'ദാറ്റ് സൺ ഓഫ് എ ബിച്ച്', നെതന്യാഹുവിനെ ജോ ബൈഡൻ പറഞ്ഞത്! പെരുംനുണയനെന്നടക്കം; 'വാർ' പുസ്തകം ചർച്ചയാകുന്നു
ബോബ് വുഡ്‍വാർഡിന്റെ പുതിയ പുസ്തകമായ 'വാറി'ൽ, ജോ ബൈഡൻ സഹായികളുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലെ പരാമർശങ്ങളുടെ വെളിപ്പെടുത്തലാണുള്ളത്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് പദത്തിലെ 4 വർഷ കാലാവധി പൂർത്തിയാക്കി പടിയിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ജോ ബൈഡൻ. അതിനിടയിലാണ് യു എസ് പ്രസിഡന്‍റ് കാലയളവിൽ ബൈഡന്, മറ്റ് ലോക നേതാക്കളോടുള്ള ബന്ധം എങ്ങനെയായിരുന്നുവെന്ന് വിരൽ ചൂണ്ടുന്ന 'വാർ' എന്ന പുസ്തകം വലിയ ചർച്ചയാകുന്നത്. ബെഞ്ചമിൻ നെതന്യാഹു മുതൽ വ്‌ളാഡിമിർ പുടിൻ വരെയുള്ള ലോക നേതാക്കളുമായുള്ള ഇടപെടലുകളുടെയും തിരശ്ശീലയ്ക്ക് പിന്നിൽ നടന്ന കാര്യങ്ങളുടെയും വെളിപ്പെടുത്തൽ എന്ന നിലയിലാണ് 'വാർ' പുറത്തുവന്നിരിക്കുന്നത്. അമേരിക്കയിലെ പ്രശസ്ത മാധ്യമപ്രവർത്തകൻ ബോബ് വുഡ്‍വാർഡിന്റെ പുതിയ പുസ്തകമായ 'വാറി'ൽ, അമേരിക്കൻ പ്രസിഡന്‍റ് കാലയളവിൽ ജോ ബൈഡൻ സഹായികളും മറ്റുള്ളവരുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലെ പരാമർശങ്ങളുടെ വെളിപ്പെടുത്തലാണുള്ളത്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിനെയും മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെയും കുറിച്ചുള്ള ബൈഡന്‍റെ നിരവധി പരാമർശങ്ങൾ അടങ്ങുന്നതാണ് പുസ്തകം. ഇസ്രയേൽ പ്രധാനമന്ത്രിയുമായുള്ള അവിശ്വാസവും അസ്വാരസ്യവും പരസ്യമാക്കുന്ന നിരവധി വെളിപ്പെടുത്തലുകളാണ് പുസ്തകത്തിലുള്ളത്. പുസ്തകത്തിന്‍റെ ഒരു ഭാഗത്ത് നെതന്യാഹുവിനെതിരെ ബൈഡൻ നടത്തിയ കടുത്ത ആരോപണങ്ങളെ കുറിച്ചാണ് വെളിപ്പെടുത്തിയിട്ടുള്ളത്. നെതന്യാഹുവിനെ 'സൺ ഓഫ് എ ബിച്ച്' എന്നും പെരുംനുണയനെന്നും തന്റെ സഹായിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിനിടെ ബൈഡൻ വിശേഷിപ്പിച്ചിട്ടുണ്ടെന്നാണ് പുസ്തകം വെളിപ്പെടുത്തുന്നത്. ഇസ്രയേൽ ഗാസയിൽ ആക്രമണം തുടങ്ങിയപ്പോളാണ് ബൈഡൻ, നെതന്യാഹുവിനെ ഇങ്ങനെ വിശേഷിപ്പിച്ചതെന്നും 'വാർ' പറയുന്നു. നെതന്യാഹുവിന് വേണ്ടി പ്രവർത്തിക്കുന്ന 19 ൽ 18 സഹായികളും പെരുംനുണയൻമാരാണെന്നും ബൈഡൻ പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തലുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിനെ ബൈഡന് തീരെ ഇഷ്ടമായിരുന്നില്ലെന്നും പുസ്തകം വ്യക്തമാകുന്നുണ്ട്. പുടിനെ വൃത്തികെട്ട മനുഷ്യനെന്നും പിശാചെന്നും ബൈഡന്‍റെ അഭിപ്രായപ്പെട്ടിരുന്നുവെന്നാണ് 'വാർ' വിവരിക്കുന്നത്. യുക്രെയ്നിൽ ആക്രമണം തുടങ്ങിയ റഷ്യൻ നടപടിക്ക് പിന്നാലെ ഉപദേഷ്ടാക്കളുമായി നടത്തിയ ചർച്ചയിൽ പുടിനെതിരെ ബൈഡൻ രൂക്ഷമായ അധിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നും പുസ്തകത്തിലുണ്ട്.
അതേസമയം ബൈഡനെ കുറിച്ചുള്ള വെളിപ്പെടുത്തൽ നിഷേധിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി എമിലി സിമൺസാണ് 'വാറി'ലെ ആരോപണങ്ങൾ നിഷേധിച്ച് വാർത്താക്കുറിപ്പിറക്കിയത്. ബൈഡനും നെതന്യാഹുവും തമ്മിൽ ദീർഘകാലത്തെ സൗഹൃദമുണ്ടെന്നും വളരെ വിശ്വസ്തവും ഗാഢവുമായ ബന്ധമാണ് ഇരുവരും തമ്മിലുള്ളതെന്നും വൈറ്റ് ഹൗസ് വിവരിച്ചിട്ടുണ്ട്.
മുൻ അമേരിക്കൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇത്തവണത്തെ സ്ഥാനാർഥിയുമായി ഡോണൾഡ് ട്രംപും പുടിനും തമ്മിലുള്ള രഹസ്യ ഇടപാടുകളെ കുറിച്ചുള്ള വെളിപ്പെടുത്തലുകളോടെയാണ് 'വാർ' ആഗോളതലത്തിൽ ആദ്യം ശ്രദ്ധനേടിയത്. കൊവിഡ് കാലത്ത് പുടിനു വേണ്ടി ട്രംപ് രഹസ്യമായി പരിശോധനാ ഉപകരണങ്ങൾ അയച്ചെന്ന് പുസ്തകത്തിൽ വെളിപ്പെടുത്തലുണ്ടായിരുന്നു. ഇക്കാര്യം രഹസ്യമായിരിക്കണമെന്ന് ട്രംപിനോട് പുടിൻ നിർദേശിച്ചിരുന്നു എന്നും പുസ്തകത്തിൽ വെളിപ്പെടുത്തിയിരുന്നു. പ്രസിഡന്റ് കാലാവധി കഴിഞ്ഞ ശേഷവും ട്രംപ് ഇടയ്ക്കിടെ പുടിനുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു. ട്രംപിന്‍റെ സഹായിയെ ഉദ്ധരിച്ചുള്ള ബോബ് വുഡ്‌വാർഡിന്‍റെ 'വാറി'ലെ ആരോപണങ്ങൾ ട്രംപ് നിഷേധിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം