെയുള്ള കുടുബാംങ്ങളെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും ജിംഗാന്‍ അഭ്യര്‍ഥിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിലൂടെ ഐഎസ്എല്ലില്‍ എത്തിയ ജിംഗാന്‍ കഴിഞ്ഞ സീസണിലാണ് എടികെ മോഹന്‍ ബഗാനിലേക്ക് ചേക്കേറിയത്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ജിംഗാന്റെ ഇരുപത്തിയൊന്നാം നന്പര്‍ ജഴ്‌സി ആദരസൂചകമായി റിട്ടയര്‍ ചെയ്തിരുന്നു.