രണ്ട് ഗോള്‍ ലീഡ് കളഞ്ഞുകുളിച്ചു; എടികെ മോഹന്‍ ബഗാനെതിരെ ബ്ലാസ്റ്റേഴ്സിന് തോല്‍വി
പതിനാലം മിനിറ്റില്‍ ഗാരി ഹൂപ്പറും 51ാം മിനിറ്റില്‍ കോസ്റ്റ നമോനിസുവുമാണ് ബ്ലാസ്റ്റേഴ്സിന് രണ്ട് ഗോള്‍ ലീഡ് സമ്മാനിച്ചത്.59--ാം മിനിറ്റില്‍ മാഴ്സലീഞ്ഞോയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച എടികെ 65ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ പെനല്‍റ്റി ഗോളിലൂടെ ഒപ്പമെത്തി. 87ാം മിനിറ്റില്‍ റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്സിന്‍റെ വിധിയെഴുതി വിജയഗോളും നേടി.
മഡ്ഗാവ്: എടികെ മോഹന്‍ ബഗാനെതിരെ രണ്ട് ഗോള്‍ ലീഡ് നേടിയിട്ടും മൂന്ന് ഗോള്‍ തിരിച്ചുവാങ്ങി കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു. രണ്ടാം പകുതിയില്‍ ആറ് മിനിറ്റിനിടെ വഴങ്ങിയ രണ്ട് ഗോളുകളും കളിയുടെ അവസാനം പ്രതിരോധപ്പിഴവില്‍ വഴങ്ങിയ ഒരു ഗോളുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിധിയെഴുതിയത്. രണ്ട് ഗോള്‍ പിന്നില്‍ നിന്നിട്ടും മൂന്ന് ഗോള്‍ തിരിച്ചടിച്ച് വിജയം പിടിച്ചെടുത്ത എ ടി കെ പോയന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി.
പതിനാലം മിനിറ്റില്‍ ഗാരി ഹൂപ്പറും 51ാം മിനിറ്റില്‍ കോസ്റ്റ നമോനിസുവുമാണ് ബ്ലാസ്റ്റേഴ്സിന് രണ്ട് ഗോള്‍ ലീഡ് സമ്മാനിച്ചത്.59--ാം മിനിറ്റില്‍ മാഴ്സലീഞ്ഞോയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച എടികെ 65ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ പെനല്‍റ്റി ഗോളിലൂടെ ഒപ്പമെത്തി. 87ാം മിനിറ്റില്‍ റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്സിന്‍റെ വിധിയെഴുതി വിജയഗോളും നേടി. സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ആറാം തോല്‍വിയാണിത്. ബഗാന്‍റെ എട്ടാം വിജയമാണിത്.
ജയിച്ചാല്‍ പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് മുന്നേറാനുള്ള അവസരം കളഞ്ഞുകുളിച്ച ബ്ലാസ്റ്റേഴ്സ് തോല്‍വിയോടെ 15 കളികളില്‍ 15 പോയന്‍റുമായി ഒമ്പതാം സ്ഥാനത്ത് തുടരുന്നു. 14 കളികളില്‍ 27 പോയന്‍റുള്ള എടികെ മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.
ആദ്യ പകുതിയില്‍ പതിനാലാം മിനിറ്റില്‍ ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നിലൂടെ ഗാരി ഹൂപ്പറാണ് ബ്ലാസ്റ്റേഴ്സിനെ ആദ്യം മുന്നിലെത്തിച്ചത്. വലതു വിംഗില്‍ നിന്ന് സന്ദീപ് സിംഗ് നല്‍കിയ പാസ് നെഞ്ചിലെടുത്ത് 22 വാര അകലെനിന്ന് ലോംഗ് റേഞ്ചര്‍ തൊടുത്തപ്പോള്‍ എടികെ ഗോള്‍ കീപ്പര്‍ അരിന്ദം ബട്ടചാര്യ വെറും കാഴ്ചക്കാരനായി.
