വീൽ ചെയ‌ർ നൽകിയില്ല, വിമാനത്തിനുള്ളിൽ ഇഴഞ്ഞ് വാഷ്റൂമിൽ പോകേണ്ട അവസ്ഥ വിവരിച്ച് യാത്രക്കാരൻ; കമ്പനിക്ക് വിമർശനം

ജീവനക്കാർ പലവട്ടം ക്ഷമ ചോദിച്ചു. അവർ നിസഹായരായിരുന്നു. അവരുടെ കുറ്റം കൊണ്ടല്ല, വിമാന കമ്പനിയുടെ നയമാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം കുറിച്ചു.

passenger had to crawl to washroom inside flight as the airline denied wheelchair to disabled journalist

വാർസോ: വിമാനത്തിൽ വാഷ്റൂമിൽ പോകാൻ വീൽ ചെയർ നൽകാത്തതിനെ തുടർന്ന് നിലത്തുകൂടി ഇഴഞ്ഞു പോകേണ്ടി വന്ന അവസ്ഥ വിവരിച്ച് ഭിന്നശേഷിക്കാരനായ ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ. 2004ലെ യുദ്ധ റിപ്പോർട്ടിങിനിടെ കാലുകൾ നഷ്ടമായ ബിബിസി ലേഖകൻ ഫ്രാങ്ക് ഗാർനറാണ് എക്സിലൂടെ തന്റെ അനുഭവം വിവരിച്ചത്. LOT പോളിഷ് എയർലൈൻസ് വിമാനത്തിൽ പോളണ്ടിന്റെ തലസ്ഥാനമായ വാർസോയിൽ നിന്ന് യാത്ര ചെയ്യവെയാണ് അദ്ദേഹത്തിന് ഈ ദുരവസ്ഥയുണ്ടായത്.

ഭിന്നശേഷിക്കാരോട് ക്രൂരമായ സമീപനം സ്വീകരിച്ച വിമാനക്കമ്പനിയുടെ നടപടിയിൽ രൂക്ഷമായ പ്രതികരണമാണ് എക്സിൽ പിന്നാലെ ഉണ്ടായത്. അതേസമയം വിമാനത്തിലെ ജീവനക്കാർ തന്നെ പരമാവധി സഹായിച്ചെന്നും തന്നോട് ക്ഷമാപണം നടത്തിയെന്നും വിശദീകരിച്ച അദ്ദേഹം, ഇത് ജീവനക്കാരുടെ പ്രശ്നം കൊണ്ടല്ല മറിച്ച് വിമാനക്കമ്പനിയുടെ നയം കാരണമാണ് സംഭവിച്ചതെന്നും പോസ്റ്റിൽ പറയുന്നു.

യാത്രയ്ക്കിടെ ഫ്രാങ്കിന് വാഷ്റൂമിൽ പോകേണ്ടിവന്നപ്പോൾ വീൽ ചെയർ ചോദിച്ചു. അപ്പോഴാണ് വിമാനത്തിനകത്ത് വീൽ ചെയർ അനുവദിക്കില്ലെന്ന് അവർ അറിയിച്ചത്. ഇതോടെ മറ്റ് വഴിയില്ലാതെ നിലത്തുകൂടി ഇഴഞ്ഞ് അദ്ദേഹത്തിന് വാഷ്റൂമിലേക്ക് പോകേണ്ടി വന്നു. 2024 ആയിട്ടും ഒരു ഭിന്നശേഷിക്കാരന് വിമാനത്തിൽ നിലത്തുകൂടി ഇഴഞ്ഞ് നീങ്ങേണ്ടി വന്ന അവസ്ഥ LOT പോളിഷ് എയർലൈൻ ഭിന്നശേഷിക്കാരോട് കാണിക്കുന്ന സമീപത്തിന്റെ അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്തിനകത്ത് വീൽ ചെയറുകളില്ലെന്നും അത് തങ്ങളുടെ കമ്പനി പോളിസിയാണെന്നും ജീവനക്കാർ അറിയിച്ചു. നടക്കാൻ കഴിയാത്തവരോടുള്ള വിവേചമാണിതെന്നും അദ്ദേഹം പറഞ്ഞു. 

ജീവനക്കാർ ഏറെ സഹായിച്ചു. ഈ അവസ്ഥയ്ക്ക് അവർ പലവട്ടം ക്ഷമാപണം നടത്തി. അവരുടെ കുറ്റമല്ല, മറിച്ച് കമ്പനിയാണ് ഈ നയത്തിന് ഉത്തരവാദി. 21-ാം നൂറ്റാണ്ടിന്റെ ഭാഗമാവാൻ തയ്യാറവാത്ത LOT കമ്പനിയുടെ വിമാനത്തിൽ ഇനി താൻ യാത്ര ചെയ്യില്ലെന്നും അദ്ദേഹം കുറിച്ചു. അതേസമയം എക്സിൽ പോസ്റ്റിന് കീഴെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. അപമാനകരമായ നിലപാടാണ് കമ്പനി സ്വീകരിച്ചതെന്നും ഈ കാലത്തും ഭിന്നശേഷിക്കാരോട് ഇങ്ങനെ പ്രവർത്തിക്കുന്ന വിമാന കമ്പനികളുണ്ടെന്നത് ആശ്ചചര്യജനകമാണെന്നും പലരും പറയുന്നു. കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ചിലർ പങ്കുവെച്ചു. വിമാനത്തിൽ മടക്കിവെയ്ക്കാവുന്ന ഒരു വീൽ ചെയർ വെയ്ക്കുന്നത് ഇത്ര വലിയ കാര്യമാണോ എന്നും എന്തെങ്കിലും അത്യാഹിതം സംഭവിച്ച് ആളുകളെ ഒഴിപ്പിക്കേണ്ടി വന്നാൽ എന്ത് ചെയ്യുമെന്നും പലരും ചോദിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios