പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ ഹൈദരാബാദ്; തിരിച്ചുവരുമോ ഒഡിഷ
പതിനൊന്ന് കളിയിൽ ഏഴിലും തോറ്റ ഒഡിഷ വെറും ആറ് പോയിന്റുമായി ലീഗിൽ ഏറ്റവും അവസാന സ്ഥാനത്താണ്.
മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ ഹൈദരാബാദ് എഫ്‌സി ഇന്ന് ഒഡിഷ എഫ്‌സിയെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.
പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാനാണ് ഹൈദരാബാദ് എഫ്‌സി ഇറങ്ങുന്നത്. 11 കളിയിൽ 16 പോയിന്റുമായി നാലാം സ്ഥാനത്താണിപ്പോൾ ഹൈദരാബാദ്. അവസാന മത്സരത്തിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിയെ ഗോൾരഹിത സമനിലയിൽ തളച്ച ആത്മവിശ്വാസം ഹൈദരാബാദിനുണ്ട്.
മുന്‍തൂക്കം ഹൈദരാബാദിന്
പതിനൊന്ന് കളിയിൽ ഏഴിലും തോറ്റ ഒഡിഷ വെറും ആറ് പോയിന്റുമായി ലീഗിൽ ഏറ്റവും അവസാന സ്ഥാനത്താണ്. 11 ഗോൾ നേടിയപ്പോൾ 18 ഗോളാണ് ഒഡിഷ വഴങ്ങിയത്. സീസണിന്റെ രണ്ടാം പകുതിയിലെങ്കിലും തല ഉയർത്താമെന്ന പ്രതീക്ഷയിലാണ് ഒഡിഷ. ഡീഗോ മൗറീസ്യോ, ഹൈദരാബാദിന്റെ മുൻതാരമായ മാർസലീഞ്ഞോ എന്നിവരെയാണ് ഒഡിഷ ഉറ്റുനോക്കുന്നത്.
15 ഗോൾ നേടുകയും 13 ഗോൾ വഴങ്ങുകയും ചെയ്ത ഹൈദരാബാദ് ലിസ്റ്റൻ കൊളാസോ, മുഹമ്മദ് യാസിർ, ആകാശ് മിശ്ര, ആശിഷ് റായ് തുടങ്ങിയ യുവതാരങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അഡ്രിയൻ സന്റാന, ഹാളിചരൺ നർസാരി എന്നിവരുടെ പരിചയമ്പത്തും മുതൽക്കൂട്ടാവും. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഹൈദരാബാദ് ഒറ്റഗോളിന് ഒഡിഷയെ തോൽപിച്ചിരുന്നു.
ചെന്നൈയിന്‍-ഈസ്റ്റ് ബംഗാള്‍ സമനില
ഇന്നലെ നടന്ന മത്സരത്തില്‍ ഭൂരിഭാഗം സമയവും പത്തുപേരുമായി കളിച്ചിട്ടും ചെന്നൈയിന്‍ എഫ്‌സിയെ ഈസ്റ്റ് ബംഗാള്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. 31-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരം അജയ് ഛേത്രി രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്താവുകയായിരുന്നു. സമനിലയോടെ 12 കളിയില്‍ 15 പോയിന്‍റുമായി ചെന്നൈയിന്‍ ആറാം സ്ഥാനത്ത് തുടരുമ്പോള്‍ 12 കളികളില്‍ 12 പോയിന്‍റുമായി ഈസ്റ്റ് ബംഗാള്‍ ഒമ്പതാം സ്ഥാനത്താണ്.
ഹീറോ ദേബ്‌ജിത്
ഈസ്റ്റ് ബംഗാള്‍ ഗോളി ദേബ്‌ജിത് മജുംദാറായിരുന്നു ഹീറോ ഓഫ് ദ് മാച്ച്. നിരന്തരം ആക്രമണം അഴിച്ചുവിട്ടിട്ടും അവസാന മിനുറ്റ് വരെ ചെന്നൈയിനെ തടുത്തിട്ട് ഹീറോയാവുകയായിരുന്നു ദേബ്‌ജിത് മജുംദാര്‍. നേരത്തെ, ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിലും ദേബ്‍ജിത് പുരസ്‌കാരം നേടിയിരുന്നു.
പത്തായിട്ടും പതറാത്ത പ്രകടനം; ഹീറോ ഓഫ് ദ് മാച്ചായി ദേബ്‌ജിത് മജുംദാര്‍