ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി വിജയവഴിയില്‍ തിരിച്ചെത്തി ബെംഗലൂരു
പന്ത്രണ്ടാം മിനിറ്റില്‍ ക്ലൈറ്റന്‍ സില്‍വയുടെ ഗോളിലാണ് ബെംഗലൂരു മുന്നിലെത്തിയത്. ആദ്യപകുതി തീരുന്നതിന് തൊട്ടു മുമ്പ് ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബ്‌ജിത് മജൂംദാറിന്‍റെ സെല്‍ഫ് ഗോള്‍ ബെംഗലൂരുവിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
മഡ്ഗാവ്: ഐഎസ്എല്ലില്‍ ജയമില്ലാതെ എട്ടു മത്സരങ്ങള്‍ക്കുശേഷം ബെംഗലൂരു എഫ്‌സിക്ക് ഒടുവില്‍ കാത്തു കാത്തിരുന്നൊരു വിജയം. ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് ബെംഗലൂരു വിജയവഴിയില്‍ തിരിച്ചെത്തിയത്.
പന്ത്രണ്ടാം മിനിറ്റില്‍ ക്ലൈറ്റന്‍ സില്‍വയുടെ ഗോളിലാണ് ബെംഗലൂരു മുന്നിലെത്തിയത്. ആദ്യപകുതി തീരുന്നതിന് തൊട്ടു മുമ്പ് ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബ്‌ജിത് മജൂംദാറിന്‍റെ സെല്‍ഫ് ഗോള്‍ ബെംഗലൂരുവിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
ജയത്തോടെ 15 കളികളില്‍ 18 പോയന്‍റുമായി എട്ടാം സ്ഥാനത്തു നിന്ന് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ 15 കളികളില്‍ 13 പോയന്‍റുള്ള ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്താണ്. 2021ല്‍ ബെംഗലൂരു നേടുന്ന ആദ്യ ജയമാണിത്.
രണ്ട് ഗോള്‍ ലീഡ് വഴങ്ങിയതിനെത്തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ കൂടുതല്‍ ആസൂത്രിതമായി കളിക്കാന്‍ ശ്രമിച്ചെങ്കിലും ബെംഗലൂരു പ്രതിരോധത്തെയും ഗോള്‍ കീപ്പര്‍ ഗുപ്രീത് സിംഗ് സന്ധുവിനെയും മറികടക്കാനായില്ല. മറി രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഷോട്ട് ബാറില്‍ തട്ടിത്തെറിച്ചില്ലായിരുന്നെങ്കില്‍ ബെംഗലൂരു മൂന്ന് ഗോളിന് ജയിക്കുമായിരുന്നു. തോല്‍വിയോടെ ഈസ്റ്റ് ബംഗാളിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകളും ഏതാണ്ട് അസ്തമിച്ചു.