ആല്‍ബിനോ രക്ഷകനായി; ചെന്നൈയിനെതിരെ സമനില തെറ്റാതെ ബ്ലാസ്റ്റേഴ്സ്

ആദ്യ പകുതിയില്‍ വില്ലനായിരുന്നു ബ്ലാസ്റ്റേഴ്സിന് ആല്‍ബിനോ ഗോമസ്. ആല്‍ബിനോ വരുത്തിയ പിഴവുകളില്‍ നിന്ന് ചെന്നൈയിന്‍ ഒന്നിലേറെത്തവണ ഗോളിന് തൊട്ടടുത്തെത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ തന്‍റെ പിഴവുകള്‍ക്കെല്ലാം പ്രായശ്ചിത്തം ചെയ്തു.

ISL 2020-21 Live Score, Kerala Blasters FC held goalless draw against Chennaiyin FC

പനജി: ഐഎസ്‌എല്ലില്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന്‍റെ  പെനല്‍റ്റി സേവില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ സമനിലയുമായി രക്ഷപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്സ്. ഇരുപകുതിയിലും ആവേശപ്പോരാട്ടം കണ്ട മത്സരത്തില്‍ ഗോള്‍ നേടാനാവാതെ ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞു. ചെന്നൈയുടെ റാഫേല്‍ ക്രിവെള്ളാരോയെ ബോക്സില്‍ സെര്‍ജിയോ സിഡോഞ്ച ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി രക്ഷപ്പെടുത്തി ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസ് ആണ് മഞ്ഞപ്പടയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.

മൂന്ന് മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്‍റെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. മൂന്ന് കളികളില്‍ രണ്ട് പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് പോയന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ രണ്ട് കളികളില്‍ ഒരു ജയവും ഒരു സമനിലയും അടക്കം നാലു പോയന്‍റുമായി ചെന്നൈയിന്‍ എഫ്‌സി മൂന്നാം സ്ഥാനത്താണ്.

ആദ്യ പകുതിയില്‍ വില്ലനായിരുന്നു ബ്ലാസ്റ്റേഴ്സിന് ആല്‍ബിനോ ഗോമസ്. ആല്‍ബിനോ വരുത്തിയ പിഴവുകളില്‍ നിന്ന് ചെന്നൈയിന്‍ ഒന്നിലേറെത്തവണ ഗോളിന് തൊട്ടടുത്തെത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ തന്‍റെ പിഴവുകള്‍ക്കെല്ലാം പ്രായശ്ചിത്തം ചെയ്ത് 75-ാം മിനിറ്റില്‍ ചെന്നൈുടെ ജാക്കൂബ് സില്‍വസ്റ്റര്‍ എടുത്ത പെനല്‍റ്റി കിക്ക് ഇടത്തോട്ട് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി ആല്‍ബിനോ വീരനായകനായി.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ മലയാളി താരങ്ങളാ കെ പി രാഹുലിനെയും പ്രശാന്തിനെയുമെല്ലാം ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കിയെങ്കിലും അക്കൗണ്ട് തുറക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. മറ്റൊരു മലയാളി താരമായ സഹല്‍ അബ്ദുള്‍ സമദിന് രണ്ടാം മത്സരത്തിലും കളിത്തിലിറങ്ങാനായില്ല. ആദ്യ പകുതിയില്‍ തുടക്കത്തില്‍ ചെന്നൈയിന്‍റെ ആധിപത്യമായിരുന്നെങ്കില്‍ 20 മിനിറ്റ് പിന്നിട്ടതോടെ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളുടെ കെട്ടഴിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ആസൂത്രിതമായ ആക്രമണങ്ങളൊന്നും ഇരു ടീമുകളുടെ ഭാഗത്തുനിന്നുമുണ്ടായില്ല.

ഗോളുകള്‍ പിറന്നില്ലെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ലാതെയായിരുന്നുആദ്യ പകുതി. ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത ഇരുടീമുകളും അവസരങ്ങള്‍ ഒട്ടേറെ തുറന്നെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. ആദ്യ പകുതിയില്‍ പന്തടക്കത്തില്‍ മുന്നില്‍ നിന്നത് ബ്ലാസ്റ്റേഴ്സായിരുന്നെങ്കിലും തുടക്കത്തില്‍ ആക്രമണത്തിന്‍റെ കടിഞ്ഞാണ്‍ ചെന്നൈയിനായിരുന്നു. ഏഴാം മിനിറ്റില്‍ തന്നെ അനിരുദ്ധ് ഥാപ്പ ബ്ലാസ്റ്റേഴ്സ് ഗോള്‍ മുഖത്ത് അപകട ഭീഷണി ഉയര്‍ത്തി. ഥാപ്പയുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. പതിനേഴാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന്‍റെ അബദ്ധത്തില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് അദ്യ ഗോള്‍ വഴങ്ങേണ്ടതായിരുന്നു.

ബാക് പാസ് കാലില്‍വെച്ച് താമസിപ്പിച്ച ആല്‍ബിനോയുടെ കാലില്‍ നിന്ന് പന്ത് റാഞ്ചിയ ചെന്നൈ താരം ഒഴിഞ്ഞ ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിക്കാന്‍ തുടങ്ങുന്നതിന് മുമ്പെ കോനെയുടെ സമര്‍ത്ഥമായ ഇടപെടല്‍ അപകടം ഒഴിവാക്കി. അനിരുദ്ധ് ഥാപ്പയായിരുന്നു ആദ്യ പകുതിയില്‍ ചെന്നൈയിന്‍ ആക്രമണങ്ങളുടെ ചുക്കാന്‍ പിടിച്ചത്.  

ആദ്യ 20 മിനിറ്റുനേരെ പതുങ്ങി നിന്ന ബ്ലാസ്റ്റേഴ്സ് പതുകെ മത്സരത്തിലേക്ക് തിരിച്ചെത്തി. 22-ാം മിനിറ്റില്‍ നോംഗ്‌ഡാംബ നാവോറെമിനെ ലഭിച്ച സുവര്‍ണാവസരം നഷ്ടമാക്കിയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. 26-ാം മിനിറ്റില്‍ റാഫേല്‍ കര്‍വാലോ മനോഹരമായ ഹെഡറിലൂടെ ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി.

പിന്നീട് തുടര്‍ച്ചായായി ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളാണ് കണ്ടത്.  തുടര്‍ച്ചയായി കോര്‍ണര്‍ വഴങ്ങി ചെന്നൈയിന്‍ പിടിച്ചു നിന്നു. ഇതിനിടെ കോര്‍ണര്‍ കിക്കില്‍ ചെന്നൈ പ്രതിരോധനിരതാരത്തിന്‍റെ കൈയില്‍ പന്ത് തട്ടിയെങ്കിലും റഫറി കാണാതെ പോയത് ബ്ലാസ്റ്റേഴ്സിന് അര്‍ഹമായ പെനല്‍റ്റി നഷ്ടമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios