ISL: സുഹൈറിന്‍റെ ഗോളിനും നോര്‍ത്ത് ഈസ്റ്റിനെ രക്ഷിക്കാനായില്ല; ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി എടികെ രണ്ടാമത്
നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് എടികെ രണ്ടാമതെത്തിയത്. ജോണി കൗകോ, ലിസ്റ്റണ്‍ കൊളാക്കോ, മന്‍വീര്‍ സിംഗ് എന്നിവരാണ് എടികെയുടെ ഗോളുകള്‍ നേടിയത്.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സിനെ (Kerala Blasters) പിന്തള്ളി എടികെ മോഹന്‍ ബഗാന്‍ (ATK Mohun Bagan) രണ്ടാമത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് എടികെ രണ്ടാമതെത്തിയത്. ജോണി കൗകോ, ലിസ്റ്റണ്‍ കൊളാക്കോ, മന്‍വീര്‍ സിംഗ് എന്നിവരാണ് എടികെയുടെ ഗോളുകള്‍ നേടിയത്. മലയാളി താരം വി പി സുഹൈറിന്റെ വകയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ഏക ഗോള്‍.
നോര്‍ത്ത് ഈസ്റ്റാണ് മത്സരത്തില്‍ ആദ്യം ലീഡെടുത്തത്. മാഴ്‌സലീഞ്ഞോയുടെ സഹായത്തിലായിരുന്ന സുഹൈറിന്റെ ഗോള്‍. എന്നാല്‍ അഞ്ച് മിനിറ്റ് മാത്രമായിരുന്നു ആഘോഷത്തിന് ആയുസ്. കോളാക്കോയുടെ അസിസ്റ്റില്‍ കൗകോ സമനില ഗോള്‍ നേടി. 45-ാം മിനിറ്റില്‍ രണ്ടാം ഗോളുമെത്തി. ഇത്തവണ ആദ്യ ഗോളിന്റെ സഹായത്തിന് കൗകോ നന്ദി പറഞ്ഞു. കോളാക്കോ വല കുലുക്കുകയും ചെയ്തു. 52-ാം മിനിറ്റില്‍ മന്‍വീറിന്റെ വക മൂന്നാം ഗോള്‍. എടികെ പട്ടിക പൂര്‍ത്തിയാക്കി.
ജയത്തോടെ എടികെയ്ക്ക 14 മത്സരങ്ങളില്‍ 26 പോയിന്റായി. 17 മത്സരങ്ങളില്‍ 10 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്ത് തുടരുന്നു. 14 മത്സരങ്ങളില്‍ 23 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. 16 മത്സരങ്ങളില്‍ 29 പോയിന്റുള്ള ഹൈദരാബാദാണ് ഒന്നാം സ്ഥാനത്ത്.
നാളെ മുംബൈ സിറ്റി എഫ്‌സി, ഒഡീഷയെ നേരിടും. ജയിക്കുന്ന ടീമിന് ആദ്യ നാലിലെത്താനുള്ള അവസരമുണ്ട്. നിലവില്‍ 15 മത്സരങ്ങളില്‍ 21 പോയിന്റുമായി ഏഴാമതാണ് ഒഡീഷ. 14 മത്സരങ്ങള്‍ കളിച്ച മുംബൈ 22 പോയിന്റോടെ ആറാമതാണ്.