ആദ്യ പകുതിയില്‍ പിന്നീട് നിരവധി അവസരങ്ങള്‍ വന്നെങ്കിലും ലീഡുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിനായില്ല. 21-ാം മിനിറ്റില്‍ ജോര്‍ദാന്‍ മറി ഹൂപ്പറുടെ അത്ഭുതഗോള്‍ ആവര്‍ത്തിക്കുമെന്ന് കരുതിയെങ്കിലും ബോക്സിന് പുറത്തു നിന്ന് മറി തൊടുത്ത ലോംഗ് റേഞ്ചര്‍ നേരിയ വ്യത്യാസത്തില്‍ ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 30ാം മിനിറ്റില്‍ മധ്യനിരയില്‍ നിന്ന് ലഭിച്ച പന്ത് കാലിലെടുത്ത് ഒറ്റക്ക് മുന്നേറി മറി ലക്ഷ്യത്തിലേക്ക് തൊടുത്തെങ്കിലും അരിന്ദം ബട്ടാചാര്യ ഒരിക്കല്‍ കൂടി ബഗാന്‍റെ രക്ഷകനായി.
ആദ്യ പകുതിയില്‍ ഒരു ഗോളിന്‍റെ ലീഡില്‍ ഗ്രൗണ്ട് വിട്ട ബ്ലാസ്റ്റേഴ്സ് രണ്ടാ പകുതിയിലും തുടര്‍ച്ചയായ ആക്രമണങ്ങളോടെ കളം നിറഞ്ഞു. ഇതിന് ഉടന്‍ ഫലവുമുണ്ടായി. 51 മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം ഗോള്‍. 51-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദെടുത്ത കോര്‍ണറില്‍ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ കോസ്റ്റ നമോനിസു പന്ത് വലയിലാക്കി.
രണ്ട് ഗോള്‍ ലീഡിന്‍റെ ആത്മവിശ്വാസത്തില്‍ ആക്രമണം തുടര്‍ന്ന ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ടാണ് മാഴ്സലീഞ്ഞോ ഒരു ഗോള്‍ മടക്കിയത്. മന്‍വീര്‍ സിംഗിന്‍റെ പാസില്‍ നിന്ന് മാഴ്സലീഞ്ഞോ ഒറ്റക്ക് മുന്നേറി പന്ത് വലയിലാക്കി. സീസണില്‍ മാഴ്സലീഞ്ഞോയുടെ ആദ്യ ഗോളാണിത്. തൊട്ടുപിന്നാലെ 63ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ജെസെല്‍ കാര്‍നീറോയും മന്‍വീര്‍ സിംഗും പന്തിനായി പോരാടുന്നതിനിടെ ജെസെല്‍ കാര്‍നീറോയുടെ കൈയില്‍ പന്ത് തട്ടിയതിന് റഫറി ബഗാന് അനുകൂലമായി പെനല്‍റ്റി വിധിച്ചു.
കിക്ക് എടുത്ത റോയ് കൃഷ്ണക്ക് പിഴച്ചില്ല. ആല്‍ബിനോ ഗോമസിന്‍റെ ഡൈവ് കൃത്യമായിരുന്നെങ്കിലും റോയ് കൃഷ്ണയുടെ ശക്തമായ ഷോട്ട് ആല്‍ബിനോയെ മറികടന്ന് പോസ്റ്റിലെത്തി. രണ്ട് ഗോളിന്‍റെ ലീഡില്‍ നിന്ന് എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയിലായി ഇതോടെ ബ്ലാസ്റ്റേഴ്സ്. രണ്ട് ഗോള്‍ വീണതോടെ കളിയല്‍പ്പം തണുപ്പിച്ച ബ്ലാസ്റ്റേഴ്സിന് പിന്നീട് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല. എന്നാല്‍ അവസാനനിമിഷം ഗോള്‍ വഴങ്ങുന്ന പതിവ് ബ്ലാസ്റ്റേഴ്സ് ഇത്തവണയും ആവര്‍ത്തിച്ചപ്പോള്‍ 87ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്‍റെ കഥ കഴിച്ച മൂന്നാമത്തെയും വിജയഗോളും നേടി.