അടി, തിരിച്ചടി; എഫ്‌സി ഗോവ-എടികെ മോഹന്‍ ബഗാന്‍ മത്സരം സമനിലയില്‍
രണ്ടാംപകുതിയിലെ ഓരോ ഗോളിന് ഇരു ടീമുകളും സമനില പാലിക്കുകയായിരുന്നു. എഡു ഗാര്‍ഷ്യയും ഇഷാന്‍ പണ്ഡിതയുമാണ് ഗോള്‍ നേടിയത്.
ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ എഫ്‌സി ഗോവ-എടികെ മോഹന്‍ ബഗാന്‍ സൂപ്പര്‍ പോരാട്ടം സമനിലയില്‍. രണ്ടാംപകുതിയില്‍ പിറന്ന ഓരോ ഗോളിന് ഇരു ടീമുകളും സമനില പാലിക്കുകയായിരുന്നു. എഡു ഗാര്‍ഷ്യയും ഇഷാന്‍ പണ്ഡിതയുമാണ് ഗോള്‍ നേടിയത്. ഇരു ഗോളുകളും സെറ്റ് പീസുകളില്‍ നിന്നായിരുന്നു.
ഏഴാം സീസണിലെ ഏറ്റവും മികച്ച മുന്നേറ്റനിരയും ഏറ്റവും മികച്ച പ്രതിരോധ നിരയും നേർക്കുനേർ വന്ന മത്സരത്തില്‍ മാറ്റങ്ങളില്ലാതെ എഫ്‌സി ഗോവ ഇറങ്ങിയപ്പോള്‍ മൂന്ന് മാറ്റങ്ങളുണ്ടായിരുന്നു എടികെ മോഹന്‍ ബഗാനില്‍. ഗോവ 4-2-3-1 ഫോര്‍മേഷനും എടികെ 3-5-2 ശൈലിയുമാണ് സ്വീകരിച്ചത്. എന്നാല്‍ ഗോവയില്‍ ജോര്‍ജി ഓര്‍ട്ടിസും എടികെയില്‍ റോയ് കൃഷ്‌ണയും ഡേവിഡ് വില്യംസും ഇറങ്ങിയിട്ടും ആദ്യപകുതിയില്‍ ഗോള്‍ പിറന്നില്ല.
അമ്പരപ്പിച്ച് ഗാര്‍ഷ്യയുടെ ഫ്രീകിക്ക്
മത്സരത്തിലെ ആദ്യ ഗോളിന് 75-ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. എടികെയ്‌ക്കായി സ്‌പാനിഷ് മിഡ് ഫീല്‍ഡര്‍ എഡു ഗാര്‍ഷ്യ അതിഗംഭീരന്‍ ഫ്രീക്കിലൂടെ ഗോള്‍ കണ്ടെത്തി. ബോക്‌സിന് പുറത്തുനിന്നുള്ള കിക്ക് നവീന്‍ കുമാറിനെ കാഴ്ചക്കാരനാക്കി നേരിട്ട് വലയിലെത്തിക്കുകയായിരുന്നു.
വീണ്ടും സൂപ്പര്‍ സബ് പണ്ഡിത
എന്നാല്‍ രണ്ടാംപകുതിയുടെ അവസാന മിനുറ്റുകളില്‍ കാട്ടാറുള്ള അത്ഭുതം ഗോവ വീണ്ടും ആവര്‍ത്തിച്ചതോടെ മത്സരം ഇരട്ടി ആവേശമായി. 84-ാം മിനുറ്റില്‍ സൂപ്പര്‍ സബ് ഇഷാന്‍ പണ്ഡിതയിലൂടെ എഫ്‌സി ഗോവ തുല്യത(1-1) പിടിച്ചു. റീബൗണ്ടില്‍ നിന്നായിരുന്നു ഗോള്‍. 90 മിനുറ്റുകളിലും സമനില തുടര്‍ന്നപ്പോള്‍ അഞ്ച് മിനുറ്റാണ് ഇഞ്ചുറിടൈം അനുവദിച്ചത്. അവിടേയും മികച്ച ആക്രമണങ്ങളുണ്ടായെങ്കിലും ഗോള്‍ പിറന്നില്ല.
11 കളിയിൽ 21 പോയിന്‍റുമായി രണ്ടാംസ്ഥാനത്ത് തുടരുകയാണ് എടികെ മോഹന്‍ ബഗാന്‍. അതേസമയം മൂന്നാംസ്ഥാനത്ത് തുടരുകയാണെങ്കിലും 12 മത്സരങ്ങളില്‍ 19 പോയിന്‍റാണ് എഫ്‌സി ഗോവയ്‌ക്കുള്ളത്.
നോര്‍ത്ത് ഈസ്റ്റ് വിജയവഴിയില്‍; ജംഷഡ്‌പൂരിന് തോല്‍വി