സൈനിക പിന്മാറ്റത്തിന് ധാരണയായതിന് പിന്നാലെ മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച നാളെ; 5 വർഷത്തിനിടെ ആദ്യം
2019-ൽ മഹാബലിപുരത്താണ് മോദിയും ഷി ജിൻപിങും തമ്മിൽ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
കസാൻ: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുകയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ചയാണ് മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച്ചയ്ക്ക് വേദിയൊരുങ്ങുക. അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് ഇരുനേതാക്കളും തമ്മിൽ ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്.
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ പട്രോളിംഗ് പുന:രാരംഭിക്കാന്‍ തീരുമാനമായതിന് പിന്നാലെയാണ് മോദിയും ഷി ജിൻപിങും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് എന്നതാണ് ശ്രദ്ധേയം. 2019 ഒക്ടോബറിൽ മഹാബലിപുരത്താണ് മോദിയും ഷി ജിൻപിങും തമ്മിൽ അവസാനമായി കൂടിക്കാഴ്ച നടന്നത്. 2020ല്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. അതിർത്തിയിൽ സമാധാനം നിലനിൽക്കാതെ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്നതായിരുന്നു ഇന്ത്യയുടെ നിലപാട്.
അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ക്ഷണപ്രകാരമാണ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി റഷ്യയിലെത്തിയത്. ഈ വർഷം ഇത് രണ്ടാം തവണയാണ് മോദി റഷ്യ സന്ദർശിക്കുന്നത്. നേരത്തെ, 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മോദി റഷ്യയിലെത്തിരുന്നു. ആഗോള വികസനത്തിനും സുരക്ഷയ്ക്കും ബഹുസ്വരതയെ ശക്തിപ്പെടുത്തുക എന്നതാണ് ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയുടെ പ്രമേയം.
READ MORE: 'എനിക്ക് തോന്നുന്നത് താങ്കൾക്ക് പരിഭാഷ...'; പുടിന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിച്ച് മോദി, വീഡിയോ