ഐഎസ്എല്‍: ഒഡീഷയെ വീഴ്ത്തി ഗോവ
പതിനാലാം മിനിറ്റിലും പതിനേഴാം മിനിറ്റിലും ലഭിച്ച അവസരങ്ങള്‍ പാഴാക്കിയശേഷമായിരുന്നു അംഗൂളോയുടെ വിജയഗോള്‍ പിറന്നത്. സീസണില്‍ അംഗൂളോയുടെ ആറാം ഗോളാണിത്.
ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷ എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി എഫ് സി ഗോവ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇഗോര്‍ അംഗൂളോ നേടിയ ഗോളിലാണ് ഗോവ ജയിച്ചു കയറിയത്. ഗോവയുടെ ആക്രമണങ്ങളെ ആദ്യപകുതിയിലുടനീളം ചെറുത്തു നിന്ന ഗോവക്ക് പക്ഷെ ആദ്യ പകുതിയുടെ അധികസമയത്ത് പിഴച്ചു.
പതിനാലാം മിനിറ്റിലും പതിനേഴാം മിനിറ്റിലും ലഭിച്ച അവസരങ്ങള്‍ പാഴാക്കിയശേഷമായിരുന്നു അംഗൂളോയുടെ വിജയഗോള്‍ പിറന്നത്. സീസണില്‍ അംഗൂളോയുടെ ആറാം ഗോളാണിത്. ഒഡീഷ ഗോള്‍കീപ്പര്‍ അര്‍ഷദീപ് സിംഗിന്‍റെ മികവാണ് ഗോവയെ ഒരു ഗോളില്‍ പിടിച്ചു നിര്‍ത്തിയത്. ഗോവയുടെ ഗോളെന്നുറച്ച അഞ്ചോളം അവസരങ്ങളാണ് അര്‍ഷദീപ് തടഞ്ഞിട്ടത്. ജയത്തോടെ എട്ടു പോയന്‍റുമായി ഗോവ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറിയപ്പോല്‍ ഒഡീഷ പത്താം സ്ഥാനത്ത് തുടരുന്നു.
മാഴ്സലീഞ്ഞോ ആദ്യ ഇലവനില്‍ ഇറങ്ങാതിരുന്ന മത്സരത്തില്‍ ഒഡീഷയെ സ്റ്റീവന്‍ ടെയ്‌ലറും ഗോവയെ ലെനി റോഡ്രിഗസുമാണ് ഇന്ന് നയിച്ചത്. ഗോവക്കെതിരെ മികച്ച റെക്കോര്‍ഡുള്ള മാഴ്സലീഞ്ഞോയെ കളി തീരാന്‍ അഞ്ച് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ കളത്തിലിറക്കിയ ഒഡീഷ പരിശീലകന്‍ സ്റ്റുവര്‍ട്ട് ബാക്സ്റ്ററുടെ തീിരുമാനം തിരിച്ചടിയായി.
4-3-3 ശൈലിയില്‍ കളി തുടങ്ങിയ ഒഡീഷ ആദ്യ പകുതിയില്‍ ഗോവന്‍ അക്രമണങ്ങളെ ചെറുത്തു നില്‍ക്കാന്‍ മാത്രമായിരുന്നു ശ്രമിച്ചത്. അതിലവര്‍ ഒരുപരിധിവരെ വിജയിക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ മാത്രമാണ് ഒഡീഷ ഗോളിലേക്ക് ലക്ഷ്യവെക്കാന്‍ തുടങ്ങിയത്.
ഗോവക്കെതിരായ തോല്‍വിയോടെ സീസണിലെ ആദ്യ വിജയത്തിനായി ഒഡീഷ ഇനിയും കാത്തിരിക്കണം. ഇതുവരെ അഞ്ച്മത്സരങ്ങള്‍ കളിച്ചെങ്കിലും ടീമിന് ഒരു സമനില മാത്രമാണ് നേടാനായത്. നാലു മത്സരങ്ങളില്‍ തോറ്റു.
കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഗോവയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമുള്ള ഗോവ ജയത്തോടെ ടോപ് ഫോറില്‍ തിരച്ചെത്തി.