കിതപ്പ് മാറ്റാന്‍ രണ്ട് ടീമുകള്‍; ബെംഗളൂരുവും നോര്‍ത്ത് ഈസ്റ്റും ഇന്നിറങ്ങുന്നു
തുടക്കത്തിലെ മികവ് നിലനിർത്താനാവാതെ വിയർക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 11 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.
മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് ബെംഗളൂരു എഫ്‌സിയെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.
ഏഴാം സീസൺ രണ്ടാംപാദത്തിലേക്ക് കടക്കുമ്പോൾ ക്ലബ് ചരിത്രത്തിൽ ഇന്നോളം നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലാണ് ബെംഗളൂരു എഫ്‌സി. അവസാന നാല് കളിയിലും തോൽവി. പത്ത് കളിയിൽ മൂന്ന് ജയം മാത്രം. 12 പോയിന്റുമായി ആറാം സ്ഥാനത്ത്. നോർത്ത് ഈസ്റ്റിന്റെ അവസ്ഥയും വ്യത്യസ്തമല്ല. തുടക്കത്തിലെ മികവ് നിലനിർത്താനാവാതെ വിയർക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 11 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.
പത്ത് കളിയിൽ രണ്ട് ജയവും അഞ്ച് സമനിലയും മൂന്ന് തോൽവിയുമാണ് ഹൈലാൻഡേഴ്സിന്റെ അക്കൗണ്ടിലുള്ളത്. ആദ്യ നാലിൽ എത്തണമെങ്കിൽ നിലവിലെ കളി മതിയാവില്ല.
കോച്ച് കാർലെസ് കൗഡ്രാറ്റിനെ പുറത്താക്കി നൗഷാദ് മൂസയുടെ തന്ത്രങ്ങളുമായാണ് ബിഎഫ്‌സി ഇറങ്ങുന്നത്. മുന്നേറ്റവും പ്രതിരോധവും ഒരുപോലെ ദുർബലം. 12 ഗോൾ നേടിയപ്പോൾ 13 ഗോൾ വഴങ്ങി. ഗുർപ്രീത് സിംഗ് സന്ധു ഗോൾപോസ്റ്റിന് മുന്നിലുണ്ടായിട്ടും രണ്ട് ക്ലീൻ ഷീറ്റ് മാത്രം. സുനിൽ ഛേത്രിക്കും പഴയ മികവിലേക്ക് എത്താനാവുന്നില്ല. നോർത്ത് ഈസ്റ്റ് 12 ഗോൾ നേടിയപ്പോൾ 14 ഗോൾ വഴങ്ങി. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഇരുടീമും രണ്ടുഗോൾ വീതം സമനില പാലിക്കുകയായിരുന്നു.
ഇന്നലെ നടന്ന കരുത്തരുടെ പോരാട്ടത്തിൽ മുംബൈ സിറ്റി ഒറ്റ ഗോളിന് നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനെ തോൽപിച്ചു. 69-ാം മിനിറ്റിൽ ബാർത്തലോമിയോ ഒഗ്‌ബചേയാണ് മുംബൈയുടെ വിജയഗോൾ നേടിയത്. എട്ടാം ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള മുംബൈ ലീഡുയർത്തി. മുംബൈക്കിപ്പോൾ 25 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള എടികെ ബഗാന് 20 പോയിന്റാണുള്ളത്. സീസണിൽ എടികെ ബഗാന്റെ രണ്ടാം തോൽവിയാണിത്.
മുംബൈ സിറ്റിയുടെ ഒന്നാം സ്ഥാനം ഉറപ്പിച്ച ഗോള്‍; കളിയിലെ താരമായി ഒഗ്‌ബെച്ചെ