മധ്യനിരയില്‍ വീണ്ടും ഥാപ്പ മാജിക്; വീണ്ടും ഹീറോ
ഗോണ്‍സാല്‍വസിന്‍റെ ഇരട്ട ഗോളുകള്‍ക്കിടയിലും മത്സരം മാറ്റിമറിച്ച സംഭവനകളുമായി ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം സ്വന്തമാക്കി ഥാപ്പ.
മഡ്‌ഗാവ്: ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിൻ എഫ്‌സി അവസാന മത്സരത്തില്‍ തോല്‍പിച്ചത്. ജയത്തോടെ ചെന്നൈയിൻ എഫ്സി പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ താരമായത് മധ്യനിരയില്‍ നിറഞ്ഞാടിയ അനിരുദ്ധ് ഥാപ്പയാണ്.
ലീഗിലെ അവസാന സ്ഥാനക്കാരായിരുന്നു എതിരാളികളായ ഒഡീഷ എഫ്സി. 15-ാം മിനിറ്റില്‍ ഇസ്മായില്‍ ഗോണ്‍സാല്‍വസ് ചെന്നൈയിനായി ആദ്യ വല ചലിപ്പിച്ചു. 21-ാം മിനിറ്റില്‍ ഗോണ്‍സാല്‍വസ് വീണ്ടും ഒഡീഷ വല കുലുക്കി. പെനാല്‍റ്റി ഗോളാക്കുകയായിരുന്നു. എന്നാല്‍ ഗോണ്‍സാല്‍വസിന്‍റെ ഇരട്ട ഗോളുകള്‍ക്കിടയിലും മത്സരം മാറ്റിമറിച്ച സംഭവനകളുമായി ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം സ്വന്തമാക്കി ഥാപ്പ.
21-ാം മിനുറ്റിലെ വഴിത്തിരിവ്
21-ാം മിനുറ്റില്‍ ഗോണ്‍സാല്‍വസ് നേടിയ പെനാല്‍റ്റി ഗോളിലേക്ക് വഴിതുറന്നത് ഥാപ്പയാണ്. ഥാപ്പയെ വീഴ്‌ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. വലതുവിങ്ങിലൂടെയുള്ള ഥാപ്പയുടെ മുന്നേറ്റം ഒഡീഷ പ്രതിരോധക്കാര്‍ ഫൗള്‍ ചെയ്‌തപ്പോള്‍ റഫറി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു. മത്സരത്തില്‍ 6.91 റേറ്റിംഗ് നേടിയ താരം 34 ടച്ചുകളും രണ്ട് വീതം ടാക്കിളുകളും ഇന്‍റര്‍സെപ്‌ഷനുമായി കളംനിറഞ്ഞു.
നേരത്തെ ജെംഷഡ്‌പൂര്‍ എഫ്‌സിക്കെതിരായ മത്സരത്തിലും ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയിരുന്നു അനിരുദ്ധ് ഥാപ്പ. ചെന്നൈയിൻ ഒന്നിനെതിരെ രണ്ട് ഗോളിന് ജെംഷഡ്‌പൂരിനെ തോല്‍പിച്ച് സീസണിലെ ആദ്യ ജയം നേടിയപ്പോള്‍ ആദ്യ ഗോള്‍ ഥാപ്പയുടെ വകയായിരുന്നു. മധ്യനിരയിലെ റോളും ഗംഭീരമാക്കിയാണ് ഥാപ്പയങ്ങനെ കളിയിലെ താരമായത്. ഒരു ഗോളും അസിസ്റ്റുമായി തിളങ്ങിയ സഹതാരം ഇസ്‌മയെ മറികടന്നായിരുന്നു അന്ന് ഥാപ്പയുടെ നേട്ടം.
പ്രായം 22 മാത്രം!
ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് ഇതിനകം പരിചിതമായിക്കഴിഞ്ഞ പേരാണ് 22കാരനായ അനിരുദ്ധ് ഥാപ്പ എന്ന ഉത്തരാഖണ്ഡ് സ്വദേശിയുടേത്. 1998ല്‍ ഡെറാഡൂണില്‍ ജനിച്ച ഥാപ്പ സെയ്‌ന്‍റ് സ്റ്റീഫന്‍ അക്കാദമിയിലൂടെയാണ് പരിശീലനം ആരംഭിച്ചത്. 2012ല്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ എലൈറ്റ് അക്കാദമിയിലെത്തിയതോടെ വഴിത്തിരിവ്. 2016 വരെ ഇവിടെ ചിലവഴിച്ച താരം പിന്നീട് ഐഎസ്എല്ലിലേക്ക്.
2016 മുതല്‍ ചെന്നൈയിന്‍ എഫ്‌സിക്കൊപ്പമുണ്ട് അനിരുദ്ധ് ഥാപ്പ. അതിനിടെ ഒരൊറ്റ വര്‍ഷം മിനര്‍വ പഞ്ചാബിനായി ലോണില്‍ കളിച്ചു. ചെന്നൈയിനായി ഇതിനകം 66 മത്സരങ്ങളില്‍ കുപ്പായമണിഞ്ഞ് അഞ്ച് ഗോള്‍ കണ്ടെത്തി. ഇന്ത്യന്‍ ജഴ്‌സിയിലും ഥാപ്പയുടെ മികവ് കണ്ടു. അണ്ടര്‍ 17, അണ്ടര്‍ 19, അണ്ടര്‍ 23 തലങ്ങളില്‍ കളിച്ച താരം 2017 മുതല്‍ സീനിയര്‍ ടീമിന്‍റെ ഭാഗമാണ്. സീനിയര്‍ ജേഴ്‌സിയില്‍ 24 മത്സരങ്ങളില്‍ രണ്ട് ഗോള്‍ സമ്പാദ്യം.
ജയത്തോടെ ചെന്നൈയിന്‍ അഞ്ചാമത്
ഒഡീഷയ്‌ക്കെതിരായ ജയത്തോടെ പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്തുനിന്ന് അഞ്ചാമതെത്താനായി ചെന്നൈയിൻ എഫ്സിക്ക്. ലീഗില്‍ ചെന്നൈയിൻ എഫ്സിയുടെ മൂന്നാമത്തെ ജയമാണിത്. അതേസമയം അവസാന സ്ഥാനത്ത് തുടരുകയാണ് ഒഡീഷ. ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനെ മാത്രമാണ് ഒഡീഷക്ക് തോല്‍പ്പിക്കാനായത്.
മധ്യനിരയിലെ മജീഷ്യന്‍, വല തുളച്ച മിന്നലുമായി അനിരുദ്ധ് ഥാപ്പ ഹീറോ ഓഫ് ദ് മാച്ച്