എടികെയുടെ രക്ഷകന്‍, റോയ് കൃഷ്ണ കളിയിലെ താരം
റോയ് കൃഷ്ണയെന്ന പേരു കേള്‍ക്കുമ്പോള്‍ അത് ഇന്ത്യന്‍ താരമല്ലെന്ന് ആരും പറയില്ല. എന്നാല്‍ റോയ് കൃഷ്ണ ഫിജി ദേശീയ ടീമിന്‍റെ നായകനാണ്. മികച്ച ജീവിതാവസരങ്ങൾ തേടി കൃഷ്ണയുടെ പൂർവികർ 140 വർഷം മുൻപ് കൊൽക്കത്തയിൽ നിന്നു ഫിജിയിലേക്കു കുടിയേറിയതാണ്.
പനജി: ഒഡീഷ എഫ്‌സിക്കെതിരെ സമനിലയെന്ന് ഉറപ്പിച്ച കളിയില്‍ അവസാന സെക്കന്‍ഡിലെ ഹെഡ്ഡര്‍ ഗോളില്‍ ഒരിക്കല്‍ കൂടി എടികെ മോഹന്‍ ബഗാന്‍റെ രക്ഷകനായി അവതരിച്ചിരിക്കുകയാണ് റോയ് കൃഷ്ണ. കമന്‍ററി ബോക്സിലിരുന്ന് ഷൈജു ദാമോദരന്‍ പറഞ്ഞതുപോലെ ശരിക്കും എടികെയുടെ കൃഷ്ണാവതാരമാണ് സീസണില്‍ റോയ് കൃഷ്ണ എന്ന ഫിജി നായകന്‍.
ബഗാന്‍ ജയിച്ച മൂന്ന് കളികളിലും റോയ് കൃഷ്ണ ഗോളടിച്ചു. അതില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ വിജയഗോളും ഉള്‍പ്പെടുന്നു. ഒഡീഷക്കെതിരെ ആദ്യപകുതിയില്‍ നഷ്ടമാക്കിയ അവസരത്തിന് പ്രായശ്ചിത്തമെന്നോണം സന്ദേശ് ജിങ്കാന്‍ തലകൊണ്ട് തലോടിയ പന്തില്‍ മനോഹരമായൊരു ഹെഡ്ഡറിലൂടെ റോയ് കൃഷ്ണ ലക്ഷ്യം കണ്ടപ്പോള്‍ തകര്‍ന്നത് ഒഡീഷയുടെ ഹൃദയമായിരുന്നു. എടികെയുടെ ആക്രമണ കൊടുങ്കാറ്റിലും ഉലയാതെ നിന്ന ഒഡീഷയുടെ നെഞ്ച് പിളര്‍ന്ന ഗോള്‍.
റോയ് കൃഷ്ണയെന്ന പേരു കേള്‍ക്കുമ്പോള്‍ അത് ഇന്ത്യന്‍ താരമല്ലെന്ന് ആരും പറയില്ല. എന്നാല്‍ റോയ് കൃഷ്ണ ഫിജി ദേശീയ ടീമിന്‍റെ നായകനാണ്. മികച്ച ജീവിതാവസരങ്ങൾ തേടി കൃഷ്ണയുടെ പൂർവികർ 140 വർഷം മുൻപ് കൊൽക്കത്തയിൽ നിന്നു ഫിജിയിലേക്കു കുടിയേറിയതാണ്. കഴിഞ്ഞ സീസണിലാണ് തന്‍റെ പൂര്‍വികരുടെ നാട്ടിലേക്ക് റോയ് കൃഷ്ണ ആദ്യമായി പന്തുതട്ടാനെത്തിയത്.
ഓസ്ട്രേലിയയിലെ ഒന്നാം ഡിവിഷൻ ലീഗായ എ ലീഗിലെ ടോപ് സ്കോറർ പദവിയുടെ അലങ്കാരവുമായാണ് റോയ് കൃഷ്ണ കഴിഞ്ഞ സീസണില്‍ എടികെയ്ക്കായി കളത്തിലിറങ്ങിയത്. 15 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ എടികെക്കായി റോയ് കൃഷ്ണ അടിച്ചുകൂട്ടിയത്. എടികെയുടെ കിരീടധാരണത്തില്‍ റോയ് കൃഷ്ണയെന്ന 33കാരന്‍റെ പങ്ക് പിന്നെ എടുത്തു പറയേണ്ടതില്ല.
പൊസിഷന്‍ ചെയ്യുന്നതിലും അസിസ്റ്റ് ചെയ്യുന്നതിലും ഒരുപോലെ മിടുക്ക് കാട്ടുന്ന റോയ് കൃഷ്ണ സ്റ്റോപ്പേജ് ടൈമിലും ഗോളന്വേഷിക്കുന്ന ഫിജിയന്‍ പോരാളിയാണ്. അതാണ് ഒഡീഷക്കെതിരെയും കണ്ടത്. കഴിഞ്ഞ സീസണില്‍ എടികെക്കെതിരെ മുംബൈ ജയമുറപ്പിച്ചപ്പോള്‍ അവസാന സെക്കന്‍ഡില്‍ സമിനല ഗോള്‍ നേടിയ കൃഷ്ണ ഹൈദരാബാദിനെതിരെയും സമാനമായ പ്രകടനം പുറത്തെടുത്ത് എ ടികെയുടെ രക്ഷകനായിരുന്നു. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലായിരുന്നു റോയിയുടെ ഗോളടിയെങ്കില്‍ഇ ഇത്തവണ അത് ഗോവയിലേക്ക് മാറിയെന്ന വ്യത്യാസം മാത്രമെയുള്ളു.
എടികെയിലെത്തുന്നതിന് മുമ്പ് ന്യൂസീലൻഡിലെ വെല്ലിംഗ്ടൻ ഫീനിക്സ് ക്ലബിന്‍റെ മുന്നേറ്റ നിര താരമായിരുന്ന റോയ് കൃഷ്ണ. വെല്ലിംഗ്ടണ്‍ ഫീനിക്‌സിനായി 125 മത്സരങ്ങളില്‍ നിന്നും 52 ഗോളുകള്‍ കൃഷ്ണ നേടി. 2018ലെ മികച്ച ഓസ്ട്രേലിയൻ ക്ലബ് താരത്തിനുള്ള ജോണി വാറൻ മെഡലും എ ലീഗിലെ ഗോൾഡൻ ബൂട്ടും റോയ് കൃഷ്ണ നേടിയിരുന്നു.
Powered By