കരീബിയൻ ദ്വീപിനെ കറുത്ത പാടയിലാക്കി 'ഗൾഫ് സ്ട്രീം', തീരത്ത് അശാന്തി പടർത്തി അജ്ഞാത കപ്പൽ
തലകീഴായി മറിഞ്ഞ നിലയിലാണ് കപ്പൽ കിടക്കുന്നത്. കപ്പലിനുള്ളിലുള്ളത് എന്താണെന്നോ കപ്പൽ ആരുടേതാണെന്നോ എവിടെ നിന്നാണ് വരുന്നതെന്നുമോ ഉള്ള വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.
പോർട്ട് ഓഫ് സ്പെയിൻ: കരീബിയൻ തീരദേശ രാജ്യമായ ട്രിനിഡാഡ് ആൻഡ് ടുബാഗോ തീരത്തടിഞ്ഞ അജ്ഞാത കപ്പലിൽ നിന്ന് വലിയ രീതിയിൽ എണ്ണച്ചോർച്ച. വിനോദ സഞ്ചാര മേഖല പ്രധാന വരുമാനമാർഗമായ രാജ്യം വൻ ദുരന്തമൊഴിവാക്കാനുള്ള കഠിന പ്രയത്നത്തിൽ. ബുധനാഴ്ചയോടെയാണ് അജ്ഞാത കപ്പൽ ട്രിനിഡാഡ് ആൻഡ് ടുബാഗോ തീരത്തേക്ക് എത്തിയത്. പിന്നാലെ തന്നെ പ്രദേശത്ത് വലിയ രീതിയിൽ എണ്ണ ചോർച്ച ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ബീച്ചുകളിലേക്ക് അടക്കം എണ്ണ എത്തുകയും ചെയ്തതോടെയാണ് രാജ്യം ദേശീയ എമർജൻസി പ്രഖ്യാപിച്ചത്. തീരത്തേക്ക് എത്തിയ തകർന്ന കപ്പലിൽ ക്രൂ അടക്കം ആരും തന്നെയില്ല. ഇതിനാൽ തന്നെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും കടൽ കൊള്ളയ്ക്കും ഉപയോഗിച്ചിരുന്ന കപ്പലാണ് ഇതെന്നാണ് സംശയിക്കുന്നത്. തീരമേഖലയിൽ നിന്ന് പത്ത് മൈൽ ദൂരത്തോളമാണ് എണ്ണ ചോർന്നിട്ടുള്ളത്. എണ്ണ നീക്കം ചെയ്ത് വെള്ളം ശുദ്ധമാക്കാനുള്ള ശ്രമങ്ങളാണ് ഭരണകൂടം ഊർജ്ജിതമാക്കിയിരിക്കുന്നത്.
കപ്പലിൽ നിന്നുള്ള എണ്ണ ചോർച്ച തടയാനുള്ള ശ്രമങ്ങളും അധികൃതർ നടത്തുന്നുണ്ട്. തീരമേഖലയിലെ വീടുകളിൽ നിന്ന് ആളുകളോട് മാറി താമസിക്കാനും മാസ്കുകൾ ധരിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. തലകീഴായി മറിഞ്ഞ നിലയിലാണ് കപ്പൽ കിടക്കുന്നത്. കപ്പലിനുള്ളിലുള്ളത് എന്താണെന്നോ കപ്പൽ ആരുടേതാണെന്നോ എവിടെ നിന്നാണ് വരുന്നതെന്നുമോ ഉള്ള വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.
കപ്പലിന്റെ വശങ്ങളിലായി ഗൾഫ്സ്ട്രീം എന്നെഴുതിയത് ഇതിനോടകം മുങ്ങൽ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. ഈ കപ്പലിനെ കെട്ടി വലിച്ചുകൊണ്ടിരുന്ന വലിയൊരു വടവും മുങ്ങൽ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. 330 അടി നീളമാണ് അജ്ഞാത കപ്പലിനുള്ളത്. കപ്പലിന്റെ നിരവധി ചിത്രങ്ങളാണ് ദ്വീപിലെ എമർജൻസി മാനേജ്മെന്റ് ഏജൻസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം