ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ചു തുളച്ച ഇരട്ടപ്രഹരം; റോയ് കൃഷ്ണ കളിയിലെ താരം
റോയ് കൃഷ്ണയെന്ന പേരു കേള്‍ക്കുമ്പോള്‍ അത് ഇന്ത്യന്‍ താരമല്ലെന്ന് ആരും പറയില്ല. എന്നാല്‍ റോയ് കൃഷ്ണ ഫിജി ദേശീയ ടീമിന്‍റെ നായകനാണ്. മികച്ച ജീവിതാവസരങ്ങൾ തേടി കൃഷ്ണയുടെ പൂർവികർ 140 വർഷം മുൻപ് കൊൽക്കത്തയിൽ നിന്നു ഫിജിയിലേക്കു കുടിയേറിയതാണ്.
മഡ്ഗാവ്: രണ്ടു ഗോളിന്‍റെ ലീഡില്‍ എടികെ മോഹന്‍ ബഗാനെതിരെ വിജയം സ്വപ്നം കണ്ട കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ സ്വപ്നം പൊലിഞ്ഞത് റോയ് കൃഷ്ണയുടെ ഇരട്ട പ്രഹരത്തിലായിരുന്നു. ആദ്യം പിഴവില്ലാത്ത പെനല്‍റ്റിയിലൂടെ ബഗാനെ ഒപ്പമെത്തിച്ച റോയ് കൃഷ്ണ 87ാം മിനിറ്റില്‍ വിജയഗോളും നേടി കളിയിലെ താരമായി. മത്സരത്തില്‍ 9.28 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ് റോയ് കൃഷ്ണ ഹീറോ ഓഫ് ദ മാച്ചായത്.
മത്സരത്തില്‍ 90 മിനിറ്റും എടികെക്കായി ഗ്രൗണ്ടിലുണ്ടായിരുന്ന റോയ് കൃഷ്ണ നാലു തവണ ലക്ഷ്യത്തിലേക്ക് പന്തടിച്ചു. രണ്ട് ഗോളവസരങ്ങളും ഒരുക്കി.
റോയ് കൃഷ്ണയെന്ന പേരു കേള്‍ക്കുമ്പോള്‍ അത് ഇന്ത്യന്‍ താരമല്ലെന്ന് ആരും പറയില്ല. എന്നാല്‍ റോയ് കൃഷ്ണ ഫിജി ദേശീയ ടീമിന്‍റെ നായകനാണ്. മികച്ച ജീവിതാവസരങ്ങൾ തേടി കൃഷ്ണയുടെ പൂർവികർ 140 വർഷം മുൻപ് കൊൽക്കത്തയിൽ നിന്നു ഫിജിയിലേക്കു കുടിയേറിയതാണ്. കഴിഞ്ഞ സീസണിലാണ് തന്‍റെ പൂര്‍വികരുടെ നാട്ടിലേക്ക് റോയ് കൃഷ്ണ ആദ്യമായി പന്തുതട്ടാനെത്തിയത്.
ഓസ്ട്രേലിയയിലെ ഒന്നാം ഡിവിഷൻ ലീഗായ എ ലീഗിലെ ടോപ് സ്കോറർ പദവിയുടെ അലങ്കാരവുമായാണ് റോയ് കൃഷ്ണ കഴിഞ്ഞ സീസണില്‍ എടികെയ്ക്കായി കളത്തിലിറങ്ങിയത്. 15 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ എടികെക്കായി റോയ് കൃഷ്ണ അടിച്ചുകൂട്ടിയത്. എടികെയുടെ കിരീടധാരണത്തില്‍ റോയ് കൃഷ്ണയെന്ന 33കാരന്‍റെ പങ്ക് പിന്നെ എടുത്തു പറയേണ്ടതില്ല.
പൊസിഷന്‍ ചെയ്യുന്നതിലും അസിസ്റ്റ് ചെയ്യുന്നതിലും ഒരുപോലെ മിടുക്ക് കാട്ടുന്ന റോയ് കൃഷ്ണ സ്റ്റോപ്പേജ് ടൈമിലും ഗോളന്വേഷിക്കുന്ന ഫിജിയന്‍ പോരാളിയാണ്. എടികെയിലെത്തുന്നതിന് മുമ്പ് ന്യൂസീലൻഡിലെ വെല്ലിംഗ്ടൻ ഫീനിക്സ് ക്ലബിന്‍റെ മുന്നേറ്റ നിര താരമായിരുന്ന റോയ് കൃഷ്ണ.
വെല്ലിംഗ്ടണ്‍ ഫീനിക്‌സിനായി 125 മത്സരങ്ങളില്‍ നിന്നും 52 ഗോളുകള്‍ കൃഷ്ണ നേടി. 2018ലെ മികച്ച ഓസ്ട്രേലിയൻ ക്ലബ് താരത്തിനുള്ള ജോണി വാറൻ മെഡലും എ ലീഗിലെ ഗോൾഡൻ ബൂട്ടും റോയ് കൃഷ്ണ നേടിയിരുന്നു.
Powered By