രക്ഷപ്പെടാൻ മരിച്ചതായി അഭിനയിച്ചു, രക്തം പടർത്തി, ടെക്സസ് വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ട കുട്ടികൾ പറയുന്നു
അക്രമിയിൽ നിന്ന് രക്ഷപ്പെടാൻ തങ്ങൾ മരിച്ചതായി അഭിനയിച്ചുവെന്ന് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടികൾ പറഞ്ഞു. മരിച്ചതായി തോന്നാൻ ഒരു സുഹൃത്തിന്റെ രക്തം ശരീരത്തിൽ പുരട്ടിയെന്ന് 11 കാരിയായ മിയ സെറില്ലോ സിഎൻഎന്നിനോട് പറഞ്ഞു.
ടെക്സസ്: ടെക്സസിലെ വെടിവെപ്പിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെയും ലോകം മുക്തമായിട്ടില്ല. ഇതിനിടെ വെടിവെപ്പിന്റെ കൂടുതൽ അമേരിക്കയിൽ നിന്ന് പുറത്തുവരുന്നുണ്ട്. ആ ഭീകര ദിവസം തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നാണ് സ്കൂളിലെ വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ട അധ്യാപകരിലൊരാൾ എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
പേര് വെളിപ്പെടുത്താത്ത ആ അധ്യാപിക തന്റെ ക്ലാസിനെ വിദ്യാർത്ഥികളെ അതിസാഹസികമായാണ് മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. തന്റെ ജീവിതത്തിലെ ഭീദിതമായ 35 മിനുട്ടായിരുന്നു അതെന്നാണ് അവർ പറഞ്ഞത്. തൊട്ടടുത്ത ക്ലാസ്മുറികളിൽ നിന്നുള്ള നിലവിളി കേട്ടതോടെ അവർ വാതിൽ കുറ്റിയിട്ടു. കുട്ടികളോട് ഡെസ്കിനടിയിൽ ഒളിക്കാൻ ആവശ്യപ്പെട്ടു.
അപ്പുറത്തുനിന്ന് കുട്ടികളുടെ കരച്ചിൽ കേട്ടതോടെ ചില കുട്ടികൾ വിതുമ്പി കരയാൻ തുടങ്ങി. അവർ അവരെ ആശ്വസിപ്പിച്ചു. ആ ക്ലാസിലെ കുട്ടികളെല്ലാം രക്ഷപ്പെട്ടു. എന്നാൽ റോബ്ബ് എലമെന്ററി സ്കൂളിലെ 19 കുട്ടികളാണ് സാൽവദോർ എന്ന 18 കാരന്റെ തോക്കിനിരയായി കൊല്ലപ്പെട്ടത്.
കൊലയാളിയുടെ മുന്നിൽപ്പെട്ട 10 വയസ്സുകാരനായ സാമുവൽ ആ നിമിഷം എബിസി ന്യൂസിനോട് വെളിപ്പെടുത്തി. അവന്റെ ക്ലാസിലെ കുട്ടികളിൽ പലരും കൊല്ലപ്പെട്ടു. നിങ്ങളെല്ലാവരും മരിക്കാൻ പോകുന്നുവെന്നാണ് വെടിവെയ്ക്കുന്നതിന് മുന്നെ അയാൾ തങ്ങളോട് പറഞ്ഞതെന്ന് സാമുവൽ ഓർത്തു. അയാൾ ആദ്യം ഞങ്ങളുടെ ടീച്ചറെ കൊന്നു. പിന്നെ ഞങ്ങൾ കുട്ടികൾക്ക് നേരെ വെടിയുതിർത്തു. എനിക്ക് നേരെയും അയാൾ തോക്കുചൂണ്ടിയിരുന്നു. വെടിവെപ്പിൽ കാലിന് പരിക്കേറ്റ സാമുവൽ പറഞ്ഞു.
അക്രമിയിൽ നിന്ന് രക്ഷപ്പെടാൻ തങ്ങൾ മരിച്ചതായി അഭിനയിച്ചുവെന്ന് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടികൾ പറഞ്ഞു. മരിച്ചതായി തോന്നാൻ ഒരു സുഹൃത്തിന്റെ രക്തം ശരീരത്തിൽ പുരട്ടിയെന്ന് 11 കാരിയായ മിയ സെറില്ലോ സിഎൻഎന്നിനോട് പറഞ്ഞു.