Asianet News MalayalamAsianet News Malayalam

'പാക്കറ്റ് ന്യൂഡിൽസ്, കുട, ടെന്റുമായി അതിജീവനം', കൊടുങ്കാറ്റിനിടെ ലൈക്ക് വാരിക്കൂട്ടാൻ ഇൻഫ്ലുവൻസർമാർ, വിമർശനം

ലക്ഷക്കണക്കിന് പേർ കൊടുങ്കാറ്റിൽ സാരമായി ബാധിക്കപ്പെടുമ്പോൾ വൈറൽ വീഡിയോകളുമായി ലൈക്ക് വാരിക്കൂട്ടാനുള്ള ഇൻഫ്ലുവൻസർ വീഡിയോകൾക്ക് രൂക്ഷ വിമർശനം

social media influencers criticized Milton hurricane survival hacks
Author
First Published Oct 12, 2024, 11:37 AM IST | Last Updated Oct 12, 2024, 11:37 AM IST

ഫ്ലോറിഡ: വീശിയടിക്കുന്ന കൊടുങ്കാറ്റിനിടയിൽ വൈറലാകാൻ ഇൻഫ്ലുവൻസർമാരുടെ സാഹസം. ലൈക്കും ഷെയറും കൂടിയെങ്കിലും രൂക്ഷമായ വിമർശനമാണ് അമേരിക്കയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ നേരിടുന്നത്. വീശിയടിക്കുന്ന കൊടുങ്കാറ്റിൽ സെൽഫി സ്റ്റിക്കും കുടയും ടെൻറുമൊക്കെയായാണ് ഇത്തരക്കാരുടെ സാഹസം. ആയിരക്കണക്കിന് പേരെ മിൽട്ടൺ കൊടുങ്കാറ്റിന് പിന്നാലെ സുരക്ഷിത മേഖലയിലേക്ക് മാറ്റാനും പലയിടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനുമായി സൈന്യം അടക്കമുള്ള രക്ഷാ പ്രവർത്തകർ അഹോരാത്രം ജോലി ചെയ്യുന്നതിനിടയിലാണ് ഇൻഫ്ലുവൻസർമാരുടെ കൊടുങ്കാറ്റ് ചിത്രീകരണം. ഇത്തരം വീഡിയോകൾ പ്രസിദ്ധീകരിക്കുന്ന പ്ലാറ്റ്ഫോമുകൾ നിയന്ത്രണം വരുത്തണമെന്നാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമാവുന്ന വിമർശനം. 

ഒരു പാക്കറ്റ് ന്യൂഡിൽസും ഒരു കുടയും ടെന്റുമായാണ് ഇത്തരത്തിൽ കൊടുങ്കാറ്റ് അതിജീവന വീഡിയോകൾ പുറത്തിറക്കിയ ഇൻഫ്ലുവൻസറിലൊരാളായ മൈക്ക് സ്മാൾസ് ജൂനിയർ രൂക്ഷമായ വിമർശനമാണ് നേരിടുന്നത്. കിക്ക് എന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമിലാണ് മൈക്കിന്റെ വീഡിയോകൾ പുറത്ത് വിട്ടിട്ടുള്ളത്. എക്സിൽ അടക്കം ഇയാളുടെ വീഡിയോകൾ ആളുകൾ പങ്കുവയ്ക്കുന്നുണ്ട്. ഇത്തരക്കാർ അവഗണിക്കുന്നത് സ്വയം രക്ഷ മാത്രമല്ലെന്നും രക്ഷാപ്രവർത്തകർക്ക് ഇരട്ടി ജോലിയാണ് സൃഷ്ടിക്കുന്നത്. അവശ്യ സേവനം ലഭ്യമായവർക്ക് എത്തിക്കുന്നതിന് കാലതാമസം നേരിടാൻ ഇത്തരം കൊടുങ്കാറ്റ് ചിത്രീകരണം കാരണമാകുന്നുവെന്നുമാണ് ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ പൊലീസ് പ്രതികരിക്കുന്നത്. 

കാറ്റഗറി 5 ലുള്ള കൊടുങ്കാറ്റായി മിൽട്ടൺ ശക്തി പ്രാപിച്ചതിന് ഇടയിലാണ് ഇത്തരം സാഹസിക ഇൻഫ്ലുവൻസർ വീഡിയോകൾ വൈറലാവുന്നത്. ഇതിനോടകം ഫ്ലോറിഡയിൽ 16 പേരാണ് മിൽട്ടൺ കൊടുങ്കാറ്റിൽ കൊല്ലപ്പെട്ടിട്ടുള്ളത്. ലക്ഷക്കണക്കിന് ആളുകൾ വൈദ്യുതി അടക്കമുള്ള പ്രാഥമിക ആവശ്യങ്ങളും ലഭിക്കാത്ത സാഹചര്യത്തിലാണ് കഴിയുന്നത്. ഫ്ലോറിഡയെ തകർത്തെറിഞ്ഞ ചുഴലിക്കാറ്റിൽ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. 30 ലക്ഷം വീടുകളിൽ വൈദ്യുതി നഷ്ടപ്പെട്ടിരുന്നു 16 ലക്ഷം പേർക്ക് വൈദ്യുതി പുനഃസ്ഥാപിച്ചു. മിൽട്ടൺ ചുഴലിക്കാറ്റ് തീരം വിട്ടെങ്കിലും ഫ്ലോറിഡയിലെ ചില ഇടങ്ങളിൽ കനത്ത മഴ തുടരുന്നുണ്ട്. 

'നൂറ്റാണ്ടിലെ ഭീതി'യെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ചുഴലിക്കാറ്റിനെ വിശേഷിപ്പിച്ചത്. ഒക്ടോബർ 10ന് പ്രാദേശിക സമയം രാത്രി എട്ടരയോടെയായിരുന്നു കൊടുങ്കാറ്റ് ഫ്ലോറിഡയിലെത്തിയത്. മില്‍ട്ടണ്‍ കരതൊട്ടതിന് തൊട്ടുപിന്നാലെ ഫ്ലോറിഡയില്‍ മിന്നല്‍ പ്രളയമുണ്ടായി. റ്റാമ്പ, സെന്റ്. പീറ്റേഴ്‌സ്ബർഗ്, ക്ലിയർവാട്ടർ എന്നീ മേഖലകൾ വെള്ളപ്പൊക്കത്തിൽ മുങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios