ജെംഷഡ്‌പൂരിനെ ഉരുക്കിയ മലയാളി; ഹീറോ ഓഫ് ദ് മാച്ചായി മുഹമ്മദ് ഇര്‍ഷാദ്
മുന്നേറ്റനിരയില്‍ വാല്‍സ്‌കിസിനെ പോലൊരു മിന്നല്‍പ്പിണറുണ്ടായിട്ടും ജെംഷഡ്‌പൂരിന്‍റെ പത്തി മടക്കിയൊടിച്ച മികവാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
തിലക് മൈതാന്‍: ഐഎസ്എല്ലില്‍ സീസണില്‍ മുമ്പ് കളിച്ച എല്ലാ മത്സരങ്ങളിലും ഗോള്‍ നേടിയ ജെംഷഡ്‌പൂര്‍ എഫ്‌സിയെ ഈസ്റ്റ് ബംഗാള്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ താരമായത് ഒരു മലയാളി. ഈസ്റ്റ് ബംഗാള്‍ ഗോള്‍മുഖത്തേക്ക് ആരെയും കടത്തിവിടാതെ മതില്‍ക്കെട്ടുകയായിരുന്നു പ്രതിരോധ താരം മുഹമ്മദ് ഇര്‍ഷാദ്. ഇതോടെ മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് ആയി താരം തെരഞ്ഞെടുക്കപ്പെട്ടു.
മുന്നേറ്റനിരയില്‍ വാല്‍സ്‌കിസിനെ പോലൊരു മിന്നല്‍പ്പിണറുണ്ടായിട്ടും ജെംഷഡ്‌പൂരിന്‍റെ പത്തി മടക്കിയൊടിച്ച മികവ്. 24-ാം മിനുറ്റ് മുതല്‍ 10 പേരായി ചുരുങ്ങിയിട്ടും മുഹമ്മദ് ഇര്‍ഷാദ് ഈസ്റ്റ് ബംഗാള്‍ ഡിഫന്‍സിനെ തലയെടുപ്പോടെ നയിച്ചു. കുറുകൃത്യമായ ടാക്കിളുകളുകളും പ്രതിരോധവും. ഇതോടെ ആദ്യ 10 മിനുറ്റുകളിലെ വേഗം ജെംഷഡ്‌പൂരിന് കൈമോശം വന്നു. 10 പേരുമായി കളിക്കുന്നതിന്‍റെ ആലസ്യം ബംഗാള്‍ പ്രതിരോധം ഒരിക്കലും കാട്ടിയില്ല.
വെറും 23 വയസ് മാത്രമാണ് ഈസ്റ്റ് ബംഗാളിന്‍റെ ഈ മലയാളി കാല്‍ക്കരുത്തിനുള്ളത്. 2015ലെ ദേശീയ ഗെയിംസില്‍ മഹാരാഷ്‌ട്രക്കായി സ്‌ട്രൈക്കറായിറങ്ങി ആറ് ഗോളുമായി ടോപ് സ‌്‌കോററായി. 2017-18 സീസണില്‍ ഗോകലം കേരളയ്‌ക്കായി കളത്തിലിറങ്ങി. പിന്നീട് മിനര്‍വ പഞ്ചാബിലേക്കും അവിടെ നിന്ന് വീണ്ടും ഗോകുലത്തിലേക്കും പന്തുമായി ചലിച്ചു. ഗോകുലത്തിനൊപ്പം 2019ല്‍ ഡൂറണ്ട് കപ്പ് ഉയര്‍ത്തി. ഇര്‍ഷാദിന്‍റെ പ്രൊഫഷണല്‍ കരിയറിലെ ആദ്യ കിരീടം.
ഐഎസ്എല്ലില്‍ ഈ സീസണില്‍ അരങ്ങേറുമ്പോള്‍ മുഹമ്മദ് ഇര്‍ഷാദിനെ കൂടെക്കൂട്ടുകയായിരുന്നു ഈസ്റ്റ് ബംഗാള്‍. സീസണിന്‍റെ തുടക്കത്തില്‍ തന്നെ കളിയിലെ താരമായി ഇര്‍ഷാദ് കൊല്‍ക്കത്തയില്‍ നിന്നുള്ള വിഖ്യാത ക്ലബില്‍ വരവറിയിച്ചിരിക്കുന്നു. നാല് മത്സരങ്ങളില്‍ മൂന്നും തോറ്റ ഈസ്റ്റ് ബംഗാള്‍ സമനിലയുമായി സീസണിലെ ആദ്യ പോയിന്‍റ് സ്വന്തമാക്കിയതിന് കടപ്പെട്ടിരിക്കുന്ന ഈ മലപ്പുറംകാരനോടാണ്.
Powered by